സുമംഗലികള്‍ ഭര്‍ത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനും വിവാഹപ്രായമെത്തിയ പെണ്‍കുട്ടികള്‍ നല്ല വരനെ കിട്ടാനും ഗൗരീ (പാര്‍വതീദേവി) പ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതവും പൂജയുമാണ് അട്ല തദ്ദി. തെലുങ്കരുടെ പരമ്പരാഗത ആഘോഷങ്ങളില്‍ സുപ്രധാനം.
അട്ലയെന്നാല്‍ ‘കുട്ടി’ ദോശ. ത്രിദീയയുടെ ഭാഷാഭേദം തദ്ദി. തെലുഗു മാസമായ അശ്വിയൂജത്തില്‍ പൗര്‍ണമി കഴിഞ്ഞുള്ള മൂന്നാം നാളിലാണ് അട്ല തദ്ദി. പൗര്‍ണമി കഴിഞ്ഞ് മൂന്നാമത്തെ രാത്രിയാണ് തദ്ദിയാഘോഷങ്ങള്‍. ഉത്തരേന്ത്യയുടെ കര്‍വാ ചൗഥിന് സമാനമായ ആഘോഷമാണിത്.
തദ്ദി നാളില്‍ സ്ത്രീകള്‍ പാതിരയ്ക്ക് ഉണര്‍ന്ന് വ്രതാനുഷ്ഠാനങ്ങള്‍ ആരംഭിക്കും. കുളി കഴിഞ്ഞെത്തിയാല്‍ ഒരു നാള് മുമ്പേ തയാറാക്കി വച്ചിരിക്കുന്ന ചോറ് തൈരും പുളിവെണ്ടയുടെ ഇലകൊണ്ടുള്ള ചട്നിയും കൂട്ടി ഉണ്ണും. (അതുകഴിഞ്ഞാല്‍ അന്ന് വൈകിട്ട് ഗൗരീ പൂജ കഴിഞ്ഞേ ജലപാനമുള്ളൂ). കല്യാണം കഴിഞ്ഞ സ്ത്രീകള്‍ പരമ്പരാഗത ആടയാഭരണങ്ങള്‍ അണിയുന്നു. കൈയില്‍ മൈലാഞ്ചിയിടുന്നതും ഊഞ്ഞാലാട്ടവുമാണ് ആഘോഷങ്ങളുടെ മര്‍മം. അടുത്തുള്ള കുളത്തിലോ, തടാകത്തിലോ പോയി ചന്ദ്രന്റെ പ്രതിബിംബം ദര്‍ശിക്കുന്നതും അനുഷ്ഠാന പ്രധാനമാണ്. സൂര്യനുദിക്കും മുമ്പ് ഇതെല്ലാം പൂര്‍ത്തിയാക്കണം. നേരം വെളുത്താല്‍ ഊഞ്ഞാലാട്ടമാണ ്പ്രധാനം.
അന്ന് സന്ധ്യയോടെ, ചന്ദ്രനുദിച്ചാല്‍ വീടുകളില്‍ ഗൗരീപൂജ തുടങ്ങുകയായി. വീട്ടിലെ മുതിര്‍ന്ന സ്ത്രീയാണ് പൂജയ്ക്ക് നേതൃത്വം നല്‍കുക. അവര്‍ സുമംഗലിയായിരിക്കണമെന്നുമുണ്ട്. പൂജയില്‍ പങ്കെടുക്കാന്‍ 10 സ്ത്രീകളെ ക്ഷണിച്ചിരിക്കും. പൂജാവേളയില്‍ പൂജ ചെയ്യുന്ന സ്ത്രീ ഉള്‍പ്പെടെ 11 സ്ത്രീകള്‍ വേണമെന്നത് നിര്‍ബന്ധമാണ്. മഞ്ഞള്‍ പൊടി ചേര്‍ത്തുണ്ടാക്കുന്ന അട്ലു (ദോശ) വും അരിപ്പൊടിയും ശര്‍ക്കരയും പാലും കുഴച്ചുണ്ടാക്കുന്ന വിഭവവുമാണ് പ്രധാന നൈവേദ്യം. അട്ലു കഴിച്ചാണ് വ്രതം അവസാനിപ്പിക്കുന്നത്. അതിഥികളായെത്തിയ സ്ത്രീകള്‍ മടങ്ങുമ്പോള്‍ നൈവേദ്യമുള്പ്പെടെയുള്ള വിഭവങ്ങള്‍, പുതുവസ്ത്രം, കണ്മഷി, താംബൂലം, പണം എന്നിവ സമ്മാനമായി നല്‍കുന്നതും പതിവാണ്.
അന്നു രാത്രിയിലും അനുഷ്ഠാന ഗീതങ്ങള്‍ പാടിയുള്ള ഊഞ്ഞാലാട്ടമുണ്ടാവും. പൂജ കഴിഞ്ഞ് ദീപം തെളിച്ച ചെരാതുകള്‍ ജലാശയങ്ങളില്‍ ഒഴുക്കുന്നതോടെ അട്ല തദ്ദിക്ക് പരിസമാപ്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: