ന്യൂദല്‍ഹി: മൂന്നാം തലമുറ ടാങ്ക് വേധ മിസൈല്‍ ‘നാഗി’ന്റെ അന്തിമ പരീക്ഷണം വിജയകരം. നിശ്ചിത ദൂരപരിധിയില്‍ സജ്ജീകരിച്ചിരുന്ന ടാങ്കിനെ ആക്രമിച്ചു കൊണ്ടാണ് നാഗ് മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. നാഗ് മിസൈല്‍ വാഹനമായ നമിക (NAMIKA) ആണ് മിസൈല്‍ വിക്ഷേപിച്ചത്. സംരക്ഷിത കവചം തകര്‍ത്തുകൊണ്ടാണ് ലക്ഷ്യസ്ഥാനത്ത് മിസൈല്‍ പതിച്ചത്.
ഇന്ന് രാവിലെ 6.45ന് പൊക്രാനിലാണ് പരിക്ഷണം നടത്തിയത്. ശത്രു ടാങ്കുകളെ രാത്രിയും പകലും ഒരു പോലെ ആക്രമിച്ച് കീഴടക്കാന്‍ ആകും എന്നതാണ് ഡി.ആര്.ഡി.ഒ നിര്‍മ്മിച്ച നാഗ് മിസൈലിന്റെ പ്രത്യേകത. ‘ഫയര്‍ ആന്‍ഡ് ഫോര്‍ഗെറ്റ്’,ടാങ്കിന്റെ മുകള്‍ഭാഗത്ത് തന്നെ പതിക്കുന്ന ‘ടോപ് അറ്റാക്ക്’ തുടങ്ങിയ സവിശേഷതകളുള്ള നാഗ് മിസൈലിന് അത്യാധുനിക സംരക്ഷിത കവചങ്ങളോട് കൂടിയ ടാങ്കിനെയും ആക്രമിക്കാന്‍ ആകും.
പരീക്ഷണം വിജയിച്ചത്തോടെ മിസൈല്‍ ഉത്പാദനം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കും. പ്രതിരോധരംഗത്തെ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് ആയിരിക്കും മിസൈല്‍ നിര്‍മ്മിക്കുക. അതേസമയം മിസൈല്‍ വാഹനമായ നമിക ഓര്‍ഡ് നന്‍സ് ഫാക്ടറി ആയ മേ ദക് ആവും നിര്‍മ്മിക്കുക.
നാഗ് മിസൈലിന്റെ വിജയകരമായ പരീക്ഷണത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഡി.ആര്.ഡി.ഒ യെയും കരസേനയെയും അഭിനന്ദിച്ചു. മിസൈല്‍ ഉത്പാദന ഘട്ടംവരെ എത്തിച്ച കരസേന,ഡിആര്‍ഡിഒ, വ്യവസായരംഗം എന്നിവരെ ഡി.ആര്.ഡി.ഒ ചെയര്മാന് ഡോ. ജി. സതീഷ് റെഡ്ഡി അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: