Categories: Kerala

ബിജുവിനെ കൊലപ്പെടുത്തിയതായി സംശയം; അന്വേഷണം ആരംഭിച്ചു

Published by

തൊടുപുഴ: കുമാരമംഗലത്ത് ഏഴുവയസുകാരനെ അമ്മയുടെ കാമുകന്‍ ക്രൂരമായി കൊന്ന കേസിലെ കുട്ടിയുടെ അച്ഛന്റെ മരണവും കൊലപാതകമായിരുന്നെന്ന സംശയം ബലപ്പെടുന്നു.  

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ ബിജുവിന്റെ മരണത്തിലാണ് അദ്ദേഹത്തിന്റെ അച്ഛന്‍ മുഖ്യമന്ത്രിയ്‌ക്ക് പരാതി നല്‍കിയത്. ഈ കേസിലാണ് തൊടുപുഴ ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചത്. മരിച്ച ആര്യന്റെ ഇളയ സഹോദരന്‍ നല്‍കിയ മൊഴിയില്‍ മരിക്കുന്നതിന്റെ തലേന്ന് അമ്മ അഞ്ജന അച്ഛന് പാല്‍ നല്‍കിയതായി പറഞ്ഞിട്ടുണ്ട്, ഇതാണ് കേസില്‍ നിര്‍ണ്ണായകമായത്.  

23ന് നെയ്യാറ്റിന്‍കരയിലെ കുടുംബ വീട്ടിലെത്തിയ അന്വേഷണ സംഘം കുഴിമാടം തുറന്ന് ആന്തരിക അവയവങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മേല്‍നോട്ട ചുമതലയുള്ള തൊടുപുഴ ക്രൈംബ്രാഞ്ച് എസ്പി പി.കെ. മധുവും സിഐ ടി.എ. യൂനസും പറഞ്ഞു. ആന്തരിക അവയവ സാമ്പിളിന്റെ ഫലം വന്ന ശേഷമെ കൊലപാതകമാണോ എന്നതില്‍ വ്യക്തവരികയുള്ളൂവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

ബിജു ഹൃദയാഘാതത്തെ തുടര്‍ച്ച് മരിച്ചുവെന്നായിരുന്നു നിഗമനം. എന്നാല്‍ മാസങ്ങള്‍ കഴിയും മുമ്പെ അഞ്ജന നന്ദന്‍കോട് സ്വദേശിയും ബന്ധുവുമായ അരുണിനൊപ്പം നാടുവിടുകയായിരുന്നു. ബിജുവിനെ കൊല്ലാല്‍ അരുണിന്റെ നിര്‍ദേശ പ്രകാരം അഞ്ജന പാലില്‍ വിഷം ചേര്‍ത്തോ എന്നാണ്  സംശയിക്കുന്നത്. കുട്ടിയുടെ കൊലപാതകത്തിന് പിന്നാലെ തന്നെ ഇത് സംബന്ധിച്ച പരാതി ഉയര്‍ന്നെങ്കിലും അന്വേഷണം ആരംഭിച്ചത് ഒന്നര വര്‍ഷത്തിന് ശേഷമാണ്.  

2019ല്‍ ഏപ്രിലില്‍ ഏറെ കൊളിളക്കം സൃഷ്ടിച്ച കേസാണ് ഏഴുവയസുകാരനായ ആര്യന്റെ കൊലപാതകം. മലയാളി അത്ര വേഗം മറക്കാനിടയില്ലാത്ത ക്രൂരമുഖമായി അരുണ്‍ പിന്നാലെ മാറി. ക്രൂരമായി മര്‍ദിച്ച ശേഷം കുട്ടിയെ ഭിത്തിയില്‍ തലയിടച്ചാണ് കൊലപ്പെടുത്തിയത്.  

പിന്നീട് പുലര്‍ച്ചെയോടെ ബോധമറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചപ്പോഴും അമ്മയും അരുണും ചേര്‍ന്ന് അധികൃതരുമായി തര്‍ക്കിച്ച് സമയം കളഞ്ഞു. ഇതാണ് 10 ദിവസത്തോളം വിദഗ്ധ ചികിത്സ നല്‍കിയിട്ടും കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്. പിന്നാലെ ഇരുവരും അറസ്റ്റിലായി. മുഖ്യപ്രതിയായ അരുണ്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by