അക്ഷരങ്ങളില്‍ നിന്നും അറിവില്‍ നിന്നും ബോധപൂര്‍വ്വം മാറ്റി നിര്‍ത്തിയും നാല്‍ക്കാലികള്‍ അനുഭവിച്ച സ്വാതന്ത്ര്യം പോലും നല്‍കാതെയും അടിച്ചമര്‍ത്തപ്പെട്ട, പാര്‍ശ്വവത്കരിക്കപ്പെട്ട കീഴാള ജനതയെ അക്ഷരങ്ങളുടെ തോഴരും അറിവിന്റെ ഉടമകളുമാക്കാന്‍ പോരാടിയ വ്യക്തിയാണ് മഹാത്മാ കാവാരികുളം കണ്ടന്‍കുമാരന്‍. അദ്ദേഹത്തിന്റെ 157-ാമത് ജയന്തിയാണ് നാളെ.
പൊതുനിരത്തുകള്‍ സഞ്ചാരപഥമാക്കാനോ, പൊതുകുളങ്ങളില്‍ നിന്ന് ജലമെടുക്കാനോ, നഗ്നത പൂര്‍ണമായി മറയക്കുന്നതിനോ അനുവദിക്കാതെ ചാതുര്‍വര്‍ണ്യ ശാസനകള്‍ കൊണ്ട് വരിഞ്ഞുകെട്ടിയ യാഥാസ്തിതികത്വത്തിന് നടുവിലാണ് കണ്ടന്‍കുമാരന്റെ പിറവി. കൃഷിപ്പണിയും ഈറ്റപ്പണിയുമായിരുന്നു മാതാപിതാക്കളുടെ ജോലി. അവര്‍ വയലില്‍ പണിക്കിറങ്ങുമ്പോള്‍ കരയില്‍ ഇളയ കുട്ടികള്‍ക്ക് കാവലിരിക്കുകയാണ് മൂത്തകുട്ടികള്‍ക്കള്ള ജോലി. കുമാരന്റെ ബാല്യവും മാറ്റമില്ലാത്തതായിരുന്നു.
അക്ഷരം പഠിക്കണമെന്ന മോഹം മാതാപിതാക്കളെ അറിയിച്ച കുമാരന്റെ വായ് പൊത്തിപ്പിടിച്ചുകൊണ്ട് അവര്‍ തങ്ങളുടെ നിസ്സഹായത വെളിപ്പെടുത്തി. തമ്പുരാന്റെ മണ്ണില്‍ വേല ചെയ്യുക, അറ നിറയ്‌ക്കുക എന്നതിനപ്പുറം ഒന്നും ആഗ്രഹിച്ചുകൂടാ. അടിയാന്മാര്‍ക്ക് പറഞ്ഞിട്ടുള്ളത് എല്ലുമുറിയെ പണിയെടുക്കാനാണ്. പല്ലു മുറിയെ തിന്നാന്‍ ആഗ്രഹിച്ചുകൂടാ. പക്ഷെ, ആ കുഞ്ഞ് മനസ്സ് ആത്മനൊമ്പരത്തിന്റെ കനല്‍ ഏറ്റുവാങ്ങുകയായിരുന്നു. കുമാരന്‍ വളരുന്തോറും ഉള്ളിലെ കനല്‍ നീറിപ്പുകഞ്ഞു കൊണ്ടേയിരുന്നു.
1865 ല്‍ ദിവാന്‍ ടി.മാധവറാവുവിന്റെ വിളംബരം വന്നു. തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ജോലിക്ക് വിദ്യാഭ്യാസം ബാധകമാക്കിയുള്ളതായിരുന്നു അത്. ഇത് എല്ലാ ജനവിഭാഗങ്ങള്‍ക്കിടയിലും ചലനങ്ങള്‍ സൃഷ്ടിച്ചു. അതിന് മുമ്പ് തന്നെ വിദേശ മിഷണറിമാര്‍ മതപരിവര്‍ത്തനം ചെയ്യുന്നതിനൊപ്പം വിദ്യാലയങ്ങള്‍ സ്ഥാപിക്കുകയും ജാതി-മത പരിഗണന കൂടാതെ എല്ലാവരേയും ഒന്നിച്ചിരുത്തി പഠിപ്പിക്കാനും ആരംഭിച്ചിരുന്നു. ഇത് അധഃകൃത സമുദായങ്ങളില്‍ വലിയ ഉണര്‍വിന് കാരണമായി. പുലയര്‍, പറയര്‍, കുറവര്‍, അയ്യനവര്‍ തുടങ്ങിയ ജാതികളില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് കൂട്ടത്തോടെ ഒഴുക്കൊണ്ടിരുന്നു. 1888 ല്‍ ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് നടത്തിയ ഐതിഹാസികമായ ശിവ പ്രതിഷ്ഠ മലയാളക്കരയെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കിമറിച്ചു. മൊട്ടിട്ടുനിന്നിരുന്ന വിപ്ലവ പരിവര്‍ത്തന ചിന്തകള്‍ പൊട്ടി വിടര്‍ന്നു. പരദേശി ബ്രാഹ്മണര്‍ കയ്യടക്കി വച്ചിരുന്ന സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ തദ്ദേശീയ ജനങ്ങള്‍ക്ക് ലഭിക്കുന്നതിനായി മലയാളി മെമ്മോറിയല്‍ സമര്‍പ്പിക്കപ്പെട്ടു. ഈഴവര്‍ക്ക് ആനുപാതിക പ്രാതിനിധ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ഈഴവ മെമ്മോറിയലും ചരിത്രത്തിന്റെ ഭാഗമായി. എസ്എന്‍ഡിപി യോഗവും സാധുജന പരിപാലന സംഘവും രൂപീകരിക്കപ്പെട്ടു. പഠനമില്ലെങ്കില്‍ പാടത്തേക്കില്ലെന്ന് പ്രഖ്യാപിച്ച് അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന പണിമുടക്ക് സമരം അയിത്തജാതി ജനതയില്‍ അതിരുകള്‍ ഭേദിച്ച പ്രചോദനമായിരുന്നു.
ഓരോ ജാതി സമൂഹവും തങ്ങളുടേതായ സ്വത്വവും തനിമയും നിലനിര്‍ത്തിയും ആന്തരിക ശുദ്ധീകരണവും പരിഷ്‌കരണവും നവീകരണവും പ്രാവര്‍ത്തികമാക്കിക്കൊണ്ടിരുന്നു. കുമാരന്‍ തന്റെ സമപ്രായക്കാരേയും സമാന ചിന്താഗതിക്കാരേയും ചേര്‍ത്തുകൊണ്ട് ബ്രഹ്മപ്രത്യക്ഷ സാധുജന പരിപാലന സംഘം രൂപീകരിച്ചു. ഈ സംഘടന തിരുവിതാംകൂറിന്റെ വിവിധ ദേശങ്ങളില്‍ അതിവേഗം വളര്‍ന്നു. 1863 ഒക്ടോബര്‍ 25ന് പത്തനംതിട്ട മല്ലപ്പള്ളി താലൂക്ക് പെരുമ്പെട്ടി ഗ്രാമത്തില്‍ കാവാരികുളം എന്ന പറയഗൃഹത്തില്‍ കണ്ടന്റേയും മാണിയുടേയും മകനായി ജനിച്ച കണ്ടന്‍ കുമാരന്‍ തിരുവിതാംകൂറിന്റെ നവോത്ഥാന പോരാട്ട ചരിത്രത്തിലെ സൂര്യതേജസ്സായി ജ്വലിച്ചുയരുകയായിരുന്നു.
സംഘാടനത്തിലൂടെ ശാക്തീകരണം, ആത്മീയ ഉണര്‍വ്, വിദ്യാഭ്യാസം, അറിവ് വര്‍ധിപ്പിക്കല്‍, സമൂഹോന്നതി തുടങ്ങിയ ബാഹ്യമായ നവീകരണവും ലക്ഷ്യമിട്ട സംഘം ‘ ദാനപ്പതിവ്’ ലൂടെ സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു. പുറമ്പോക്ക് ഭൂമി, പുതുവല്‍ ഭൂമി എന്നിവ വന്‍തോതില്‍ പതിച്ചുകിട്ടുന്നതിനായി ലഭിക്കേണ്ട ഭൂമിയുടെ സര്‍വേ നമ്പര്‍, എലുക, വിസ്തീര്‍ണം എന്നിവ കൃത്യമായി കണ്ടെത്തി സര്‍ക്കാരില്‍ അപേക്ഷ നല്‍കി തന്റെ ആളുകള്‍ക്ക് പതിച്ചുവാങ്ങുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. 1915ല്‍ അദ്ദേഹം ശ്രീമൂലം പ്രജാസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടു. അധഃസ്ഥിത ജനതയില്‍ അ്യ്യങ്കാളി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാലം ( 14 വര്‍ഷം) സാമാജികനായിരുന്നത് കണ്ടന്‍കുമാരനാണ്.
ഒരര്‍ത്ഥത്തില്‍ സഭാവേദിയെ സമരവേദിയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സഭാധ്യക്ഷന്മാരുടേയും സഹ സാമാജികന്മാരുടേയും പ്രീതിയും പ്രശംസയും ആര്‍ജ്ജിച്ചെടുക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അയിത്തജാതിക്കാരായ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുന്നില്ലെന്ന് ബോധ്യമായപ്പോള്‍ തിരുവിതാംകൂറിലെ കുന്നത്തൂര്‍, മാവേലിക്കര, തിരുവല്ല, ചങ്ങനാശേരി, പീരുമേട് താലൂക്കുകളിലായി 52 ഏകാധ്യാപക വിദ്യാലയങ്ങള്‍ തന്റെ സമുദായം നടത്തിവരുന്നുണ്ടെന്ന് 1917 ഫെബ്രുവരി 22 ന് കണ്ടന്‍ കുമാരന്‍ സഭയില്‍ വെളിപ്പെടുത്തി. വിദ്യാഭ്യാസപരമായി ഏറ്റവും പിന്നിലായിരുന്ന തന്റെ സമുദായത്തെ അത്യദ്ധ്വാനത്തിലൂടെ സാക്ഷരതയില്‍ സംസ്ഥാനത്ത് നാലാം സ്ഥാനത്തേക്ക് ഉയര്‍ത്തി.
കീഴാള ജനതയുടെ വിമോചനം ഭൂമിയുടെ ഉടമസ്ഥാവകാശ ലബ്ധിയിലൂടെയും മെച്ചപ്പെട്ട വിദ്യാഭ്യാസം ആര്‍ജ്ജിക്കുന്നതിലൂടെയും മാത്രമേ സാധ്യമാകൂ എന്ന് ഒരു നൂറ്റാണ്ട് മുമ്പ് തന്നെ തിരിച്ചറിയുകയും അതിനായി കഠിനാധ്വാനം ചെയ്യുകയും ചെയ്ത പോരാളിയായിരുന്നു കണ്ടന്‍ കുമാരന്‍. 1934 ഒക്ടോബര്‍ 16 ന് ആദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
സാംബവ മഹാസഭ ജന.സെക്രട്ടറിയാണ് ലേഖകന്‍
(94973 36510)
പ്രതികരിക്കാൻ ഇവിടെ എഴുതുക: