Categories: Varadyam

രവിവര്‍മച്ചിത്രങ്ങള്‍ പുനര്‍ജനിക്കുമ്പോള്‍

രാജാരവിവര്‍മ പുനര്‍ജനിക്കുമോ? ചോദ്യം കാല്‍പ്പനികമാണ്. പക്ഷേ ഇവിടെയൊരാള്‍ രാപകലുകള്‍ മായുന്നതറിയാതെ വരച്ചിട്ടതത്രയും രവിവര്‍മച്ചിത്രങ്ങളുടെ ഭംഗിയും ഭാവവും ജീവന്‍വച്ച ചിത്രങ്ങള്‍. കൊല്ലം കുന്നത്തൂര്‍ താലൂക്കിലെ തുരുത്തിക്കര എന്ന ഗ്രാമമാണ് രവിവര്‍മച്ചിത്രങ്ങളുടെ പുനര്‍ജനിക്ക് വേദിയായത്. തുരുത്തിക്കര ഇടക്കുറ്റിയില്‍ ദാനകൃഷ്ണപിള്ള എന്ന ചിത്രകാരന്‍ പ്രാണനുരുക്കി വരച്ചതാണ് ഈ ചിത്രങ്ങള്‍.  

ജീവിതം രവിവര്‍മച്ചിത്രങ്ങള്‍ മാത്രം പുനര്‍ജനിപ്പിക്കാനെന്നുറച്ച കലാകാരനാണ് ദാനകൃഷ്ണപിള്ള. രാജാരവിവര്‍മ വരച്ചതില്‍ 36 ചിത്രങ്ങള്‍ ഇതുവരെ അദ്ദേഹം പുനര്‍ജനിപ്പിച്ചു. ആ കഥ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തന്നെ കേള്‍ക്കാം. അത് പാരമ്പര്യത്തിന്റെയും തപസ്സിന്റെയും ഗുരുത്വത്തിന്റെയും കൂടി കഥയാണ്, അല്ല ശരിയായ ചരിത്രമാണ്.

കുന്നത്തൂരില്‍ കേശവന്‍നായര്‍-കുട്ടിയമ്മ ദമ്പതികളുടെ പന്ത്രണ്ടാമത്തെ മകനായി 1956 ആഗസ്റ്റ് 25നാണ് ദാനകൃഷ്ണപിള്ള ജനിച്ചത്. പ്രാഥമികവിദ്യാഭ്യാസം ചെയ്യുന്നകാലത്തുതന്നെ അദ്ദേഹത്തിലെ ചിത്രകാരനും ജനിച്ചുകഴിഞ്ഞിരുന്നു. നന്നായി ചിത്രം വരയ്‌ക്കുന്ന ബാലനെ വീട്ടുകാര്‍ മാത്രമല്ല അധ്യാപകരും ശ്രദ്ധിച്ചു, പ്രോത്സാഹിപ്പിച്ചു. പ്രത്യേകിച്ചും മൂത്തജ്യേഷ്ഠന്‍. ചിത്രകല പഠിക്കാനും സ്വായത്തമാക്കാനുമുള്ള സാഹചര്യവും അവര്‍ ഒരുക്കി. അങ്ങനെയാണ് ചെറുപ്പത്തില്‍ തന്നെ ദാനകൃഷ്ണപിള്ള രവിവര്‍മയുടെ ശിഷ്യനായിരുന്ന മാവേലിക്കര കൊട്ടിലപാട്ടില്ലത്തെ മുകുന്ദന്‍തമ്പിയുടെ ശിഷ്യനായ എം.കെ. രാമനുണ്ണിത്താന്‍ എന്ന ഗുരുവിനെ കണ്ടെത്തുന്നത്.

രാമനുണ്ണിത്താന്റെ അടുക്കല്‍ ഏഴുവര്‍ഷം ഗുരുകുല സമ്പ്രദായത്തില്‍ ചിത്രകല അഭ്യസിച്ചു. ഫീസ് വാങ്ങാത്ത, ശിഷ്യര്‍ നല്‍കുന്ന ദക്ഷിണ മാത്രം സ്വീകരിക്കുന്ന ചിത്രകലാ അധ്യാപകനായിരുന്നു രാമനുണ്ണിത്താന്‍. പാദമുദ്ര, രാജശില്‍പ്പി തുടങ്ങിയ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത ആര്‍. സുകുമാരനെ പോലെയുള്ള മഹാന്മാര്‍ അഭ്യസിച്ച കളരിയാണ് രാമനുണ്ണിത്താന്റേത്. ഗുരുവരന്റെ തപസ്സ് പിന്തുടരാന്‍ തനിക്കും സാധിക്കുന്നുണ്ടെന്ന സന്തോഷം ദാനകൃഷ്ണപിള്ള മറച്ചുവയ്‌ക്കുന്നില്ല.

രാമനുണ്ണിത്താന്റെ ആഗ്രഹമായിരുന്നു തന്റെ ശിഷ്യരിലാരെങ്കിലും രാജാരവിവര്‍മയുടെ ചിത്രങ്ങള്‍ അതേ മികവോടും ശോഭയോടും പുനര്‍ജനിപ്പിക്കണം എന്നത്. പക്ഷേ പറ്റിയ ശിഷ്യനെ ഒത്തുകിട്ടിയത് ദാനകൃഷ്ണപിള്ളയിലാണ്. രാമനുണ്ണിത്താനില്‍ നിന്ന് വിദ്യ അഭ്യസിക്കുന്നതിനിടെ ഗുരൂപദേശം മുന്‍നിര്‍ത്തി ദാനകൃഷ്ണപിള്ള ഫൈന്‍ ആര്‍ട്‌സ് ഡിപ്ലോമയ്‌ക്ക് തുല്യമായ കേരള ഗവ. ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍ ബോര്‍ഡില്‍ നിന്ന് ചിത്രകലയില്‍ കെജിടി ഡിപ്ലോമയും കരസ്ഥമാക്കി. അതിന്റെ തുടര്‍ച്ചയെന്നോണം 1981 ജൂണ്‍ 1ന് ദാനകൃഷ്ണപിള്ളയ്‌ക്ക് മലപ്പുറത്തെ കൊണ്ടോട്ടി കൊട്ടുക്കര പിപിഎംഎച്ച്എസില്‍ ചിത്രകലാ അധ്യാപകനായി ജോലി ലഭിച്ചു.

ഈ സന്തോഷവിവരം അറിയിച്ച് ഗുരുദക്ഷിണയും സമര്‍പ്പിച്ച് യാത്ര ചോദിക്കാന്‍ ദാനകൃഷ്ണപിള്ള രാമനുണ്ണിത്താന്റെ അടുക്കലെത്തി. ശിഷ്യന്റെ വളര്‍ച്ചയും ഉയര്‍ച്ചയും ഗുരുവിനെ അളവറ്റ ആനന്ദത്തിലാക്കി. ഗുരുദക്ഷിണ സമര്‍പ്പിക്കുമ്പോഴാണ് തന്റെ ഉള്ളില്‍ ഒതുക്കിവച്ചിരുന്ന ആ മോഹം രാമനുണ്ണിത്താന്‍ ശിഷ്യനോട് വെളിപ്പെടുത്തുന്നത്. ”വിശ്വവിഖ്യാതമായ രവിവര്‍മ ചിത്രങ്ങള്‍ പുനര്‍ജനിപ്പിക്കണം. വലിയ ത്യാഗവും അര്‍പ്പണമനോഭാവവും വേണ്ടുന്ന പ്രവൃത്തിയാണ്. പക്ഷേ ദാനകൃഷ്ണപിള്ള അതേറ്റെടുക്കണം. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും പൂര്‍ത്തിയാക്കണം. അതിനായി കഴിയുന്നത്ര പരിശ്രമിക്കണം.” ഇതായിരുന്നു ഗുരുവിന്റെ നിര്‍ദ്ദേശം. എന്തുചെയ്യണം, എവിടെ തുടങ്ങണം എന്നൊന്നും അറിയില്ലായിരുന്നു. എന്നാല്‍ ഗുരുവിന്റെ നിര്‍ദ്ദേശം നിറവേറ്റാമെന്നു വാക്കു നല്‍കിയാണ് പിരിഞ്ഞത്.

ഗുരുവിന് നല്‍കിയ വാക്ക് പാലിക്കാന്‍ അത്ര എളുപ്പമല്ലെന്ന് ദാനകൃഷ്ണപിള്ള പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞു. കാരണം കൈവയ്‌ക്കേണ്ടത് എണ്ണമറ്റ ചിത്രങ്ങള്‍ വരച്ച് ലോകത്തിന്റെ മുഴുവന്‍ ആദരവും ഏറ്റുവാങ്ങിയ മഹാനായ ചിത്രകാരന്റെ ചിത്രങ്ങളിലാണ്. അതിനുവേണ്ടുന്ന മുന്നൊരുക്കങ്ങള്‍ നിസ്സാരമല്ല. പിന്നെ സാമ്പത്തികവും വലിയ വെല്ലുവിളിയായിരുന്നു.

രവിവര്‍മയുടെ എണ്ണച്ചായചിത്രങ്ങളാണ് പുനര്‍ജനിപ്പിക്കേണ്ടത്. അതിന് എണ്ണച്ചായത്തിന്റെ കൂട്ട് തയ്യാറാക്കണം. ആ രഹസ്യകൂട്ട് രാമനുണ്ണിത്താന്‍ ദാനകൃഷ്ണപിള്ളയ്‌ക്ക് പകര്‍ന്നിരുന്നു. പക്ഷേ ഏറ്റവും വലിയ വെല്ലുവിളി അതൊന്നുമായിരുന്നില്ല. രവിവര്‍മ ഉപയോഗിച്ചിരുന്ന അതേ പെയിന്റ് തന്നെ വേണം. അദ്ദേഹം ഉപയോഗിച്ചിരുന്നത് ലണ്ടണിലെ വിന്‍സര്‍ ആന്റ് ന്യൂട്ടണ്‍ എന്ന കമ്പനിയുടെ വിലകൂടിയ പെയിന്റായിരുന്നു. ഇവരാണ് ലോകത്ത് ആദ്യമായി ഓയില്‍ കളര്‍ (എണ്ണച്ചായം) നിര്‍മിച്ചത്. ഇതിന്റെ വില നിസ്സാരമല്ല. മാത്രമല്ല, അപ്പോഴേക്കും വിന്‍സര്‍ ആന്റ് ന്യൂട്ടണ്‍ കമ്പനി ഇത്തരം പെയിന്റുകള്‍ നിര്‍മിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങിത്തുടങ്ങിയിരുന്നു. പതുക്കെ പതുക്കെ അവര്‍ ഉത്പാദനം നിര്‍ത്തി. അതേ പെയിന്റുകള്‍ ഇന്ത്യയിലേതടക്കം മറ്റു ചില രാജ്യങ്ങളിലെ കമ്പനികള്‍ ഉത്പാദിപ്പിച്ചു തുടങ്ങിയിരുന്നു. പക്ഷേ ഗുണനിലവാരം വളരെ കുറവായിരുന്നു.

ജോലിയില്‍ പ്രവേശിച്ച് നീണ്ട പത്തുവര്‍ഷം വിന്‍സര്‍ ആന്റ് ന്യൂട്ടണ്‍ കമ്പനിയുടെ പെയിന്റ് വാങ്ങാനുള്ള പണം സ്വരൂപിക്കുന്ന തിരക്കിലായിരുന്നു ദാനകൃഷ്ണപിള്ള. ശമ്പളത്തില്‍ നിന്ന് മിച്ചം പിടിച്ചും ചിത്രകല പഠിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന ദക്ഷിണയും ഒക്കെയായി പണം സ്വരൂപിച്ചു. ആ പണം മുടക്കി ലണ്ടനിലെ വ്യാപാരികളില്‍ നിന്ന് രവിവര്‍മ ഉപയോഗിച്ചിരുന്ന പെയിന്റുകള്‍ വാങ്ങാനാരംഭിച്ചു. 37 മില്ലി കളറിന് അന്ന് വില 600 ന് മുകളിലാണ്. ഇന്ത്യന്‍ കമ്പനികളുടെ വിലയില്‍ നിന്ന് 25 മുതല്‍ 60 ഇരട്ടിവരെയായിരുന്നു വിന്‍സര്‍ ആന്റ് ന്യൂട്ടണ്‍ കമ്പനിയുടെ കളറിന് വില നല്‍കേണ്ടിവന്നത്. പക്ഷേ അതിനൊന്നും ദാനകൃഷ്ണപിള്ളയുടെ നിശ്ചയദാര്‍ഢ്യത്തിന് പോറലേല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ഗുരുവിന് നല്‍കിയ വാക്കുപാലിക്കാനുള്ള പരിശ്രമത്തിനു മുന്നില്‍ ആ തടസ്സങ്ങളെല്ലാം നിഷ്പ്രഭമായി.

ദാനകൃഷ്ണപിള്ളയുടെ സപര്യ കാല്‍നൂറ്റാണ്ടു പിന്നിട്ടപ്പോള്‍ 36 രവിവര്‍മ ചിത്രങ്ങളാണ് പുനര്‍ജനിച്ചത്. അവയെല്ലാം ജീവന്‍തുളുമ്പുന്ന ചിത്രങ്ങള്‍. ചിത്രങ്ങളുടെ പൂര്‍ണതയും മിഴിവും ദാനകൃഷ്ണപിള്ളയ്‌ക്ക് നേടിക്കൊടുത്ത പേരും പെരുമയും ചെറുതല്ല. ഗ്രാമപ്രദേശത്ത് ഒതുങ്ങിയ ജീവിതം നയിച്ചത് ഈ ചിത്രങ്ങള്‍ മികവുറ്റ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ അനുകൂല സാഹചര്യമൊരുക്കി. വരച്ചു തുടങ്ങുമ്പോള്‍ ഗുരുവിന് നല്‍കിയ വാക്കാണ് ദാനകൃഷ്ണപിള്ളയെ നയിച്ചിരുന്നത്. പക്ഷേ പതുക്കെ പതുക്കെ രവിവര്‍മ ചിത്രങ്ങള്‍ ഹരമായി തന്നെ ബാധിച്ചുവെന്ന് അദ്ദേഹം പറയുന്നു. തന്റെ ശ്രമം പലരുടെയും പരിഹാസത്തിനും ആക്ഷേപത്തിനുമാണ് വഴിവച്ചത്. കളിയാക്കലുകള്‍ നാനാഭാഗത്തുനിന്നും കൂടിക്കൂടി വന്നു. പക്ഷേ കുടുംബാംഗങ്ങള്‍ നല്‍കിയ പിന്തുണ വലുതായിരുന്നു.

ഒരിക്കല്‍ ചിത്രങ്ങള്‍ കാണാനിടയായ സുകുമാര്‍ അഴീക്കോട് ഹൃദയം നിറഞ്ഞ് അഭിനന്ദിച്ചു. കളിയാക്കലുകളെ വകവയ്‌ക്കാതെ മുന്നോട്ടു പോകണമെന്ന അദ്ദേഹത്തിന്റെ ഉപദേശം വലിയ ഊര്‍ജമായി. രാജാരവിവര്‍മയുടെ പ്രപൗത്രന്‍ (മകളുടെ മകളുടെ മകന്‍) ഡോ. രാജ നേരിട്ട് തന്റെ വീട്ടിലെത്തി ചിത്രങ്ങള്‍ കണ്ടു. അദ്ദേഹത്തില്‍ നിന്ന് നിര്‍ലോഭമായ പിന്തുണയും അഭിനന്ദനവുമാണ് ലഭിച്ചത്. പതുക്കെ പതുക്കെ വെല്ലുവിളികളും വൈതരണികളും പ്രോത്സാഹനമായി മാറി. പണ്ട് കളിയാക്കിയവര്‍ പോലും ഇന്ന് അഭിനന്ദനവും ആശംസകളുമായി എത്തുന്നു.

എണ്ണച്ചായചിത്രങ്ങള്‍ക്ക് പഴകുന്തോറുമാണ് മനോഹാരിത വര്‍ധിക്കുന്നത്. പഴക്കം ചെല്ലുന്നതോടെ നിറങ്ങള്‍ കൂടുതല്‍ തെളിഞ്ഞുവരും. ജീവന്‍ തുടിക്കുന്ന ചിത്രങ്ങളെന്ന വിശേഷണം അപ്പോഴാണ് ഉണ്ടാകുക. ചിത്രം വരയ്‌ക്കാന്‍ തെരഞ്ഞെടുക്കുന്ന ക്യാന്‍വാസിനുംചില പ്രത്യേകതകളുണ്ട്. കേടുവരാത്ത ക്യാന്‍വാസും ഉചിതമായ സംരക്ഷണവുമുണ്ടെങ്കില്‍ ചിത്രങ്ങള്‍ നൂറ്റാണ്ടുകളല്ല സഹസ്രാബ്ദങ്ങള്‍ വരെ നിലനില്‍ക്കുമെന്ന് ദാനകൃഷ്ണപിള്ള പറയുന്നു.

രവിവര്‍മ ചിത്രങ്ങളടക്കം ഇതുരെ നൂറിലേറെ എണ്ണച്ചായ ചിത്രങ്ങളാണ് ദാനകൃഷ്ണപിള്ളയുടെ വിരല്‍ത്തുമ്പിലൂടെ ജീവന്‍വച്ചത്. അതുപോലെ വാട്ടര്‍ കളര്‍ ഉപയോഗിച്ചും അദ്ദേഹം നിരവധി ചിത്രങ്ങള്‍ വരച്ചു. ഗ്രമ്പോച്ചര്‍ (അമേരിക്ക), റൗണിജോര്‍ജിന്‍ (ലണ്ടണ്‍), റീവ്‌സ് (ലണ്ടണ്‍) എന്നീ കമ്പനികളുടെ വാട്ടര്‍ കളറുകളാണ് അതിന് ഉപയോഗിച്ചത്.

രവിവര്‍മ ചിത്രങ്ങള്‍ ഇന്നു കാണുമ്പോഴുണ്ടാകുന്ന അനുഭവം തന്റെ ചിത്രങ്ങള്‍ വീക്ഷിക്കുമ്പോഴും ഉണ്ടാകണമെന്ന നിര്‍ബന്ധം ദാനകൃഷ്ണപിള്ളയ്‌ക്കുണ്ട്. അതിനായി അദ്ദേഹം കഠിനപരിശ്രമമാണ് നടത്തിയത്. രവിവര്‍മ നല്‍കിയ നിറക്കൂട്ടിന്റെ രഹസ്യകണക്ക് ഗുരുനാഥന്‍ രാമനുണ്ണിത്താന്‍ പഠിപ്പിച്ചത് വലിയൊരളവുവരെ സഹായിച്ചു. ചിത്രങ്ങള്‍ക്ക് രവിവര്‍മ നല്‍കിയ ഭാവം ലഭിക്കും വരെ താന്‍ പ്രയത്‌നിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സീതാപഹരണത്തിന് ശ്രമിക്കവെ തടഞ്ഞ ജടായുവിന്റെ ചിറകരിയുന്ന രാവണന്റെ ചിത്രം വരയ്‌ക്കാനാണ് ഏറെ ബുദ്ധിമുട്ടിയത്. ഇതിന്റെ രചനാകാലത്ത് അനുഭവിച്ച മാനസികപീഡ ചെറുതല്ല. ആഴ്ചകളാണ് ഈ പീഡ അനുഭവിച്ചത്, ദാനകൃഷ്ണപിള്ള പറഞ്ഞുനിര്‍ത്തി.

ചിത്രകല അടക്കമുള്ള സുകുമാരകലകള്‍ ഗുരുകുല സമ്പ്രദായത്തില്‍ പഠിക്കണമെന്നതാണ് തന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. ക്ലാസിക്കല്‍ ചിത്രരചനയ്‌ക്ക് ഇന്ന് ഫൈന്‍ ആര്‍ട്‌സ് കോളേജുകള്‍ പോലും ഗൗരവകരമായ പരിഗണന നല്‍കുന്നില്ല. ലളിതകലാ അക്കാദമിയും ഇക്കാര്യത്തില്‍ ശ്രദ്ധനല്‍കുന്നില്ല. ഇന്ന് കലയിലുള്ള ജീവിതമില്ല. മറിച്ച് ജീവിക്കാനുള്ള കലയേ ഉള്ളൂ. കുറുക്കുവഴികളിലൂടെ ചിത്രകലയെ കൊണ്ടുപോകാനാണ് വര്‍ത്തമാനകാല ശ്രമം. പുതിയ തലമുറയ്‌ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഒട്ടുംതന്നെ ക്ഷമയില്ല. പുതിയ തലമുറ ചിത്രകലയെ ഉപാസിക്കാന്‍ തയ്യാറായാലേ ഇതിന് മാറ്റമുണ്ടാകൂ. എന്നാല്‍ ആ മാര്‍ഗത്തില്‍ മുന്നേറാന്‍ കേരളത്തില്‍ അവസരവുമില്ല. പ്രോത്സാഹിപ്പിക്കാന്‍ ആളുമില്ല. പിന്നെന്തു പറയാനെന്ന ചോദ്യത്തോടെ അദ്ദേഹം പറഞ്ഞു നിര്‍ത്തി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക