ന്യൂദല്‍ഹി : ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് പോളിറ്റ്ബ്യൂറോയുടേയും അനുമതി. കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് കേരള ഘടകം കൂടി പിന്തുണച്ചതോടെയാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. സിപിഎം ബംഗാള്‍ ഘടകമാണ് പിബി യോഗത്തില്‍ ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശം ആദ്യം മുന്നോട്ട് വെച്ചത്.
പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി സഖ്യം ചേരുന്നത് അനിവാര്യമാണെന്ന വിലയിരുത്തലിലാണ് പിബിയും തീരുമാനം എടുത്തിരിക്കുന്നത്. 2016ലും ഇതുസംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ട് വെച്ചെങ്കിലും കേരളഘടകം ഇതിനെ ശക്തമായി എതിര്‍ത്തതോടെ കേന്ദ്രകമ്മിറ്റിയും ഇതിനെ തള്ളുകയായിരുന്നു.
എന്നാല്‍ സംസ്ഥാനത്തെ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമായതോടെ ഇത്തവണ കോണ്‍ഗ്രസുമായി സഖ്യം ചേരുന്നതല്ലാതെ മറ്റ് പോംവഴിയില്ലെന്ന നിലപാടിലേക്ക് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ തീരുമാനം മാറ്റുകയായിരുന്നു. ഇതോടെയാണ് പിബിയും തീരുമാനത്തെ പിന്തുണച്ചത്. ഈ മാസം 30, 31 തീയതികളില്‍ ചേരുന്ന കേന്ദ്രകമ്മിറ്റിയാകും വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. നിലവിലെ സാഹചര്യത്തില്‍ പി.ബി. തീരുമാനത്തെ കേന്ദ്രകമ്മിറ്റിയും അംഗീകരിക്കാനാണ് സാധ്യത.
അതേസമയം കേരളത്തില്‍ സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്താനും സിപിഎം പോളിറ്റ്ബ്യൂറോ തീരുമാനിച്ചു. സിബിഐക്ക് കേസ് ഏറ്റെടുക്കുന്നതിനുള്ള മുന്‍കൂര്‍ അനുമതി എടുത്ത് കളയാനാണ് പോളിറ്റ്ബ്യൂറോ നിര്‍ദ്ദേശം. ഇതുസംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയില്‍ പോലും വിശദമായ ചര്‍ച്ച ഇക്കാര്യത്തില്‍ ആവശ്യമില്ലെന്നാണ് പാര്‍ട്ടിയുടെ ഉന്നത വൃത്തങ്ങള്‍ അറിയിക്കുന്നത്.
സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തു കളയുന്നതുമായി ബന്ധപ്പെട്ട നിയമ പരിശോധനകള്‍ സംസ്ഥാനത്ത് നടന്ന് വരികയാണ്. അതിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഉത്തരവിറക്കും. കേരള നേതൃത്വമാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: