രാജാക്കാട്: ശ്രീനാരായണപുരം വിനോദ സഞ്ചാര കേന്ദ്രം തുറന്നതോടെ പ്രദേശത്ത് ഉത്സവ പ്രതീതി. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ കീഴിലുള്ള ശ്രീനാരായണപുരം റിപ്പിള് വാട്ടര്‍ഫാള്‍സ് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.
ഇതിന് സമീപത്തുള്ള ശ്രീകൈലാസ നാഥ ക്ഷേത്രവും വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രമാണ്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന വെളളച്ചാട്ടം ഏഴ് മാസത്തിന് ശേഷം ഇന്നലെയാണ് തുറന്നത്.
രാജാക്കാട് പഞ്ചായത്തില്‍പ്പെട്ട ശ്രീനാരായണപുരത്ത് മുതിരപ്പുഴയാറിന്റെ മധ്യത്തിലായാണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്തായി ആറിന്റെ തീരത്ത് ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ മുഖ്യ ആകര്‍ഷണം അടുത്തടുത്തായുള്ള അഞ്ചോളം വെള്ളച്ചാട്ടങ്ങളാണ്. ഇവ അടുത്ത് നിന്ന് കാണാനാവും.
പവലിയന്, നടപ്പാതകള്‍ തുടങ്ങിയവയെല്ലാം കൈവരികള്‍ നിര്‍മിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. ആവശ്യത്തിന് ശുചിമുറികളും വിശ്രമ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സോളാര്‍ വിളക്കുകള്‍ രാത്രിയെ പകലാക്കി മാറ്റുന്നു. കൊറോണ മാനദണ്ഡം പാലിച്ച് ഒരേ സമയം 20 പേര്‍ക്ക് മാത്രമാണ് പ്രവേശനം. സഞ്ചാരികള്‍ക്ക് വേണ്ട എല്ലാ സൗകര്യവും ഒരുക്കിയതായും മാസങ്ങള്‍ക്ക് ശേഷം പ്രദേശത്ത് പ്രതീക്ഷയുടെ കിരണങ്ങള്‍ കണ്ടു തുടങ്ങിയതായും സെന്റര്‍ മാനേജര്‍ സി.ജി. മധു ജന്മഭൂമിയോട് പറഞ്ഞു.
കെ.എസ്. പുരുഷോത്തമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: