കൊല്ലം: കൊറോണ മൂലം പ്രതിസന്ധിയിലായ നിര്‍മാണമേഖലയെ കൂടുതല്‍ ദുരിതത്തിലാക്കി സിമന്റ് വില കുതിക്കുന്നു. മുന്‍നിര കമ്പനികളുടെ ഉള്‍പ്പെടെ സിമന്റിന് കഴിഞ്ഞ ആറുമാസത്തിനിടയില്‍ നൂറു രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ലോക് ഡൗണിന് മുമ്പ് മുന്‍നിര കമ്പനികളുടെ സിമന്റിന് ഒരു ചാക്കിന് വില 360 രൂപ ഉണ്ടായിരുന്നത് ഇപ്പേള്‍ 445 രൂപയാക്കി ഉയര്‍ത്തി. ഉപഭോക്താവിന്റെ കൈകളില്‍ എത്തുമ്പേള്‍ 470 രൂപ വരെ വില ഈടാക്കും. ചെറുകിട വന്‍കിട കരാറുകാര്‍ക്കും ലക്ഷങ്ങളുടെ നഷ്ടമാണ് വില വര്‍ദ്ധനവ് മൂലം ഉണ്ടാകുന്നത്.
സര്‍ക്കാര്‍ ഭവനപദ്ധതികളുടെ നണ്ടിര്മാണപ്രവര്ത്തനങ്ങളെയും വില വര്‍ദ്ധനവ് ബാധിച്ചു. വീട് എന്ന സാധാരണക്കാരന്റെ സ്വപ്നമാണ് സിമന്റിന്റെ വില വര്‍ദ്ധിപ്പിച്ചതിലൂടെ തകരുന്നത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വീട് പൂര്‍ത്തിയാക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. കമ്പനികളുടെ ഏകപക്ഷീയമായ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സിമന്റ് ഡീലേഴ്സ് അസോസിയേഷന് സ്റ്റോക്ക് എടുക്കുന്നത് കഴിഞ്ഞ ഒരാഴ്ച്ചയായി നിര്‍ത്തിവച്ചിരിക്കുകയാണ്. 400 രൂപയ്ക്ക് താഴെ വില എത്തിച്ചാല്‍ മാത്രമേ സ്റ്റോക്ക് എടുക്കൂ എന്ന നിലപാടാണ് അസോസിയേഷന്. എന്നാല്‍ കമ്പനികള്‍ യാതൊരുവിധ ഒത്തുതീര്‍പ്പിനും തയ്യാറായിട്ടില്ല.
സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തു നിന്നും വില വര്‍ദ്ധനവ് തടയുന്നതിന് ഇതുവരെയും നടപടി ഉണ്ടായിട്ടില്ല. ഒരാഴ്ച്ചയായി സമരം തുടരുന്നതിനാല്‍ നിര്‍മാണമേഖല സ്തംഭിച്ചു. കൊറോണ കാലത്തെ തൊഴില്‍നഷ്ടത്തില്‍ നിന്നും നിര്‍മാണമേഖല ഉണര്‍ന്നു വരുന്നതിനിടയിലാണ് വില വര്‍ദ്ധനവും സമരവുമെല്ലാം കരിനിഴല്‍ വീഴ്ത്തിയത്. സമരം ലോറി തൊഴിലാളികളെയും ബാധിച്ചിട്ടുണ്ട്. സമരത്തിനിടയില്‍ ഉത്തരേന്ത്യയില്‍ നിന്നും ഇടനിലക്കാര്‍ എത്തിക്കുന്ന കുറഞ്ഞ വിലയുള്ള സിമിന്റ് വിതരണം ചെയ്ത് ചിലര്‍ കൊള്ള ലാഭം എടുക്കുന്നതായും പരാതി ഉയരുന്നു.
സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: സിമന്റ് ഡീലേഴ്സ് അസോസിയേഷന്
അടിക്കടി സിമന്റ് വിലവര്‍ദ്ധിപ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സിമന്റ് ഡീലേഴ്സ് അസോസിയേഷന് ജില്ലാകമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അവശ്യപ്പെട്ടു. ഒരാഴ്ച്ചയായി വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡീലര്‍മാര്‍ സ്റ്റോക്ക് എടുക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്.
കമ്പനികള്‍ ഒരു തരത്തിലും ഡീലര്‍മാരോട് സഹകരിക്കുന്നില്ല. ഒറ്റയടിക്ക് 100 രൂപ വര്‍ദ്ധിപ്പിച്ചത് മൂലം നിര്‍മാണമേഖല വലിയ ബുദ്ധിമുട്ടിലാണ്. അടിക്കടിയുള്ള വിലവര്‍ദ്ധനവ് മൂലം ഡീലര്‍മാര്‍ക്കും വലിയ നഷ്ടം സഹിക്കേണ്ട അവസ്ഥയാണ്. ഈ നഷ്ടങ്ങള്‍ നികത്താന്‍ കമ്പനികള്‍ തയ്യാറാകുന്നില്ലെന്നും അസോസിയേഷന് ഭാരവാഹികള്‍ ആരോപിച്ചു.
വില വര്‍ദ്ധവ് പിന്‍വലിക്കുന്നത് വരെ ശക്തമായ പ്രതിഷേധം തുടരുമെന്നും ജില്ലാ നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എം. അബ്ദുള്‍ സമദ്, ജില്ലാ സെക്രട്ടറി ആര് ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബി. അന്‍സര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: