സൂര്യ നായകനായി എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിതം പറയുന്ന ബിഗ് ബജറ്റ് ചിത്രം ‘സുരരൈ പോട്രു’വിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കുറഞ്ഞ നിരക്കില്‍ എയര്‍ലൈന്‍ സ്ഥാപിച്ച റിട്ടയേര്‍ഡ് ആര്‍മി ക്യാപ്റ്റനും എയര്‍ ഡെക്കണ്‍ സ്ഥാപകനുമായ ജിആര്‍ ഗോപിനാഥന്റെ ജീവിതകഥയാണ് സിനിമ പറയുന്നത്. സിനിമഒക്ടോബര് 30ന് ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുന്നത്. സൂര്യതന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
സുധ കൊങ്കര സംവിധാനം ചെയ്യുന്ന സിനിമയില്‍ നടി അപര്‍ണ ബാലമുരളിയാണ് നായിക. സംവിധായിക സുധ കൊങ്കരയും ശാലിനി ഉഷ ദേവിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.
മാധവന് നായകനായ ‘ഇരുതി സുട്രു’വിന് ശേഷം സുധ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂരരൈ പോട്ര്. സൂര്യയുടെ 2 ഡി എന്റര്ടെയ്ന്മെന്റ്സും സിഖീയ എന്റര്ടെയ്ന്മെന്റ്സും ചേര്‍ന്നാണ് സൂരരൈ പോട്ര് നിര്‍മ്മിക്കുന്നത്. ‘ആകാശം നീ ഹദ്ദു’ എന്ന പേരില്‍ ഈ സിനിമ തെലുങ്കില്‍ മൊഴിമാറ്റവും ചെയ്യുന്നുണ്ട്. ഉര്‍വശി, ജാക്കി ഷ്രോഫ്, പരേഷ് റാവല്‍, കരുണാസ്, വിവേക് പ്രസന്ന, മോഹന്‍ ബാബു, കാളി വെങ്കട് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഒടിടി റിലീസിന്റെ പേരില്‍ തമിഴ് സിനിമാ സംഘടനകളും തിയേറ്ററുടമകളും തമ്മില്‍ രൂക്ഷതര്‍ക്കം നിലനില്‍ക്കുമ്പോഴാണ് സൂര്യ ഓണ്‍ലൈന്‍ റിലീസ് പ്രഖ്യാപിച്ചത്. ജ്യോതിക നായികയായ ‘പൊന്മകള് വന്താല്‍’ ഒടിടി റിലീസ് ചെയ്തപ്പോള്‍ തന്നെ സൂര്യയുടെ ചിത്രങ്ങള്‍ ഇനി തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയറ്റര്‍ ഉടമകള്‍ പറഞ്ഞിരുന്നു. ഈ ഭീഷണി തള്ളിയാണ് തന്റെ സിനിമയും ഒടിടി റിലീസ് ചെയ്യാന്‍ സൂര്യ തയ്യാറെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: