കുന്നത്തൂര്‍: പടിഞ്ഞാറേകല്ലട കടപുഴയിലെ ഉപരികുന്ന് ഇടിച്ചു നിരത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഹൈവേവികസനത്തിന്റെ പേരുപറഞ്ഞാണ് ജൈവവൈവിധ്യത്തിന്റെയും പ്രകൃതിഭംഗിയുടെയും കലവറയായ ഉപരികുന്ന് ഇടിച്ചുനിരത്താന്‍ നീക്കം നടക്കുന്നത്.
കൊല്ലം-തേനി ദേശീയപാതയില്‍ കല്ലടയാറിന്റെ തീരത്ത് ശാസ്താംകോട്ട-പടിഞ്ഞാറേകല്ലട പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് ഉപരികുന്ന് സ്ഥിതി ചെയ്യുന്നത്. എഴുപത് അടിയോളം ഉയരത്തിലുള്ള കുന്ന് അശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കൊണ്ടും സംരക്ഷണമില്ലായ്മ കൊണ്ടും തകര്‍ച്ച നേരിടുകയാണ്. അതിന് ആക്കം കൂട്ടുന്ന തരത്തിലാണ് റോഡിന് വീതി വര്‍ധിപ്പിക്കാനെന്ന പേരില്‍ കുന്നിടിക്കാനുള്ള നീക്കവും പുരോഗമിക്കുന്നത്.
കോവൂര്‍ കുഞ്ഞുമോന് എംഎല്‍എയുടെ നേതൃത്വത്തില്‍ വാര്‍ഡ് മെംബറും ദേശീയപാതാവിഭാഗം, റവന്യൂ ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ മാത്രമാണ് നാട്ടുകാരും വിവരം അറിയുന്നത്. കുന്നിന്റെ ഒരു വശം ഇടിക്കാന്‍ തീരുമാനമെടുത്തതായും ദിവസങ്ങള്‍ക്കുള്ളില്‍ കുന്നിടിച്ചു നീക്കുന്ന പ്രവൃത്തിആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തകര്‍ക്കുന്നത് പ്രവേശനകവാടം
പടിഞ്ഞാറെ കല്ലട പഞ്ചായത്തിന്റെ പ്രവേശന കവാടമാണ് ഉപരികുന്ന്. ഉപരികുന്നം മഹാവിഷ്ണുസ്വാമി ക്ഷേത്രം നിലനില്‍ക്കുന്ന പവിത്രമായ ഈ പ്രദേശത്തെ സംരക്ഷിക്കാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവഹേളിക്കുന്നുവെന്നാണ് പരാതി. കുന്നിന്റെ ഏറ്റവും മുകളിലെ ക്ഷേത്രത്തിനും മണ്ണിടിച്ചില്‍ കൊണ്ട് ഭാവിയില്‍ നാശം സംഭവിക്കും.
പടിഞ്ഞാറെകല്ലടയെ നിലനിര്‍ത്തിയിരുന്ന കണത്താര്‍ കുന്നം, വലിയപാടം, വിളന്തറ കുന്നുകള്‍ രൂക്ഷമായ മണ്ണ് ഖനനം കാരണം അപ്രത്യക്ഷമായി. അവശേഷിക്കുന്ന ഒരു കുന്നിനും മരണമണി മുഴക്കുകയാണ് സര്‍ക്കാര്‍. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലും ഡി. വിനയചന്ദന്റെ ഉപരികുന്ന് എന്ന് കൃതിയിലൂടെയും പ്രതിപാദിക്കപ്പെട്ട ഈ കുന്ന് ജില്ലയുടെ തന്നെ അഭിമാനപ്രതീകമാണ്.
ശക്തമായി നേരിടും: ബിജെപി
എതിര്‍ക്കുന്നവരെ വികസന വിരോധികള്‍ എന്ന് ഒറ്റപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ഉപരികുന്ന് ഇടിച്ചുനിരത്തുകയാണ് ലക്ഷ്യമെന്ന് ബിജെപി പഞ്ചായത്ത് സമിതി കുറ്റപ്പെടുത്തി.
സംസ്ഥാന നേതൃത്വത്തെ സ്ഥലത്തെത്തിച്ച് ശക്തമായ സമരം വരും ദിവസങ്ങളില്‍ സംഘടിപ്പിക്കുമെന്ന് പടിഞ്ഞാറേകല്ലട പഞ്ചായത്ത് സമിതി പ്രസിഡന്റ് സജീവ്, ജനറല്‍ സെക്രട്ടറി അജി, സെക്രട്ടറി ധനേഷ് പുളിന്താനം എന്നിവര്‍ അറിയിച്ചു.
പ്രതിഷേധവുമായി നാട്ടുകാര്‍
റോഡിന്റെ മറുവശത്തുള്ള പുറമ്പോക്ക് ഭൂമി റോഡിനായി എടുക്കാതെ കുന്നിടിക്കാനുള്ള നീക്കം സംശയാസ്പദമാണെന്ന് നാട്ടുകാര്‍ പറയുന്നു. വികസനത്തിന്റെ മറവില്‍ കോടിക്കണക്കിന് രൂപയുടെ മണ്ണ് ഖനനം നടത്താനുള്ള ആസൂത്രിത മാര്‍ഗമാണ് ഇതെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: