എല്ലാ സംസ്ഥാനങ്ങളിലും സിപിഎം-കോണ്‍ഗ്രസ് സഖ്യം തീരുമാനമായി. ഇരുപാര്‍ട്ടിക്കകത്തും വരാന്‍ പോകുന്ന അങ്കലാപ്പൊന്നും അവര്‍ ഗൗനിക്കുന്നില്ല. കീരിയും പാമ്പുംപോലെ പോരടിക്കുന്ന ഇരുപാര്‍ട്ടികള്‍ക്കും പക്ഷെ കേരളത്തില്‍ പരസ്യ സഖ്യമില്ല. കൊന്നും കൊലവിളിച്ചും ദശാബ്ദങ്ങള്‍ മത്സരിച്ച പശ്ചിമ ബംഗാളിലെ സഖ്യം പരസ്യമായി പ്രഖ്യാപിച്ചതിന് കേരള സിപിഎമ്മിന് എതിര്‍പ്പില്ല. രണ്ട് വര്‍ഷം മുന്‍പ് ബംഗാള്‍ ഘടകം ഇത്തരമൊരു നീക്കം നടത്തിയപ്പോള്‍ ശക്തമായി എതിര്‍ത്തത് കേരള ഘടകമാണ്. പോളിറ്റ് ബ്യൂറോ എടുത്ത തീരുമാനത്തിന് അടുത്ത രണ്ട് ദിവസങ്ങളില്‍ ചേരുന്ന കേന്ദ്ര കമ്മറ്റിയും അംഗീകാരം നല്‍കും.
കേരളത്തില്‍ പരസ്യമായ സഖ്യത്തിലേര്‍പ്പെടാന്‍ ഇരു കക്ഷികള്‍ക്കും ധൈര്യമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയെ തോല്‍പ്പിക്കാന്‍ സ്വീകരിച്ച ഒളിസേവ തുടരാന്‍ തന്നെയാണ് ഇപ്പോഴത്തെയും നീക്കം. മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെ പലപ്പോഴും സിപിഎമ്മും യുഡിഎഫും തരം പോലെ വോട്ട് മറിച്ച് ബിജെപിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതാണ് ചരിത്രം. മഞ്ചേശ്വരത്തും കാസര്‍കോടും മുസ്ലീം ലീഗിനെ ജയിപ്പിക്കാന്‍ ആത്മാര്‍ത്ഥ ശ്രമം നടത്തുന്ന സിപിഎമ്മിനെ ഒരിക്കല്‍ മഞ്ചേശ്വരത്ത് ജയിപ്പിച്ച് യുഡിഎഫ് നന്ദികാട്ടി. ജയിച്ച സിപിഎം സ്ഥാനാര്‍ത്ഥി വീണ്ടും മത്സരിച്ചപ്പോള്‍ മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ സിപിഐ പതിവായി ജയിക്കുമായിരുന്നു. കെ.വി. സുരേന്ദ്രനാഥും പി.കെ. വാസുദേവന്‍ നായരും പന്ന്യന്‍ രവീന്ദ്രനും ജയിച്ച മണ്ഡലം. പക്ഷെ ഇപ്പോള്‍ ആ കക്ഷി മൂന്നാം സ്ഥാനത്താവുകയാണ്. കോണ്‍ഗ്രസ്സിന് സിപിഎം വോട്ട് മറിച്ചുനല്‍കിയതിനാലാണ് ഈ ഗതികേടിലെത്തിയത്. വട്ടിയൂര്‍ക്കാവില്‍ താന്‍ ജയിച്ചത് സിപിഎം വോട്ട് കൊണ്ടാണെന്ന് കെ. മുരളീധരന് പരസ്യമായി പറഞ്ഞിട്ടുണ്ട്. എതിരായി നിന്ന സിപിഎം സ്ഥാനാര്‍ത്ഥി ടി.എന്‍. സീമ ഇക്കാര്യം പരാതിയായി പാര്‍ട്ടിക്ക് നല്‍കിയിട്ടുമുണ്ട്.
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഒരു കുടക്കീഴിലാണ്. പിന്നെന്തുകൊണ്ട് പശ്ചിമ ബംഗാളില്‍ അങ്ങനെ ആയിക്കൂടാ എന്നചോദ്യം പ്രസക്തമാണ്. തമിഴ്നാട്ടില്‍ നേരത്തെതന്നെ സിപിഎം, കോണ്‍ഗ്രസ്, മുസ്ലീം ലീഗ് എന്നീ കക്ഷികള്‍ കൂട്ടുമുന്നണിയാണ്.
കേരളത്തില്‍ ഒത്തുകളിയാണ് യുഡിഎഫ്-എല്‍ഡിഎഫ് സംഘടനകളുടെ മുഖമുദ്ര. നിയമസഭയ്ക്കകത്തും പുറത്തും നേതാക്കള്‍ പോരടിക്കുന്നത് കണ്ടാല്‍ പ്രതിയോഗികളെന്ന് തോന്നും. പക്ഷെ ഇരുകൂട്ടരും പരസ്പരം മുതുക് ചൊറിയുകയാണെന്ന് തിരിച്ചറിയാന്‍ അതിബുദ്ധിയൊന്നും വേണ്ട.
സോളാര്‍ കേസ് – അതായിരുന്നല്ലൊ കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിലെ തുറുപ്പ്ചീട്ട്. ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ സോളാര്‍ ആരോപണവിധേയരെല്ലാം അഴിക്കുള്ളിലാകുമെന്ന് വീമ്പടിച്ചതാണ്. പക്ഷെ എന്തുണ്ടായി? എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഇനി ആഴ്ചകള്‍ മാത്രം. ഉമ്മന്‍ചാണ്ടിയോ സരിതയോ അനുബന്ധ കിങ്കരന്മാരോ ആരും പ്രതിക്കൂട്ടിലെത്തിയില്ല. കേസുപോലുമില്ല. ഇനി ഒന്നും സംഭവിക്കാനും പോകുന്നില്ല.
ഇന്നിപ്പോള്‍ ലൈഫ്മിഷനും സ്വര്‍ണ കള്ളക്കടത്തും സ്പ്രിംഗഌറുമടക്കം നിരവധി ആരോപണങ്ങള്‍ നിറഞ്ഞാടുകയാണ്. പ്രത്യക്ഷത്തില്‍ പ്രതിപക്ഷം നീതിക്കും നിയമത്തിനും വേണ്ടി പോരാടുകയാണെന്ന് തോന്നും. പക്ഷെ കേന്ദ്ര വിരുദ്ധ നിലപാടെന്ന പേരില്‍ ഇപ്പോഴത്തെ സമരങ്ങള്‍ അവര്‍ ഉപേക്ഷിക്കാനും മടിക്കില്ല. നിറത്തിലും നയത്തിലും വ്യത്യസ്തതയുള്ള മുന്നണികളല്ല കേരളത്തിലേത്.
വര്‍ഗീയ തീവ്രവാദഗ്രൂപ്പുകളെ താലോലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതില്‍ ഇരുമുന്നണികളും മത്സരിക്കുകയാണ്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവായ വ്യക്തിയെ മന്ത്രിസഭയില്‍ ഇരുത്താന്‍ ഇടതുമുന്നണിക്ക് മടിയില്ലെങ്കില്‍ അനിസ്ലാമികതയെ അംഗീകരിക്കില്ലെന്ന് തുറന്ന പ്രഖ്യാപനം നടത്തുന്ന കക്ഷികളെ ഒപ്പംനിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
തീവ്ര മുസ്ലീം സംഘടനകളെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ആദ്യം അവസരം കിട്ടിയതുകൊണ്ടുമാത്രമാണ് എല്‍ഡിഎഫിന്റെ അമര്‍ഷം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടപ്പിന് തൊട്ടുമുന്‍പ് മദനിയുടെ പാര്‍ട്ടിയെ വശത്താക്കാന്‍ ഒരു മന്ത്രിയെത്തന്നെ ബംഗളൂരുവിലയച്ച പാര്‍ട്ടിയാണ് എല്‍ഡിഎഫ്. എന്നിട്ടും വര്‍ഗീയതയ്ക്കെതിരെയുള്ള പ്രസ്താവനകള്‍ വെറും വാചകമടിയാണെന്ന് അണികള്‍ പോലും തിരിച്ചറിയുന്നു. പല തദ്ദേശ സ്ഥാപനങ്ങളിലും എസ്ഡിപിഐയുമായി ഭരണം പങ്കിടുന്ന സിപിഎം, ഏറ്റവും ഒടുവില്‍ ഐഎന്‍എല്‍എന്ന മുസ്ലീം പാര്‍ട്ടിയെ മുന്നണിയുടെ ഭാഗവുമാക്കി. മുസ്ലീംലീഗിന് തീവ്രവര്‍ഗീയതയില്ലെന്നാരോപിച്ച് ഉണ്ടാക്കിയ പാര്‍ട്ടിയാണ് ഐഎന്‍എല്‍. ക്രൈസ്തവ പാര്‍ട്ടിയെന്ന് മുദ്രകുത്തപ്പെട്ട മാണി കേരള കോണ്‍ഗ്രസും ഇപ്പോള്‍ എല്‍ഡിഎഫിന്റെ ഭാഗമായി.
കൊടിലുകൊണ്ടുപോലും തൊടാന്‍ പറ്റാത്ത കക്ഷി എന്നാണ് കോണ്‍ഗ്രസിനെപ്പറ്റി ജനറല്‍ സെക്രട്ടറിയായിരിക്കെ ഇ.എം. ശങ്കരന് നമ്പൂതിരിപ്പാട് പറഞ്ഞത്. കോണ്‍ഗ്രസിന്റെ കൊടി, നാറിയ പീറക്കൊടിയെന്നും ആക്ഷേപിച്ചിരുന്നു. ആ പാര്‍ട്ടിയെ മടിയിലിരുത്താനും കോണ്‍ഗ്രസ്, സിപിഎം കൊടികള്‍ കൂട്ടിക്കെട്ടാനുമാണ് തിരക്കിട്ട് തീരുമാനമെടുത്തത്. സിപിഐയും കോണ്‍ഗ്രസും ഒരേ മുന്നണിയിലെത്തിയപ്പോഴും അച്യുതമേനോന് മുഖ്യമന്ത്രി സ്ഥാനത്തെത്തിയപ്പോഴും സിപി
എമ്മിന്റെ മുദ്രവാക്യം ഇങ്ങനെയായിരുന്നു.
”ചേലാട്ടച്ചു ചെറ്റചെറ്റ
വെയ്ക്കട ചെറ്റേ ചെങ്കൊടി താഴെ
പിടിയെട ചെറ്റേ മൂവര്‍ണക്കൊടി”
അതെല്ലാം മറന്നേക്കൂ എന്നാണ് അണികള്‍ക്ക് നല്കുന്ന നിര്‍ദ്ദേശം. പണ്ട് കെ.ജി.മാരാര്‍ പറയുമായിരുന്നു. ”കമ്യൂണിസ്റ്റും കോണ്‍ഗ്രസും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. ഒന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയാണെങ്കില്‍ മറ്റേത് പാര്‍ട്ടി കോണ്‍ഗ്രസ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: