നവംബര്‍ 7, 8, 9 തീയതികളില്‍ കോട്ടയത്തു നടന്ന തപസ്യ ദശവാര്‍ഷികത്തിന്നുശേഷം തിരികെ കുമരനല്ലൂരിലേയ്ക്കു വരുമ്പോള്‍ മനസ്സില്‍ മുഴങ്ങിക്കൊണ്ടിരുന്നത് മൂന്ന് വാക്യങ്ങളായിരുന്നു. ഒന്ന്: ”സര്‍ഗ്ഗഭാവന ആരില്‍ സംഭവിക്കുന്നുവോ അവനാണ് ദ്വിജന്.” പറഞ്ഞത് എം.വി.ദേവന്. ആലോചിക്കുന്തോറും അമൃതായിത്തീരുന്നതാണ് ആ വാക്യം. ചാതുര്‍വര്‍ണ്യം ചെയ്തത് സര്‍ഗ്ഗഭാവനയുടെ അമൂല്യത അംഗീകരിക്കുകയാണ്. എന്നാല്‍ കാലാന്തരത്തില്‍ അതു ജാതിയായി അധഃപതിച്ചു. അപ്പോഴാണ് മണ്ണ് കുഴച്ച് പാത്രമുണ്ടാക്കിയവനെ ‘കൊശവന്’ എന്ന് ആക്ഷേപിക്കാന്‍ തുടങ്ങിയത്.
ഇന്ത്യയില്‍ പില്ക്കാലത്തുണ്ടായ പല വിനകള്‍ക്കും കാരണമായത് ഈ ജാതി വ്യവസ്ഥയാണ്. വൈദേശിക ഭരണാധിപതികള്‍ക്കിവിടെ വേരോടിക്കാന്‍ സഹായകമായിത്തീര്‍ന്നത് ഈ ജാതി വ്യവസ്ഥ തന്നെയായിരുന്നു. ഒരു പുതിയ ഭാരതം ഉയിര്ത്തെഴുന്നേല്ക്കുന്നത് ജാതിവ്യവസ്ഥയുടെ സമ്പൂര്‍ണ തിരോധാനത്തില്‍ മാത്രമായിരിക്കും. അവശസമുദായങ്ങള്‍ക്ക് ഇന്നു ലഭിക്കുന്ന സംവരണം ഒഴിവാക്കാനായിട്ടില്ല എന്നും ദേവന് സൂചിപ്പിച്ചു.
ഇതൊക്കെ ശരി. പക്ഷേ, സംവരണംകൊണ്ടുമാത്രം അവശസമുദായങ്ങള്‍ പൂര്‍ണ പൗരന്മാരാവുമോ? കാശിയില്‍ ശങ്കരാചാര്യരെ നേരിട്ട ചണ്ഡാളന്റെ ആത്മവത്ത ഉണരുമ്പോഴേ പ്രശ്നം പൂര്‍ണമായി പരിഹൃതമാവുകയുള്ളൂ. ഗാന്ധിജി ആര്‍എസ്എസ് ക്യാമ്പു സന്ദര്‍ശിച്ച് ഇതില്‍ ഹരിജനങ്ങളായി ആരെല്ലാമുണ്ട് എന്നു ചോദിച്ചപ്പോള്‍ ഒരാള്‍പോലും എഴുന്നേറ്റുനിന്നില്ലെന്നും, പിന്നീട് ക്യാമ്പ് അംഗങ്ങളുമായി ഇടപെട്ടപ്പോള്‍ അവരില്‍ ചിലര്‍ ഹരിജന വിഭാഗക്കാരാണെന്നു ഗാന്ധിജിക്കു മനസ്സിലായെന്നും പി. മാധവന് ‘മാതൃഭൂമി’ ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത് ഇവിടെ സ്മരണയോഗ്യമായിത്തീരുന്നു.
മറ്റൊരു വാക്യം ആര്. ഹരിയുടെ പ്രസംഗത്തില്‍നിന്നാണ്. നമ്മുടെ കേരളത്തിലെ കുട്ടികള്‍ ‘കിളിത്തട്ട്’ എന്നൊരു കളി കളിച്ചുവരുന്നുണ്ടല്ലോ. ഇതേ കളി മഹാരാഷ്ട്രത്തിലും ഞാന്‍ കണ്ടു. അവിടെ അതിന്നു പേര് ‘ആട്യാപാട്യാ’ എന്നാണ്. ലവണ്-ലോണ്‍ എന്നിങ്ങനെ മറ്റു ചില പേരുകളിലും അതവിടെ അറിയപ്പെടുന്നു. കളിയുടെ ചടങ്ങില്‍ പറയത്തക്ക വ്യത്യാസമൊന്നുമില്ല. കേരളത്തിലെ കിളിത്തട്ടുതന്നെ. കിളിത്തട്ടിന്നും പ്രാദേശികമായി വേറെ പേരുകളുണ്ടല്ലോ.
ഇന്ത്യ ഒന്നായിരുന്നു എന്നതിന്റെ സൂചനകളില്‍ ഒന്നാണിത്. ഈ ലേഖകന്‍ പത്തുകൊല്ലം മുന്‍പ് കേരള സാഹിത്യ അക്കാദമിയുടെ ഒരു സന്ദര്‍ശക സംഘാംഗമായി ഗുജറാത്തില്‍ ഒരാഴ്ച സഞ്ചരിക്കുകയുണ്ടായി. ഒരു സായാഹ്നത്തില്‍ ജുനാഗഡില്‍ ഒരു ജില്ലാ വിദ്യാഭ്യാസമേളയിലെ കലാപരിപാടികള്‍ ഞങ്ങളാസ്വദിച്ചു. അവിടെ പ്രദര്‍ശിപ്പിക്കപ്പെട്ട പരിപാടികളില്‍ പാടിയ പാട്ടുകളുടെ അര്‍ത്ഥം ഞങ്ങള്‍ ദ്വിഭാഷിയോടു ചോദിച്ചു മനസ്സിലാക്കിയപ്പോഴാണ് ഞാന്‍ അമ്പരന്നത്. രണ്ടു പാട്ടുകള്‍ മലയാളത്തിലെ നാടോടിപ്പാട്ടുകളുടെ തര്‍ജ്ജമയോ എന്നു തന്നെ തോന്നിപ്പോയി: ”ഒരുപിടി പണം വാരി മടിയിലിട്ടു തുപ്പന്‍”, ”പച്ചമലൈ പവിളമലൈ എങ്കളുടെ നാട്” എന്നിവയായിരുന്നു ആ പാട്ടുകള്‍. പാട്ടിന്റെ ഗുജറാത്തി പതിപ്പില്‍ കോഴിക്കോടിന്നു പകരം ‘ജുനാഗഡ്’ എന്നോ എന്താണ് ചേര്‍ത്തിരുന്നത് എന്ന് ഓര്‍മയില്ല. തുപ്പന്നുപകരം ഒരു ഗുജറാത്തി പേരാണ്. അതും എന്താണെന്നോര്‍മയില്ല. പക്ഷേ, ഓര്മയുള്ള ഒരു കാര്യമുണ്ട്. ഇന്ത്യ ഒന്നായിരുന്നു. സംസ്കൃത ഭാഷ ഈ രാജ്യത്തിന്റെ എല്ലാ ഭാഷകളുടെയും പിതാവായിരുന്നു. സംസ്കൃത ഭാഷയുമായി അങ്ങാടിയില്‍ക്കണ്ട പരിചയംപോലുമില്ല എന്നു ഭാവിക്കുന്ന തമിഴിന്നുപോലും സംസ്കൃതത്തിന്റെ അക്ഷരമാലയും ലിപിയും ഇന്നും ആശ്രയമായിരിക്കുന്നു എന്നതാണല്ലോ സൂക്ഷ്മസത്യം.
ഇതൊക്കെ ശരിയാണെങ്കിലും ഈ സത്യങ്ങളൊന്നും പെട്ടെന്നു പുലരാന്‍ പോകുന്നില്ല. നമ്മുടെ സാംസ്കാരിക മാധ്യമങ്ങളൊന്നും ഇന്ത്യയുടെ ദേശീയൈക്യം പുനര്‍നിര്‍മിക്കുന്നതില്‍ ശ്രദ്ധയുള്ളവരല്ല. ഓരോ ഗ്രാമത്തിനും വേറെ വേറെ എഡിഷന് ഇറക്കി സംസ്ഥാനങ്ങളെപ്പോലും വിഭജിച്ചു പണം നേടുന്നതിലാണ് നമ്മുടെ പത്രങ്ങള്‍ക്കുത്സാഹം. സാംസ്കാരിക വൃത്താന്തങ്ങള്‍ക്കുപോലും അവര്‍ പ്രാദേശികത്വം എന്ന പതിത്വം കല്പ്പിക്കുന്നു. ഈ സ്ഥിതി എങ്ങനെ മാറും? അതിനെപ്പറ്റിയാണ് സി. രാധാകൃഷ്ണന് സംസാരിച്ചത്. ”ഞാനിവിടെ എന്തുപറഞ്ഞിട്ടും കാര്യമില്ല; അതു ശ്രോതാക്കളുടെ കാതിലെത്തിക്കുന്നത് എന്റെ മുമ്പിലുള്ള യന്ത്രമാണ്. അതിനെ ഓണാക്കാനും ഓഫാക്കാനും സ്വാതന്ത്ര്യമുള്ള ഒരു സാങ്കേതിക വിദഗ്ദ്ധന് താഴെ ഇരിപ്പുണ്ട്. അയാളുടെ ദയവുണ്ടെങ്കില്‍ മാത്രമേ എന്റെ ശബ്ദം നിങ്ങളുടെ കാതുകളില്‍ എത്തുകയുള്ളൂ.” ഇത് എല്ലാ മാധ്യമങ്ങളെപ്പറ്റിയുമുള്ള പരമസത്യമത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: