കണ്ണൂര്‍: വയസ്സ് 83 ആയെങ്കിലും പേരാവൂര്‍ കേളകം മേലേകുന്നേരിയിലെ കെ.കെ. അനന്തേട്ടന് കേസരി വാരിക ജീവിതത്തിന്റെ അഭിവാജ്യ ഘടകമാണ്. സ്വന്തം നിലയില്‍ കേസരി വാരിക വരുത്തുന്ന ഇദ്ദേഹം എല്ലാ ആഴ്ചയിലും കേസരി പോസ്റ്റലായി വരുന്നതും കാത്തിരിക്കും. തുടര്‍ന്ന് കയ്യില്‍ കിട്ടിയാല്‍ ഒരു വരിയൊഴിയാതെ വായിച്ചു തീര്‍ക്കും. എന്നാല്‍ ഇതുമാത്രം കൊണ്ട് കേസരി വാരികയോടുളള തന്റെ പ്രതിപത്തി അവസാനിക്കുന്നില്ല.
നേരത്തെ സിപിഎം പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം കഴിഞ്ഞ മുപ്പത് വര്‍ഷക്കാലമായി കേസരി പ്രചാര മാസത്തില്‍ പ്രദേശത്തുളള ദേശസ്‌നേഹികളെ കേസരി വരിക്കാരായി ചേര്‍ത്തുവരികയാണ്. ഇത്തവണ വാരികയുടെ എഴുപതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകമാനം നടക്കുന്ന ഊര്‍ജ്ജിത പ്രചരണ പരിപാടിയില്‍ ഭാഗബാക്കായ അനന്തേട്ടന്‍ ആദ്യ ദിവസം തന്നെ പത്ത് പേരെ കേസരിയുടെ വാര്‍ഷിക വരിക്കാരായി ചേര്‍ത്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ വരിക്കാരാക്കാനുളള പ്രവര്‍ത്തനത്തിലാണ് അദ്ദേഹം.
1986 വരെ സിപിഎം ലോക്കല്‍ കമ്മറ്റിയംഗമായിരുന്ന ഇദ്ദേഹം ദേശീയ പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടനായി സംഘപരിവാര്‍ സംഘടനകളിലെത്തി. വാര്‍ദ്ധക്യത്തെ വെല്ലുവിളിക്കുന്ന ആരോഗ്യത്തോടെ എല്ലാ ദിവസവും രണ്ട് കിലോമീറ്ററിലധികം നടന്ന് കേളകം ടൗണിലെത്തി കക്ഷിരാഷ്‌ട്രീയങ്ങള്‍ക്കതീതമായി സൗഹൃദം പുലര്‍ത്തി വരുന്ന വ്യക്തിത്വമാണ് അനന്തേട്ടന്റേത്. മികച്ച കര്‍ഷകന്‍ കൂടിയായ ഇദ്ദേഹം നേരത്തെ ആര്‍എസ്എസ് കേളകം മണ്ഡലം കാര്യവാഹായിരുന്നു. നിലവില്‍ കേളകം മണ്ഡലം പ്രൗഡ പ്രമുഖാണ്.
കേളകത്തിന്റെ സാമൂഹ്യ-സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ നിറസാന്നിധ്യം കൂടിയാണ് നാട്ടുകാരുടെ പ്രിയപ്പെട്ട അനന്തേട്ടന്‍. ചിട്ടയായ ജീവിതവും കൃഷിപ്പണിയുമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അവിവാഹിതനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: