ദുബായ്: ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയാര്‍ന്ന ടീമായ ചെന്നൈ സൂപ്പര്‍കിങ്‌സിന് ഇത്തവണ തൊടുന്നതെല്ലാം പൊള്ളുന്നു. ചരിത്രത്തില്‍ ഇതുവരെ കാണാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് ടീം. 2020 തിരിച്ചടിയുടെ സീസണെന്ന് നായകന്‍ എം.എസ്. ധോണി പോലും പറഞ്ഞുകഴിഞ്ഞു. കളിച്ച സീസണുകളിലെല്ലാം പ്ലേ ഓഫിലെത്തിയ ധോണിയും സംഘവും ഇത്തവണ അവസാന സ്ഥാനക്കാരാണ്. പരാജിതരെന്ന് ഉറപ്പിച്ച മട്ടിലാണ് ധോണിയുടെയും പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങിന്റെയും വാക്കുകള്‍.
കിളവന്മാരുടെ ടീമെന്ന് തുടരെ ട്രോളിയവരോട് യുവതാരങ്ങളില്‍ പ്രതീക്ഷിച്ച ‘സ്പാര്‍ക്ക്’ ഇല്ലെന്നാണ് നായകന്റെ മറുപടി. എന്നാല്‍, ഈ സ്പാര്‍ക്ക് ഇപ്പോള്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. കണക്കുകള്‍ മുന്നോട്ടുവച്ചാണ് മുന്‍ താരങ്ങളടക്കം ധോണിയുടെ സ്പാര്‍ക്കിനെ വിമര്‍ശിക്കുന്നത്. പത്ത് മത്സരങ്ങളില്‍ ഏഴു തോല്‍വികള്‍ വഴങ്ങിയിട്ടും ഒരേ ടീമിനെ നിലനിര്‍ത്തി യുവതാരങ്ങള്‍ക്ക് അവസരം നിഷേധിച്ചു. പലരെയും പരീക്ഷിക്കാന്‍ ചെന്നൈ തയാറായില്ല.
ഫോം നഷ്ടപ്പെട്ട കേദാര്‍ ജാദവും പേരിന് മാത്രം പന്തെറിയുന്ന പിയൂഷ് ചൗളയും ടീമിന് ബാധ്യതയായി. എങ്കിലും ഇവരെ ഉപേക്ഷിക്കാന്‍ മാനേജ്‌മെന്റ് തയാറല്ല. യുവതാരം ജഗദീശന്‍ സീസണില്‍ ആകെ കളിച്ചത് ഒരു മത്സരം. നേടിയത് 33 റണ്‍സ്. എന്നാല്‍ എട്ട് മത്സരം കളിച്ച കേദാര്‍ ജാദവ് സ്വന്തമാക്കിയത് എഴുപതില്‍പരം റണ്‍സ് മാത്രം. ജഗദീശനില്‍ കാണാത്ത എന്ത് സ്പാര്‍ക്കാണ് യാദവില്‍ കണ്ടതെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ കെ. ശ്രീകാന്ത് തുറന്നടിച്ചു.
സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ധോണിയുടെ പ്രസ്താവനക്കെതിരെ ഉയരുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റതിന് ശേഷമായിരുന്നു ധോണിയുടെ പ്രസ്താവന. സമ്മര്‍ദമില്ലാതെ യുവതാരങ്ങള്‍ക്ക് ഇനി കളിക്കാനാകുമെന്നും വരുംമത്സരങ്ങളില്‍ അവസരം നല്‍കുമെന്നും മത്സരശേഷം ധോണി പറഞ്ഞു. നിര്‍ണായക മത്സരങ്ങളില്‍ ഒഴിവാക്കിയിട്ട് ഇനിയെന്തിന് പരീക്ഷണം നടത്തുന്നെന്നാണ് ചിലരുടെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: