കണ്ണൂര്‍: സര്‍വകലാശാല തലത്തില്‍ ആദ്യത്തെ സമ്പൂര്‍ണ ഹരിത കമ്പ്യൂട്ടിങ് സംരംഭമായി മാറുകയാണ് . കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസ്സിലെ ഐടി ഡിപ്പാര്‍ട്ട്മെന്റില്‍ ഒരുങ്ങുന്ന സെന്‍ട്രല്‍ കമ്പ്യൂട്ടിങ് ഫെസിലിറ്റി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള സംരഭത്തില്‍ പൊതുമേഖലാ സ്ഥാപനമായ ഐടിഐ പാലക്കാട് നിര്‍മിക്കുന്ന സ്മാഷ് പിസി, സ്മാര്‍ട്ട് പവര്‍ സ്റ്റേഷന് എന്നിവ ഉപയോഗിച്ചുകൊണ്ടാണ് സംവിധാനമൊരുക്കിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം 27ന് വൈകിട്ട് 3.30ന് ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
ഹരിത കമ്പ്യൂട്ടിങ് സംരംഭത്തിലൂടെ കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 144000 യൂണിറ്റ് വൈദ്യുതി ലാഭിക്കുവാനും 102 മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് ഉതാപാദനം കുറയ്ക്കുവാനും കഴിയുമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് പറഞ്ഞു. സര്‍വകലാശാലയുടെ താവക്കര ആസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങുന്ന സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ മുഴുവന്‍ കമ്പ്യൂട്ടറുകളും സ്മാഷ് പിസി ഉപയോഗിച്ചുകൊണ്ടുള്ളവയാണ്. പുതിയ ഡെസ്ക്ടോപ്പുകള്‍ സ്ഥാപിക്കുന്നവയില്‍ പത്ത് ശതമാനമെങ്കിലും സ്മാര്‍ട്ട് പവര്‍ സ്റ്റേഷനിലൂടെ പ്രവര്‍ത്തിക്കുന്നവയാണെങ്കില്‍ പ്രതിവര്‍ഷം പത്ത് ദശലക്ഷം യൂണിറ്റ് ഗ്രിഡ് വൈദ്യുതി ലാഭിക്കാനാകുമെന്നും വിസി പറഞ്ഞു.
ഡെസ്ക്ടോപ് കമ്പ്യൂട്ടറുകള്‍ 150 വാട്ട്സ് ഉപയോഗിക്കുമ്പോള്‍ ഐ.ടി.ഐ സ്മാഷ് പിസിയുടെ ഊര്‍ജ്ജ ഉപഭോഗം വെറും 35 വാട്ട്സ് മാത്രമാണ്. നിവലില്‍ ഒരുക്കിയിരിക്കുന്ന ലാബില്‍ 53 കമ്പ്യൂട്ടറുകളാണ് ഈ സാങ്കേതിക വിദ്യയിലൂടെ പ്രവര്‍ത്തിക്കുക. സോളാര്‍ പാനലോടു കൂടി ഒരൊറ്റ സ്മാഷ് പിസി സ്ഥാപിക്കുന്നതിലൂടെ പ്രതിവര്‍ഷം 267 കിലോഗ്രാം കാര്‍ബണ്‍ ഉത്പാദനം ഒഴിവാക്കാം. പരിസ്ഥിതി സൗഹൃദ ഉത്പന്നത്തിന്റെ ഉപഭോഗത്തിലൂടെ ഈവെയ്സ്റ്റിന്റെ അളവ് കുറയ്ക്കാനും കഴിയും. മന്ത്രി ഡോ. കെ.ടി. ജലീല്‍, രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ടി.വി. രാജേഷ് എംഎല്‍എ, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: