കൊല്ലം: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കൊല്ലം കോര്‍പ്പറേഷനില്‍ വന്മുന്നേറ്റത്തിനുള്ള ഒരുക്കത്തിലാണ് ബിജെപി. കോര്പ്പറേഷന് രൂപീകരിച്ചതുമുതല്‍ ഭരിക്കുന്ന ഇടതുപക്ഷം വീണ്ടും അധികാരം നിലനിര്‍ത്തുമെന്നാണ് പ്രചാരണം. രണ്ട് പതിറ്റാണ്ടുനീളുന്ന ഇടതുമുന്നണിയുടെ ഭരണത്തിനെതിരെ ശക്തമായ സമരങ്ങള്‍ ഉയര്ത്തിക്കൊണ്ടുവരാനാകാത്ത യുഡിഎഫ് ആകട്ടെ ഇടതുവിരുദ്ധ തരംഗമുണ്ടായാല്‍ ഭരണത്തിലെത്താമെന്ന പ്രതീക്ഷയിലാണ്.
2000ലാണ് കോര്പ്പറേഷന് നിലവില്‍വന്നത്. അതിനുമുമ്പ് മുനിസിപ്പാലിറ്റിയായിരുന്നു. നിലവില്‍വന്ന വര്‍ഷം മുതല്‍ ഇടതുപക്ഷമാണ് ഭരണം കൈയാളുന്നത്. എല്‍ഡിഎഫില്‍ സിപിഎമ്മിന് 26 സീറ്റും സിപിഐക്ക് 11 സീറ്റും ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തിന് ഒരു സീറ്റുമാണ് ഉള്ളത്. യുഡിഎഫില്‍ കോണ്‍ഗ്രസിന് 11ഉം ആര്‍എസ്പിക്ക് നാലും സീറ്റുണ്ട്. രണ്ട് ബിജെപി പ്രതിനിധികളുണ്ട്. തേവള്ളി, തിരുമുല്ലവാരം ഡിവിഷനുകളെയാണ് ഇവര്‍ പ്രതിനിധീകരിക്കുന്നത്. ചാത്തിനാംകുളം പ്രതിനിധിയായി എസ്ഡിപിഐയുമുണ്ട്.
അഴിമതിയുടെ കൂത്തരങ്ങായിട്ടും വീണ്ടും വീണ്ടും അധികാരത്തിലെത്തുന്ന ഇടതുമുന്നണി കോര്‍പ്പറേഷനിലെ പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ പരാജയമാണ് വെളിപ്പെടുത്തുന്നത്. നിലവില്‍ എ.കെ. ഹഫീസ് ആണ് കോണ്‍ഗ്രസ് ലീഡര്‍. നിരവധി ആരോപണങ്ങള്‍ ഭരണപക്ഷത്തിനെതിരെ ഉയര്‍ന്നിട്ടും ശക്തമായ സമരങ്ങള്‍ ഉണ്ടാകാത്തത് തന്നെയാണ് ഭരണപക്ഷത്തിന് സഹായകമായത്.
കുടിവെള്ളക്ഷാമം, മാലിന്യനിക്ഷേപം, തെരുവുവിളക്ക് പരിപാലനമില്ലായ്മ, റോഡുകളുടെ ദുര്‍ഗതി, തെരുവുനായ ശല്യം, ഓടകളുടെ തകര്‍ച്ച, റോഡുകളുടെ ദുഃസ്ഥിതി, വെള്ളക്കെട്ട് എന്നിവയെല്ലാമാണ് മിക്ക ഡിവിഷനിലെയും പ്രധാനപ്രശ്നങ്ങള്‍. കൗണ്‍സിലില്‍ വിഷയങ്ങള്‍ ചര്‍ച്ചയ്ക്കെടുക്കുമ്പോള്‍ തന്നെ പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം പരിഹാസശരം തൊടുത്തുവിടുകയും വ്യക്തിപരമായി ആക്ഷേപം നടത്തുകയും ചെയ്യുന്നു. മേയറും ഡെപ്യൂട്ടി മേയറും ഇതിന് മൗനാനുവാദം നല്കുന്നു. ഇത് കാരണം പ്രതിപക്ഷാംഗങ്ങള്‍ മിക്കപ്പോഴും നിശബ്ദരാകുകയും ചെയ്യുന്നു.
ബിജെപിയാണ് ഇടതുഭരണത്തിനെതിരെ അഞ്ചുവര്‍ഷമായി പോരാട്ടപാതയിലുള്ളത്. കുരീപ്പുഴയില്‍ ചണ്ടിഡിപ്പോ തുറക്കാനുള്ള നീക്കങ്ങളെ ശക്തമായി ചെറുക്കാനും അകത്തും പുറത്തും ബിജെപി മാത്രമാണ് ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പില്‍ പകുതിയിലേറെ ഡിവിഷനുകളില്‍ വിജയം കൊയ്യാനുള്ള കഠിനശ്രമത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: