അടുത്തിടെ കണ്ട ഒരു പ്രസ്താവന ഗൗരവപൂര്‍വം വിശകലനം ചെയ്യേണ്ട ഒന്നാണ്; നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവനയാണ്; ‘ചൈന വന്ന് കാശ്മീരിനെ മോചിപ്പിക്കും, അനുഛേദം 370 പുനഃസ്ഥാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് ‘ . നാം എവിടെവരെ ചെന്നെത്തി എന്നതാണ് ഇതൊക്കെ കാണിച്ചുതരുന്നത്. തങ്ങളുടെ ഭാവി ഇനി ചൈനയെ ആശ്രയിച്ചാണ് എന്ന് ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും കക്ഷികളും രഹസ്യമായി പറഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ചൈന തങ്ങളെ രക്ഷിക്കുമെന്നാണ് ഇന്ത്യയിലെ ജനങ്ങളാല്‍ നിരാകരിക്കപ്പെട്ട പ്രതിപക്ഷ നേതാക്കള്‍ പറയുന്നത്; അഥവാ ഇനി ചൈനക്കേ തങ്ങളെ രക്ഷിക്കാനാവൂ എന്ന്. ചൈന ഇപ്പോള്‍ ലഡാക്കില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ തോക്കേന്തി നില്‍ക്കുന്നത് ഇക്കൂട്ടര്‍ക്ക് രാഷ്ട്രീയാഭയം നല്‍കാനാണോ?. അവരുടെ ആഗ്രഹം സഫലമാവാനുള്ള സാധ്യത കാണുന്നുണ്ടോ?
ഫറൂഖിന്റെ പ്രശ്നം
ഷേഖ് അബ്ദുള്ളയുടെ താത്പര്യപ്രകാരമാണ് നിര്‍ബന്ധപൂര്‍വ്വം ഇന്ത്യന്‍ ഭരണഘടനയില്‍ അനുഛേദം 370 പണ്ഡിറ്റ് നെഹ്റു തുന്നിച്ചേര്‍ത്തത് എന്നത് പരസ്യമാണല്ലോ. ഷെയ്ഖ് അബ്ദുള്ളയും നെഹ്രുവും തമ്മിലെ വഴിവിട്ട അടുപ്പവും അന്നും അതിനുമുമ്പും പിമ്പും ഏറെ ചര്‍ച്ചാ വിഷയമായതാണ്. ഉപാധികളില്ലാതെ കശ്മീര്‍ മഹാരാജാവ് തന്റെ രാജ്യത്തെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ചതിന് ശേഷമെന്തിന് ഇങ്ങനെ ഒരു വ്യവസ്ഥ എന്നത് ഇനിയും ഉത്തരം കണ്ടെത്തിയിട്ടില്ലാത്ത ചോദ്യമാണ്. ആ മഹാപാതകത്തിനാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ പരിഹാരമുണ്ടാക്കിയത്……. അനുഛേദം 370 എടുത്തുകളഞ്ഞുകൊണ്ട്. അതോടെ ദേശവിരുദ്ധ ശക്തികളുടെ പത്തി മടങ്ങി; ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി. ആ നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്ക് ഇത് ജീവിതാഭിലാഷം കൂടിയായിരുന്നു. എന്തിനുവേണ്ടിയാണോ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി തന്റെ ജീവന് ബലിയര്‍പ്പിച്ചത്, ആ ലക്ഷ്യം സാക്ഷാല്‍ക്കരിച്ചത് നരേന്ദ്ര മോദിയാണ്. സ്വാഭാവികമായും ഇത് അനവധി നിക്ഷിപ്ത താല്പര്യക്കാരെ വിഷമിപ്പിച്ചിട്ടുണ്ട്. അത്തരക്കാരുടെ കൂട്ടത്തില്‍ ചൈനയും പാക്കിസ്ഥാനുമുണ്ട് എന്നതും നമുക്കറിയാം.
ഷെയ്ഖ് അബ്ദുള്ള മുതല്‍ ഒമര്‍ അബ്ദുള്ള വരെ ഒരു കുടുംബത്തിലെ മൂന്ന് തലമുറയാണ് ജമ്മു കശ്മീര്‍ ഭരിച്ചത്. ഇന്ത്യക്കുള്ളില്‍ ഒരു പ്രത്യേക രാജ്യത്തെപോലെ, ഒരു സമാന്തര സര്‍ക്കാര്‍ പോലെ എല്ലാം നടത്തിപ്പോന്നു. അധികാരമൊഴിഞ്ഞാലും ജീവിതാവസാനം വരെ താമസിക്കാന്‍ സര്‍ക്കാര്‍ വീട്, പെന്ഷന്, പിന്നെ മറ്റു പല സൗകര്യങ്ങള്‍ ഒക്കെയും വേറെ. ഇതിനൊക്കെ പുറമെയാണ് കൊടിയ തട്ടിപ്പുകളും അഴിമതികളും. നൂറുകണക്കിന് കോടികള്‍ അടിച്ചുമാറ്റി എന്നതാണ് സംസാരം. അതിലൊരു ചെറിയ ഭാഗമാണ് ഇപ്പോള്‍ വെളിയില്‍ വന്നത്…… ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് എന്ന നിലക്ക് ഫാറൂഖ് അബ്ദുള്ളയുടെ അറിവോടെയും സമ്മതത്തോടെയും നടന്ന തട്ടിപ്പുകള്‍. എത്ര കോടി തട്ടിച്ചു എന്നതില്‍ ഇപ്പോഴും തര്‍ക്കമുണ്ട്. എന്നാല്‍ 94. 06 കൊടിയുടേതാണ് വെട്ടിപ്പ് എന്ന് ടൈംസ് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പറയുന്നു. മറ്റുചില പത്രങ്ങള്‍ പറയുന്നത് 43. 63 കോടിയാണ് എന്ന്. കാശ്മീരില്‍ ക്രിക്കറ്റിന് പ്രോത്സാഹനം നല്‍കാനായി 2002 മുതല്‍ 2011 വരെ ബിസിസിഐ നല്‍കിയത് 113 കോടി രൂപയാണ്. അക്കാലത്ത് ഫറൂഖ് ആയിരുന്നു ജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് ( ജെകെസിഎ) പ്രസിഡന്റ്. അദ്ദേഹം ഏതാണ്ട് മുപ്പത് വര്‍ഷക്കാലം ആ ചുമതലയിലുണ്ടായിരുന്നു. അന്ന് കിട്ടിയപണം വ്യാജ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിയെടുത്തു എന്നതാണ് കേസ്. അക്കാലത്ത് ജെകെസിഎ -യുടെ ഭാരവാഹികളായിരുന്ന എല്ലാവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. ഫറൂഖ് അബ്ദുള്ളയുടെ വിശ്വസ്തനായിരുന്ന ഒരാള്‍ ഈ കേസില്‍ കുറ്റസമ്മത മൊഴിയും കൊടുത്തുകഴിഞ്ഞു. ആ കേസിലാണ് ഇപ്പോള്‍ എന്‍ഫോഴ്സ്മെന്റ് ഡിറക്ടറേറ് അധികൃതര്‍ ചോദ്യം ചെയ്യാന്‍ വിളിച്ചത്. അത് ഒരു കേസ് മാത്രം, മറ്റുപലതും പുറത്തു വരാനിരിക്കുന്നു. ബാങ്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി നടത്തിയ തട്ടിപ്പായതിനാല്‍ ഒന്നും മറയ്ക്കാനാവില്ലല്ലോ. പലതും ഇനിയും അന്വേഷണ വിധേയമാവാനുണ്ട്; അതുകൊണ്ടുള്ള പ്രയാസമാണിപ്പോള്‍. കരുതല്‍ തടങ്കലില്‍ നിന്ന് പുറത്തുവന്ന നേതാവിന് ഉറക്കം നഷ്ടപ്പെടുന്നത് നിസാരമായ പ്രശ്നമല്ല.
കശ്മീര്‍ മാറുകയാണ്, വികസനവും
കേന്ദ്ര ഭരണ പ്രദേശമായി മാറിയ ജമ്മു കാശ്മീരില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ ശ്രദ്ധേയം തന്നെ. ഭീകര പ്രവര്‍ത്തനം വലിയതോതില്‍ കുറഞ്ഞു. പാക് ഭീകര പ്രസ്ഥാനങ്ങളുടെ നട്ടെല്ല് തകര്‍ത്തു; കൊടും ഭീകരര്‍ പലരും കൊല്ലപ്പെട്ടു. അതിര്‍ത്തികടന്നുള്ള ഭീകരരുടെ വരവും ഏതാണ്ടൊക്കെ ഇല്ലാതായി. പഴയകാലത്ത് ഭീകരരുടെ താവളങ്ങളായിരുന്ന ബഹുഭൂരിപക്ഷം ഗ്രാമങ്ങളിലും ഇന്ന് ശാന്തിയും സമാധാനവുമൊക്കെ തിരിച്ചെത്തി. വിനോദസഞ്ചാര മേഖലയും പതുക്കെപ്പതുക്കെ പിച്ചവെച്ച് മുന്നോട്ട് വരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടലുകള്‍ ഉണ്ടാവുന്നു, വികസന പദ്ധതികള്‍ നടപ്പിലാവുന്നു. അനുഛേദം 370 എടുത്തുകളഞ്ഞതിന്റെ ഗുണഫലങ്ങള്‍ ആ ജനത അനുഭവിക്കാന്‍ തുടങ്ങി. അക്കാര്യം മുസ്ലിം ഗ്രാമങ്ങളിലെ സ്ത്രീകളും കുട്ടികളും പോലും തുറന്നുപറയുന്നത് കേള്‍ക്കാം. അതായത്, കാശ്മീരില്‍ ഇനി വിഘടനവാദം ഉയര്‍ത്തി പിടിച്ചുനില്ക്കാന് കഴിയില്ലെന്ന് എല്ലാ ബിജെപി വിരുദ്ധ കക്ഷികള്‍ക്കും ബോധ്യമായിരിക്കുന്നു.
അതിനൊപ്പമാണ് ജില്ലാ വികസന സമിതികളിലേക്ക് തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം. ജമ്മു കശ്മീരിലെ പഞ്ചായത്തി രാജ് നിയമത്തില്‍ വരുത്തിയ ഭേദഗതിയാണ് ഈ വലിയ പരിഷ്കാരത്തിന് വഴിതുറന്നത്. എന്താണ് ഇതിന്റെ പ്രാധാന്യം? കേരളത്തിലും മറ്റുമുള്ള ജില്ലാ പഞ്ചായത്തുകള്‍ പോലെ വികസന സമിതികള്‍ രൂപീകൃതമാവും; ഓരോ ജില്ലാ വികസന സമിതിയിലേക്കും ഗ്രാമീണ മേഖലയില്‍ നിന്ന് 14 പേരെ വീതം തിരഞ്ഞെടുക്കും. അതില്‍ പട്ടികജാതി- വര്‍ഗ – സ്ത്രീ സംവരണവും ഉണ്ടായിരിക്കും. എംഎല്‍എമാരും ബ്ലോക്ക് വികസന സമിതി അധ്യക്ഷന്മാരും ആ സമിതിയിലുണ്ടാവും. ഓരോ ജില്ലയിലെയും വികസന – ക്ഷേമ പദ്ധതികള്‍ തീരുമാനിക്കുന്നതും അംഗീകരിക്കുന്നതും നടപ്പിലാക്കുന്നതും ഈ ജില്ലാ വികസന സമിതികള്‍ ( ഡിഡിസി ) ആയിരിക്കും. കേരളത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ മാത്രമാണുള്ളത്, അതിനുപകരം പുതിയ നിയമപ്രകാരം അവിടെ എംഎല്‍എമാരും ബ്ലോക്ക് പ്രസിഡന്റുമാരും ഉള്‍പ്പെടും. അത്രേയുള്ളു വ്യത്യാസം. എന്നാല്‍, ജില്ലാ വികസന സമിതി പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്നതിലും നീക്കം ചെയ്യുന്നതിലും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് മാത്രമേ അധികാരമുണ്ടാവൂ. ഈ സംവിധാനം ഉടനെ നടപ്പിലാക്കാനാണ് നീക്കം. അതോടെ ഭരണതലത്തില്‍ കൂടുതല്‍ ജനകീയതയും ജന പങ്കാളിത്തവും ഉണ്ടാവുമെന്നതില്‍ സംശയമില്ല.
മണ്ഡല പുനര്‍നിര്‍ണയം നിര്‍ണ്ണായകം
യഥാര്‍ഥത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അവിടെ വേഗം നടക്കേണ്ടതായിരുന്നു. എന്നാല്‍ മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള ശ്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ വൈകുകയാണ്. അത് എത്രയും വേഗം തിരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ത്തിയാക്കുകതന്നെ ചെയ്യും എന്നാണ് കരുതേണ്ടത്. മണ്ഡല പുനര്‍നിര്‍ണയം നടന്നാല്‍ നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി എന്നിവര്‍ക്ക് അധികാരം ഏറെ അകലെയാവും എന്നത് തീര്‍ച്ചയാണ്. ജനസംഖ്യാനുപാതികമായി അവിടെ മണ്ഡല പുനര്‍നിര്‍ണയം നടന്നിട്ട് 68 വര്‍ഷമായി എന്നതോര്‍ക്കുക. അത് അവസാനമായി യഥാവിധി നടന്നത് 1952 -ല്‍. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും മണ്ഡല പുനര്‍നിര്‍ണയം നടത്തേണ്ടതായിരുന്നു; പക്ഷെ, കാശ്മീരില്‍ മാത്രം അത് നടന്നില്ല. 2002-ലാണ് ഇന്ത്യയില്‍ ഏറ്റവുമവസാനമായി മണ്ഡല പുനര്‍നിര്‍ണയം നടത്തിയത്; അന്നും ജമ്മു കാശ്മീര്‍ ഒഴിവാക്കപ്പെട്ടു; ആ പ്രക്രിയയില്‍ നിന്ന് സ്വയം ഒഴിവായിക്കൊണ്ട് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു; കാശ്മീരിലെ ഭരണഘടന അതിനനുസൃതമായി അവര്‍ ഭേദഗതിയും ചെയ്തു. അത് പ്രകാരം അവിടെ ഇനി 2026- ല്‍ മാത്രമേ മണ്ഡല പുനര്‍നിര്‍ണയം നടക്കുമായിരുന്നുള്ളു. ഫറൂഖ് അബ്ദുള്ള സര്‍ക്കാരിന്റെ കാലത്താണ് ഈ കള്ളക്കളികള്‍ നടത്തിയത്.
എന്താണ് അതിന് കാരണം?. കാശ്മീര്‍ താഴ്വരയിലെ 22 മണ്ഡലങ്ങളില്‍ താരതമ്യേന വോട്ടര്‍മാരുടെ എണ്ണം കുറവായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ എണ്ണം പരിശോധിച്ചാല്‍ അത് വ്യക്തമാവും. ഉദാഹരണമായി, മുസ്ലിം ഭൂരിപക്ഷമുള്ള താഴ്വരയിലെ ഒരു മണ്ഡലത്തില്‍ ഉണ്ടായിരുന്ന ആകെ വോട്ടര്‍മാര്‍ 17,554 മാത്രം; മറ്റൊരിടത്ത് അത് 32,794, പിന്നെ 50,843 , 54484 എന്നിങ്ങനെ. എന്നാല്‍ ഹിന്ദു ഭൂരിപക്ഷമുള്ള ജമ്മു വെസ്റ്റ് മണ്ഡലത്തിലുണ്ടായിരുന്നത് 1,51,311 വോട്ടര്‍മാര്‍ ; ഗാന്ധിനഗര്‍ മണ്ഡലത്തിലേത് 1,66,133 വോട്ടര്‍മാര്‍, രജൗരിയില്‍ അത് 1,12,732 ആയിരുന്നു. സൂചിപ്പിച്ചത്, ജമ്മുവിലെ ഒരു നിയമസഭാ മണ്ഡലത്തെ മൂന്നും നാലുമാക്കി വിഭജിക്കേണ്ടത് ഒഴിവാക്കപ്പെടുകയാണ് ചെയ്തത്. ഒരു സംസ്ഥാനത്ത് ഓരോ മണ്ഡലത്തിനും വോട്ടര്‍മാരുടെ എണ്ണം സംബന്ധിച്ച് ഒരു സമാനത ഉണ്ടായല്ലേ പറ്റൂ. അത് അവിടെയില്ലായിരുന്നു. വളരെ കുറച്ചുമാത്രം വോട്ടുള്ള മുസ്ലിം ഭൂരിപക്ഷമുള്ള താഴ്വരക്ക് കൂടുതല്‍ മണ്ഡലങ്ങള്‍ നല്‍കിക്കൊണ്ട് കശ്മീര്‍ ഭരണം നിയന്ത്രിക്കുക എന്നതായിരുന്നു മുസ്ലിം- കോണ്‍ഗ്രസ് പാര്‍ട്ടികളുടെ പദ്ധതി. മണ്ഡല പുനര്‍നിര്‍ണയം വേണ്ടപോലെ നടന്നിരുന്നെങ്കില്‍ നാഷണല്‍ കോണ്‍ഫറന്‍സിനും പിഡിപിക്കും മറ്റും ജയിക്കാവുന്ന മണ്ഡലങ്ങള്‍ തുലോം കുറയും. ആ വലിയ തെറ്റാണു ഇപ്പോള്‍ തിരുത്തപ്പെടുമെന്ന് കരുതപ്പെടുന്നത്. അതായത് ഇസ്ലാമിക വര്‍ഗീയ രാഷ്ട്രീയം കൊണ്ട് ഇനി അധികാരത്തില്‍ വരാനാവില്ലെന്ന തിരിച്ചറിവ് ആ കശ്മീര്‍ പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്നു.
ഇത്തരമൊരു സാഹചര്യത്തിലാണ് ചിലര്‍ക്ക് മാനസിക നില തെറ്റുന്നത്. രക്ഷപ്പെടണമെങ്കില്‍ ജമ്മു കശ്മീര്‍ ഇനി ചൈനയുടെ ഭാഗമാവണം എന്ന്പോലും ഫറൂഖ് അബ്ദുള്ളമാര്‍ ചിന്തിച്ചു തുടങ്ങിയത് അപ്പോഴാണ്. അവര്‍ക്ക് അത്രക്ക് നിരാശ വന്നുചേര്‍ന്നു എന്നര്‍ത്ഥം. മുന്‍പ് അവര്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നത് പാകിസ്താനിലാണ്. ഇന്ത്യ വിഭജന സമയത്ത് പാക്കിസ്ഥാന്റെ ഭാഗമാവാന്‍ മനസുകൊണ്ട് ആഗ്രഹിച്ച കൂട്ടരുമാണല്ലോ ഇവര്‍. കോണ്‍ഗ്രസുകാര്‍, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധി, നേരത്തെ തന്നെ ചൈനയുമായി ഒരു എംഒയു ഒപ്പിട്ടിരുന്നു; പരസ്പര സഹായ പദ്ധതിയാവണം അത്. അതിനെത്തുടര്ന്നാവണം ഇപ്പോള്‍ ചൈന അതിര്‍ത്തിയില്‍ തമ്പടിച്ചതും ഇന്ത്യക്ക് നേരെ ഭീഷണി ഉയര്‍ത്തുന്നതും. ആ ശത്രു രാജ്യത്തിന്റെ പട്ടാളത്തെ പ്രതീക്ഷിച്ചു കഴിയുകയാണ് കോണ്‍ഗ്രസ് അടക്കമുള്ള നമ്മുടെ പ്രതിപക്ഷം എന്നല്ലേ നാം കരുതേണ്ടത്; കൂട്ടത്തില്‍ ജമ്മു കശ്മീരിലെ ഈ രാഷ്ട്രീയക്കാരും. അവര്‍ക്ക് തുടര്‍ന്നും നല്ല സ്വപ്നങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കാനല്ലേ നമുക്ക് കഴിയു. എന്നാല്‍ ഇന്ത്യന്‍ സൈന്യം, നരേന്ദ്ര മോഡി സര്‍ക്കാര്‍, അതിര്‍ത്തിയില്‍ ചെയ്യേണ്ടതൊക്കെ ചെയ്യുന്നുണ്ട്. 1962 മുതല്‍ ചൈനക്ക് ഇന്ത്യന്‍ ഭൂമി ദാനം ചെയ്തവരെപ്പോലെയല്ല ഇപ്പോഴത്തെ ഭരണകൂടം; അന്നവര്‍ പകുത്ത് നല്‍കിയതടക്കം തിരിച്ചുപിടിക്കാനാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം എന്നതുമോര്‍ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: