ന്യൂദല്‍ഹി: ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനോടുള്ള എതിര്‍പ്പ് സിപിഎം കേരള ഘടകം ഉപേക്ഷിച്ചു. പോളിറ്റ് ബ്യൂറോയിലെ കേരളത്തില്‍ നിന്നുള്ള അംഗങ്ങളാണ് കാലങ്ങളായി തുടരുന്ന എതിര്‍പ്പ് ഉപേക്ഷിച്ച് സഖ്യത്തിന് അനുമതി നല്‍കിയത്. പാര്‍ട്ടി അനുമതിയില്ലാതെ ബംഗാള്‍ ഘടകം സ്വന്തം നിലയ്ക്ക് കോണ്‍ഗ്രസുമായുള്ള സഖ്യം തുടരുന്ന സ്ഥിതിക്ക് മറ്റുവഴികളില്ലാതെ സഖ്യത്തിന് ഇന്നലെ ചേര്‍ന്ന പിബി അംഗീകാരം നല്‍കുകയായിരുന്നു. എന്നാല്‍ പിബിയുടെ അന്തിമ തീരുമാനം വരുന്നതിന് കാലങ്ങള്‍ക്കു മുന്‍പേ ബംഗാള്‍ ഘടകം കോണ്‍ഗ്രസുമായി പരസ്യ സഖ്യത്തിലാണെന്നതാണ് വിചിത്രം.
ബംഗാളിലെ മൂന്നര പതിറ്റാണ്ട് നീണ്ട ഭരണം നഷ്ടമായതിന് ശേഷം രാഷ്ട്രീയമായി ഏറെ തകര്‍ന്ന സിപിഎമ്മിന് പിടിച്ചു നില്ക്കാന് കോണ്‍ഗ്രസ് അടക്കമുള്ള മിക്ക രാഷ്ട്രീയ പാര്‍ട്ടികളുമായും കൂട്ടുകൂടേണ്ട സ്ഥിതിവിശേഷമാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് സിപിഎം മത്സരിക്കുന്നത്.
സിപിഎമ്മുമായും ഇടതുമുന്നണിയുമായും സഖ്യത്തിന് തയാറാണെന്നും ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും ബംഗാള്‍ പിസിസി അധ്യക്ഷന്‍ കൂടിയായ കോണ്‍ഗ്രസ് ലോക്സഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു. ഇതിന് പിന്നാലെ പിബിയുടെ അനുമതി കൂടി വന്നതോടെ ഇരുപാര്‍ട്ടികളും ബംഗാളില്‍ ഒരുമിച്ച് മത്സരരംഗത്തുണ്ടാവുമെന്നുറപ്പായി.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കെയാണ് കേരള നേതാക്കളുടെ പുതിയ നിലപാടെന്നതും ശ്രദ്ധേയമാണ്. ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തെ എക്കാലവും ശക്തമായി എതിര്‍ത്ത കേരളാഘടകത്തിന്റെ മനംമാറ്റം സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളാണെന്ന് വ്യക്തമാണ്. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുന്നത് കേരളത്തില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാവുമെന്ന നിലപാടായിരുന്നു നേരത്തെ കേരളാ ഘടകം നേതാക്കള്‍ സ്വീകരിച്ചിരുന്നത്.
കേരളത്തിലെ രാഷ്ട്രീയക്കാറ്റ് മാറിവരുന്നതിന്റെ ശക്തമായ സൂചന കൂടിയാണ് കേരളത്തില്‍ നിന്നുള്ള സിപിഎം നേതാക്കളുടെ നിലപാട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ചില പഞ്ചായത്തുകളിലും നഗരസഭകളിലും ബിജെപിയെ നേരിടാനും അധികാരത്തില്‍ നിന്ന് അകറ്റാനും കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടേണ്ടി വന്നാല്‍ അതിനുള്ള ന്യായീകരണം കൂടിയാണ് ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തിന് നല്കിയ അനുമതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: