കണ്ണൂര്‍: ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ ഇന്നലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി എന്നും വിവാദ നായകന്. പാര്‍ട്ടിയിലേയും ഭരണത്തിലേയും സ്വാധീനമുപയോഗിച്ച് നടത്തിയ ദുരൂഹമായ സാമ്പത്തിക ഇടപാടുകളുടെയും മാഫിയാ-ഗുണ്ടാ പ്രവര്‍ത്തനങ്ങളുടേയും പേരില്‍ പഠനകാലം തൊട്ടേ നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്റെ രണ്ട് ആണ് മക്കളില്‍ ഇളയവനായ ബിനീഷ്.
സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരവും എറണാകുളവും പ്രവര്‍ത്തനകേന്ദ്രമായെങ്കിലും കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിലടക്കം ബിനീഷിന്റെ രഹസ്യസ്വാധീനം വളരെ വലുതാണ്. ഏറ്റവും ഒടുവില്‍ ക്രിക്കറ്റ് അസോസിയേഷന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗം സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ തന്നോടൊപ്പമുളള പാര്‍ട്ടി സഖാക്കളെ മുന്നില്‍ നിര്‍ത്തി മത്സരിച്ചതടക്കം പാര്‍ട്ടി സെക്രട്ടറിയുടെ മകനെന്ന പിന്‍ബലത്തിലും ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ചും സ്വന്തം നിലയില്‍ വഴിവിട്ട പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടും കാര്യമായ കേസുകളിലൊന്നും ഉള്‍പ്പെടാതെയും രക്ഷപ്പെടുകയുമായിരുന്നു.
കോഴിക്കോട് ജില്ലയിലെ കൊടുവളളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായും സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ സിപിഎം സ്വതന്ത്ര എംഎല്‍എ കാരാട്ട് റസാഖ് അടക്കമുളളവരുമായും ബിനീഷിന് ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. പാര്‍ട്ടി പ്രചാരണത്തിനായി കോടിയേരി ഉപയോഗിച്ച ആഢംബര വാഹനവുമായി ബന്ധപ്പെട്ടും ബിനീഷും സ്വര്‍ണ്ണക്കടത്തു സംഘവുമായുളള ബന്ധമാണെന്ന ആരോപണങ്ങള്‍ ഉയരുകയുണ്ടായി.
ചില സിനിമകളില്‍ അഭിനയിച്ചിട്ടുളള ബിനീഷ് ഗള്‍ഫ് കേന്ദ്രീകരിച്ചുളള പ്രവാസി വ്യവസായികളുമായുളള അവിഹിത ബന്ധങ്ങളുടെ പേരിലും വാര്‍ത്തകളില്‍ ഇടം നേടുകയുണ്ടായി. കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ മകനായ ബിനീഷിന്റെ പേരിലുളള പല ക്രിമിനല്‍ കേസുകളും പിന്‍വലിച്ചത് ഏറെ വിവാദമായിരുന്നു. പോള്‍ മുത്തൂറ്റ് വധക്കേസുമായി ബന്ധപ്പെട്ടും ബിനീഷിനെക്കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ബിനീഷിനെതിരെ വിവാദങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം പാര്‍ട്ടി ഇടപെടില്ല എന്നാണ് നേതൃത്വം പറയാറുളളതെങ്കിലും എല്ലാം ഒത്തുതീര്‍ക്കുന്നത് പാര്‍ട്ടി തന്നെയാണെന്ന് പിന്നീട് തെളിയാറുണ്ട്. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങളൊന്നും ഇല്ലെങ്കിലും തൃശൂരിലേയും കണ്ണൂരിലെയും പാര്‍ട്ടി സമ്മേളനങ്ങളുടെ നടത്തിപ്പിന് നേതൃത്വം കൊടുത്തത് ബിനീഷ് ആയിരുന്നുവെന്നതും ഏറെ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു. ലഹരി ക്കടത്ത് കേസിലും സാമ്പത്തിക ഇടപാടുകളിലും ഉള്‍പ്പെട്ട് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണ വലയില്‍ കുരുങ്ങി അറസ്റ്റിലായതോടെ ഏറെക്കാലമായി ഭരണ സ്വാധീനവും പിതാവിന്റെ പാര്‍ട്ടി പിന്‍ബലവും ഉപയോഗിച്ച് പഴുതുകള്‍ കണ്ടെത്തി രക്ഷപ്പെടുന്ന പതിവില്‍ നിന്ന് വ്യത്യസ്തമായ അനുഭവമാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന് ഇപ്പോള്‍ നേരിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: