തിരുവനന്തപുരം: നാഥനില്ലാത്ത ഒരു കേസില്‍ കുമ്മനം രാജശേഖരനെ പോലെ മുതിര്‍ന്ന നേതാവിനെ പ്രതിയാക്കുന്നത് ബി.ജെ.പിയെ അക്രമിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കുമ്മനം രാജശേഖരനെ കേരളത്തിലെ പൊതുസമൂഹത്തിന് അറിയാം. ഇത്തരത്തിലുള്ള ഒരു ആരോപണത്തിനും അദ്ദേഹത്തിന്റെ മേല്‍ കളങ്കം ചാര്‍ത്താനാവില്ലെന്ന് സുരേന്ദ്രന്‍ കൊച്ചിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാരിന് തലവേദനയായിട്ടുള്ള നിരവധി ജനകീയ സമരങ്ങള്‍ ഏറ്റെടുത്ത സന്ന്യാസതുല്ല്യനായ നേതാവാണ് അദ്ദേഹം. സംശുദ്ധരാഷ്‌ട്രീയത്തിന്റെ ഉടമയായ കുമ്മനത്തെ വേട്ടയാടി ബി.ജെ.പിയെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം വിജയിക്കില്ല. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖംനഷ്ടപ്പെട്ട സര്‍ക്കാര്‍ പകപോക്കുകയാണ്. ഇതിനെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടും. ശ്രീപത്മനാഭസ്വാമി ക്ഷേത്ര സമിതി അംഗമാകാന്‍ കുമ്മനം രാജശേഖരനെ പോലെ യോഗ്യനായ മറ്റൊരു വ്യക്തി കേരളത്തിലില്ല. ആദ്ധ്യാത്മീയ കാര്യങ്ങളില്‍ വിശ്വാസി സമൂഹത്തിന്റെ അവസാനവാക്കാണ് അദ്ദേഹമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സി.പി.എം നേതാക്കള്‍ പ്രതികളായിട്ടുള്ള സംസ്ഥാനത്തെ നിരവധി ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. പി.എസ്.സി തട്ടിപ്പ് ഉള്‍പ്പെടെയുള്ള കേസുകളാണ് പിന്‍വലിക്കുന്നത്. ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത പാര്‍ട്ടി നേതാക്കളെ രക്ഷിക്കാന്‍ പിണറായി ശ്രമിക്കുകയാണ് . ജനാധിപത്യസംവിധാനത്തില്‍ ഒരിക്കലും അംഗീകരിക്കാനാവാത്തതാണിത്. ഇതിനെതിരെ നിയമപരമായും രാഷ്‌ട്രീയമായും ബി.ജെ.പി പോരാടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: