ബത്തേരി: നിരവധി കുടുംബങ്ങളുടെ ജീവനോപാധിമാര്‍ഗ്ഗമായ സ്വകാര്യ ബസ്സ് സര്‍വ്വീസ് മേഖല കൊറോണ പ്രതിസന്ധിയില്‍പെട്ട് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. പലമേഖലകളും അണ്‍ലോക്കിനെ തുടര്‍ന്ന് ഉയര്ത്തെഴുന്നേല്ക്കാന് ശ്രമം നടക്കുമ്പോഴും സ്വകാര്യ ബസ് മേഖല മാത്രമാണ് പ്രതിസന്ധിയില്‍ തന്നെ തുടരുന്നത്.
നിറുത്തിയിട്ടതില്‍ ഭൂരിപക്ഷം ബസ്സുകള്‍ക്കും അണ്‍ലോക്ക് തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍വ്വീസ് പുനരാരംഭിക്കാന്‍ ആയിട്ടില്ല. ജില്ലയില്‍ 300 സ്വകാര്യ ബസ്സുകളാണ് ഉള്ളത്. ഇതില്‍ 75 ാളം ബസ്സുകളാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. ഇത് തന്നെ നഷ്ടം സഹിച്ചാണ് സര്‍വീസ് നടത്തുന്നതെന്ന് ഉടമകള്‍ പറയുന്നു. ലോക്ക് ഡൗണിന് മുമ്പ് ഒമ്പതിനായിരം രൂപയ്ക്ക് വരെ സര്‍വീസ് നടത്തിയിരുന്ന ബസ്സുകള്‍ക്ക് ഇപ്പോള്‍ 2500, 3000 രൂപയാണ് ദിവസവരുമാനം. ഇതില്‍ എണ്ണ ചെലവും വരും. തൊഴിലാളികളുടെ കൂലിയും കൂടെ നല്കാന് കഴിയുന്നില്ല. അമ്പത് ലിറ്റര്‍ ഡീസലിന് 3500 രൂപയാകും. ഈ സാഹചര്യത്തില്‍ ഉടമയ്ക്ക് കയ്യില്‍ നിന്നും എടുത്ത് ഡീസല്‍ ചെലവും തൊഴിലാളികളുടെ കൂലിയും നല്‍കേണ്ട അവസ്ഥയാണ്.
യാത്രക്കാര്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നതാണ് കളക്ഷനെ ബാധിച്ചത്. ഇതിനുപുറമെ കെഎസ്ആര്‍ടിസി ബസ്സുകള്‍ സമയക്രമം പാലിക്കാതെ ഓടുന്നതും സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ക്ക് തിരിച്ചടിയായിട്ടുണ്ടെന്ന് ഉടമകള്‍ പറയുന്നു. ഇതുകാരണം 90 ശതമാനം ബസ്സുകളും നിറുത്തിയിട്ടിരിക്കുകയാണ്. ബസ്സുകള്‍ ഓടാതായതോടെ അടവുകളും മുടങ്ങിയിരിക്കുകയാണ്. ഇത് ഉടമകളെ കടക്കെണിയിലേക്കും ജീവനക്കാരെയും കുടുംബങ്ങളെയും പട്ടിണിയിലേക്കുമാണ് തള്ളിവിടുന്നത്.
പുതിയ നിയമങ്ങള്‍ വന്നതോടെ എല്ലാവരും പുതിയ ബസ്സുകള്‍ ലോണെടുത്താണ് വാങ്ങിയത്. മാസം 35000 രൂപമുതല്‍ 75000 രൂപവരെ അടവ് വരുന്ന ബസ്സുകളും ഇതില്‍പെടും. എന്നാല്‍ നിറുത്തിയിട്ടിരിക്കുന്നതിനാല്‍ കഴിഞ്ഞ എട്ട് മാസമായി അടവ് മുടങ്ങിയിരിക്കുകയാണ്. ഇത് പലിശ കയറി വന്‍തുകയായിട്ടുണ്ടാവും. എന്നാല്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തി തുക അടയ്ക്കാമെന്ന പ്രതീക്ഷയില്ലാതെയാണ് സ്വകാര്യബസ്സുടമകള് മുന്നോട്ട് നീങ്ങുന്നത്. ഈ മേഖലയില്‍ തൊഴിലെടുത്തിരുന്ന വലിയൊരു വിഭാഗം മറ്റ് തൊഴിലുകളിലേക്ക് മാറിതുടങ്ങി. ഒരു പക്ഷേ കൊറോണ സ്വകാര്യബസ് മേഖലയെതന്നെ ഇല്ലാതാക്കുമോ എന്ന ആശങ്കയാണ് ഈ മേഖലയിലുള്ളവര്‍ പങ്കുവെക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: