തൃശൂര്‍: കൊറോണ സമൂഹ വ്യാപനം ജില്ലയില്‍ പ്രതിദിനം വര്‍ദ്ധിക്കുന്നതിനിടയില്‍ ആരോഗ്യ വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രംഗത്ത്. ജില്ലയില്‍ കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധനവുണ്ടായ സാഹചര്യം നേരിടാന്‍ ജില്ലയിലെ ആരോഗ്യ സംവിധാനം സുസജ്ജമാണോയെന്നതില്‍ ആശങ്കയുണ്ടെന്ന് കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്. കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റുകളിലെ പോസിറ്റിവിറ്റി റേറ്റ് ജില്ലയില്‍ 25 ശതമാനമാണ്. സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണിത്.
മാനവവിഭവശേഷിയുടെ കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവയെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരെയാണ് ബലിയാടാക്കുന്നത്. ജില്ലാ ആരോഗ്യ വകുപ്പ് മേധാവിയുടെയും ഓഫീസിന്റേയും നിഷേധാത്മക പ്രതികരണവും സഹകരണ കുറവും പ്രതികാര നടപടികളും സര്‍ക്കാര്‍ ഡോക്ടര്‍മാരില്‍ ആശങ്കയും ഭയവുമുണ്ടാക്കുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ ഇടയില്‍ വര്‍ദ്ധിച്ചു വരുന്ന രോഗ വ്യാപനം സംഘടനയില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഗുരുതര രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നില്ല
കൊറോണ രോഗികളില്‍ നാലു ശതമാനത്തില്‍ താഴെയാണ് കാറ്റഗറി-സി വിഭാഗത്തിലുള്ളത്. ഗുരുതരാവസ്ഥയിലുള്ള ഇവരുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള എല്ലാ സൗകര്യങ്ങളും ജില്ലയില്‍ മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളേജില്‍ മാത്രമേയുള്ളൂ. സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് വിപരീതമായി അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ജില്ലാ-താലൂക്ക് ആശുപത്രികളില്‍ ഇപ്പോഴുള്ള സൗകര്യങ്ങളില്‍ ചികിത്സിക്കാന്‍ നിര്‍ബന്ധിക്കുന്നത് പാവപ്പെട്ട രോഗികളോട് അധികൃതര്‍ ചെയ്യുന്ന അനീതിയാണ്.
ഇതുമൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ ഡോക്ടറുടെയും ആശുപത്രി ജീവനക്കാരുടെയും തലയില്‍ കെട്ടിവെക്കുകയാണിപ്പോള്‍ ചെയ്യുന്നത്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തിയതിനു ശേഷമേ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ജില്ലാ-താലൂക്ക് ആശുപത്രികളില്‍ ചികിത്സിക്കാവൂവെന്ന് കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ആശുപത്രിയെ തരംതിരിച്ചതില്‍ അശാസ്ത്രീയത
കാന്‍സര്‍ രോഗികള്‍, ഗര്‍ഭിണികള്‍, പക്ഷാഘാതം വന്നവര്‍, ഡയാലിസിസ് രോഗികള്‍, ഹൃദ്രോഗികള്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്ക് നിലവില്‍ ചികിത്സാസൗകര്യങ്ങള്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കുറവാണ്. കൊറോണ ചികിത്സയ്ക്കും കൊറോണ ഇതര ചികിത്സയ്ക്കുമായി ആശുപത്രികളെ തരംതിരിക്കുന്നതിലുള്ള അശാസ്ത്രീയതയാണ് ഇത്തരമൊരു സാഹചര്യമുണ്ടാക്കിയത്. സെപ്തംബര്‍ 25ന് ഇറക്കിയ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഉത്തരവ് പ്രകാരം കൊറോണ ഇതര ആശുപത്രികളായി തീരുമാനിച്ചിട്ടുള്ളത്
പുതുക്കാട്, ചേലക്കര എന്നീ താലൂക്ക് ആശുപത്രികളെയാണ്. എന്നാല്‍ ഈ ആശുപത്രികളില്‍ അത്യാഹിത വിഭാഗമോ, പ്രസവ സംബന്ധമായ ശുശ്രൂഷയോ, സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനമോ ലഭ്യമല്ല. താലൂക്ക് ആശുപത്രി തലത്തിലുള്ള തസ്തികകള്‍ സൃഷ്ടിക്കാതെ ബോര്‍ഡ് മാറ്റി താലൂക്ക് ആശുപത്രിയാക്കിയ സാമൂഹികാരോഗ്യ കേന്ദ്രങ്ങളെ കൊറോണ ഇതര ചികിത്സയ്ക്കായി നിശ്ചയിച്ചത് അശാസ്ത്രീയ നടപടിയാണ്. ജില്ലയിലെ എല്ലാ പ്രധാന ആശുപത്രികളിലും ഉദ്ദേശം 30 ശതമാനം കിടക്കകള്‍ കൊറോണ രോഗികള്‍ക്കായി മാറ്റി വെക്കുകയെന്ന വിചിത്ര ആശയമാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉത്തരവിലൂടെ നടപ്പിലാക്കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
സുരക്ഷാ ഉപകരണങ്ങളില്‍ നിലവാരക്കുറവ്
ജില്ലയില്‍ വിതരണം ചെയ്യുന്ന വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളില്‍ നിലവാരക്കുറവുണ്ട്. പ്ലാസ്റ്റിക് ലൈന്റായ പിപിഇ കിറ്റി ഉപയോഗിച്ചതു മൂലം അടുത്തിടെ അഞ്ചു മേജര്‍ ആശുപത്രിയിലടക്കം 11 സ്ഥാപനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കടുത്ത ചൂടും ജലാംശക്കുറവും കാരണം തലക്കറക്കമുണ്ടായി. ലഭ്യത കുറവു മൂലം മാസ്ക്കുകള്‍, ഗോഗിള്‍സുകള്‍ തുടങ്ങിയവ ഇപ്പോള്‍ പുനരുപയോഗിക്കുകയാണ്. ഒരു പ്രാഥികാരോഗ്യ കേന്ദ്രത്തിന് കീഴിയില്‍ ഇപ്പോള്‍ ഏകദേശം നൂറോളം കൊറോണ രോഗികള്‍ വീടുകളിലുണ്ടാകും. അതിനാല്‍ രോഗികളുടെ ഗൃഹപരിചരണം മെച്ചപ്പെട്ട രീതിയില്‍ നടക്കുന്നതിനായി ജില്ലാതലത്തില്‍ ടെലി മെഡിസിന് സംവിധാനം ഒരുക്കണം.
രോഗം സ്ഥിരീകരിച്ചവരെ ഇപ്പോള്‍ ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ നിലവില്‍ കാലതാമസം നേരിടുന്നുണ്ട്. പോസിറ്റീവായവരെ ഗുരുതര രോഗാവസ്ഥയിലേക്ക് പോകാതിരിക്കാന്‍ അടിയന്തരമായി വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റണം. വീട്ടില്‍ ഐസോലേഷന് സംവിധാനമില്ലാത്തവരെ ഉടനെ മാറ്റിയില്ലെങ്കില്‍ രോഗ വ്യാപന സാധ്യത വര്‍ദ്ധിക്കും. രോഗികളെ വീടുകളില്‍ നിന്ന് സിഎഫ്എല്‍ടിസികളിലേക്ക് മാറ്റാന്‍ രണ്ടു ദിവസം വരെയെടുത്ത സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താസമ്മേളനത്തില്‍ കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ.ജോ കുരുവിള, സെക്രട്ടറി ഡോ.ബിനോജ് ജോര്‍ജ് മാത്യു, ഡോ.വി.ടി വേണുഗോപാല്‍, ഡോ.പ്രജീഷ്കുമാര്, ഡോ.അസീന എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: