അബുദാബി: കിങ്സ് ഇലവന് പഞ്ചാബ് ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായി. നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് 9 വിക്കറ്റിന് തോറ്റതോടെയാണ് പഞ്ചാബ് പുറത്തായത്. ചെന്നൈ നേരത്തെ പ്ലേ ഓഫില്‍ ഇടം പിടിക്കാതെ പുറത്തായിരുന്നു.
പഞ്ചാബ് മുന്നോട്ട് വച്ച 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 18.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കി. സ്കോര്‍: കിങ്സ് ഇലവന് പഞ്ചാബ് 20 ഓവറില്‍ ആറു വിക്കറ്റിന് 153, ചെന്നൈ സൂപ്പര്‍ കിങ്സ് 18.5 ഓവറില്‍ ഒരു വിക്കറ്റിന് 154. അര്‍ധ സെഞ്ചുറി കുറിച്ച് പുത്താകാതെ നിന്ന ഓപ്പണര്‍ ഋതുരാജ് ഗെയ്ക്കുവാദാണ് ചെന്നൈയുടെ വിജയശില്‍പ്പി. 49 പന്തില്‍ 6 ഫോറും ഒരു സിക്സറും ഉള്‍പ്പെടെ 62 റണ്‍സ് എടുത്തു. ഗെയ്ക്കുവാദാണ് കളിയിലെ കേമന്‍.
30 പന്തില്‍ 30 റണ്‍സ് നേടിയ അമ്പാട്ടി റായ്ഡുവും പുറത്താകാതെ നിന്നു. അഭേദ്യമായ രണ്ടാം വിക്കറ്റില്‍ ഗെയ്ക്കുവാദും റായ്ഡുവും 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഡുപ്ലെസിസും ബാറ്റിങ്ങില്‍ തിളങ്ങി. 34 പന്തില്‍ 4 ഫോറും 2 സിക്സറും അടക്കം 48 റണ്‍സ് എടുത്തു. ആദ്യ വിക്കറ്റില്‍ ഗെയ്ക്കുവാദിനൊപ്പം 82 റണ്‍സ് അടിച്ചെടുത്തു. ബാറ്റിങ്ങിനയക്കപ്പെട്ട് കിങ്സ് ഇലവന് പഞ്ചാബ് ദീപക് ഹൂഡയുടെ അര്‍ധ സെഞ്ചുറിയുടെ മികവിലാണ് 20 ഓവറില്‍ 153 റണ്‍സ് എടുത്തത്. തകര്‍ത്തടിച്ച ഹൂഡ 30 പന്തില്‍ 62 റണ്‍സുമായി അജയ്യനായി നിന്നു. 3 ഫോറും 4 സിക്സറും പൊക്കി.
ക്യാപ്റ്റന്‍ രാഹുല്‍ 27 പന്തില്‍ 3 ഫോറും ഒരു സിക്സറും സഹിതം 29 റണ്‍സ് എടുത്തു. മായങ്ക് അഗര്‍വാള്‍ 15 പന്തില്‍ 26 റണ്‍സ് നേടി. 5 ഫോറുകള്‍ ഉള്‍പ്പെട്ട ഇന്നിങ്സ്. ആദ്യ വിക്കറ്റിന് രാഹുലും അഗര്‍വാളും 48 റണ്‍സ് നേടി ഭേദപ്പെട്ട തുടക്കം സമ്മാനിച്ചെങ്കിലും മധ്യനിര തകര്‍ന്നതോടെ പഞ്ചാബിന്റെ വമ്പന്‍ സ്കോറെന്ന പ്രതീക്ഷ തകര്‍ന്നു. ചെന്നൈ സൂപ്പര്‍ കിങ്സിനായി പേസര്‍ ലുങ്കി എന്‍ഗിഡി 4 ഓവറില്‍ 39 റണ്‍സിന് 3 വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ശാര്‍ദുള്‍ താക്കുര്ഏ ഇമ്രാന് താഹിര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് എടുത്തു.
ചെന്നൈയ്ക്ക് ശേഷം ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമാണ് കിങ്സ് ഇലവന് പഞ്ചാബ്. ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കിങ്സ് ഇലവന് പഞ്ചാബിന് 14 മത്സരങ്ങളില്‍ 12 പോയിന്റ് ലഭിച്ചു. ചെന്നൈ സൂപ്പര്‍ കിങ്സും 14 മത്സരങ്ങളില്‍ 12 പോയിന്റ് കിട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: