കുണ്ടറ: തൃക്കോവില്‍വട്ടം ചേരീക്കോണം വാര്‍ഡിലെ തലച്ചിറ തെക്ക് 57-ാം നമ്പര്‍ അങ്കണവാടി ബിജെപി വാര്‍ഡ് മെംബര്‍ സ്വന്തം ചെലവില്‍ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തി.
പഞ്ചായത്ത് സമിതിയില്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും തുക ലഭിക്കാതായതോടെയാണ് മെംബര്‍ സുനിത്ത് ദാസ് സ്വന്തം കൈയില്‍ നിന്നും രണ്ട് ലക്ഷത്തിലധികം രൂപ ചെലവഴിച്ച് അങ്കണവാടി ഹൈടെക് ആക്കിയത്. ഇതിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് സുനിത്ത് ദാസ് നിര്‍വഹിക്കും. ചടങ്ങില്‍ ജീവനക്കാരെയും ആശാവര്‍ക്കര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും ആദരിക്കും.
ഇവിടത്തെ കുട്ടികള്‍ക്ക് ഇനി ശീതീകരിച്ച മുറിയില്‍ കൂട്ടുകാരോടൊപ്പം കളിക്കാം. ടിവി കാണാനുള്ള സൗകര്യവുമുണ്ട്. ടോം ആന്‍ഡ് ജെറി, ഡോറ, ഡോറിമോന്‍, ഛോട്ടാ ഭീം, ശിന്ചാന്, മിക്കിമൗസ് തുടങ്ങിയ ഇഷ്ടകഥാപാത്രങ്ങളെ അങ്കണവാടിയിലും കണ്ട് ആനന്ദിക്കാം. പല സ്ഥലങ്ങളിലും ചോര്‍ന്നൊലിക്കുന്ന വൈദ്യുതികണക്ഷന് ലഭിക്കാത്തതിനാല്‍ ചുട്ടുപൊള്ളുന്ന ചൂടില്‍ കുടുസ്സുമുറികളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളുടെ ദയനീയാവസ്ഥ കണ്ടിട്ടാണ് സര്‍ക്കാര്‍ സഹായം കൂടാതെതന്നെ വാര്‍ഡില്‍ അങ്കണവാടി നിര്‍മിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ആറുവയസ്സിന് താഴെയുള്ള പിഞ്ചുകുഞ്ഞുങ്ങളുടെ സമഗ്രവികസനം, കൗമാരക്കാരായ പെണ്‍കുട്ടികളുടെ പോഷകാഹാര വിതരണം, മുലയൂട്ടുന്ന അമ്മമാര്‍ക്കുള്ള പോഷകാഹാര വിതരണവും പരിചരണവും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള തൊഴില്‍പരിശീലനം, പിഞ്ചുകുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പുകള്‍ എന്നിവ ഉള്‍പ്പെടെ ഒട്ടനവധി പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ് അങ്കണവാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: