കൊല്ലം: വൃദ്ധന്റെ മൃതദേഹം അനാഥമായി അഞ്ചുദിവസം മോര്‍ച്ചറിയില്‍ കിടന്നതിനു കാരണം ആരോഗ്യ വകുപ്പ് അധികൃതര്‍ പേര് രേഖപ്പെടുത്തിയതിലെ പിഴവ്. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലാണ് ഈ ഗുരുതരവീഴ്ച സംഭവിച്ചത്.
പത്തനാപുരം തലവൂര്‍ ഞാറക്കാട് വലിയപാറ കുഴിയില്‍ സുലൈമാന്കഞ്ഞി(85)ന്റെ മൃതദേഹമാണ് ആരോഗ്യവകുപ്പിന്റെ ഗുരതര അനാസ്ഥമൂലം തിരുവനന്തപുരം മെഡിക്കല്‍കോളേജ് മോര്‍ച്ചറിയില്‍ അനാഥമായി കിടന്നത്. ചികിത്സയില്‍ കഴിഞ്ഞിരുന്ന സുലൈമാന്‍ കുഞ്ഞിന്റെ സ്ഥലപ്പേര് തെറ്റായി രേഖപ്പെടുത്തിയതാണ് കുഴപ്പങ്ങള്‍ക്ക് കാരണം. എന്നാല്‍ കുറ്റക്കാരെ രക്ഷിക്കാനുള്ള നീക്കമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
ആഗസ്റ്റ് 26നാണ് സുലൈമാന്‍ കുഞ്ഞിനെ മകന് നൗഷാദ് പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ യ്ക്കായി എത്തിച്ചത്. 15 ദിവസം കഴിഞ്ഞപ്പോള്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. അതനുസരിച്ച് പണ്ടിറ്റേന്ന് പാരിപ്പള്ളിയിലെത്തിയ നൗഷാദിന് പിതാവ് അവിടെയില്ലെന്നും കൊല്ലം എസ്എന്‍ കോളേജിലെ കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റിയെന്നുമുള്ള വിവരമാണ് ലഭിച്ചത്. അവിടെ എത്തി പിതാവിന് കൈമാറാനായി മൊബൈല്‍ ഫോണ്‍ നല്കി തിരിച്ചുപോന്നു. പിന്നീട് വിളിച്ചെങ്കിലും സുലൈമാന്‍ കുഞ്ഞിനെ ലൈനില്‍ കിട്ടിയില്ല. അന്വേഷിച്ചപ്പോള്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് പറഞ്ഞത്. എന്നാല്‍ അവിടെ നിന്നും പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെന്ന് അധികൃതര്‍ അറിയിച്ചു.
അങ്ങനെ പാരിപ്പള്ളിയിലെത്തി പിതാവിനുള്ള വസ്ത്രവും ഭക്ഷണവും നഴ്സിന്റെ കൈവശം ഏല്‍പ്പിച്ചു. ഇത് ഈ മാസം 16 വരെ തുടര്‍ന്നു. 16ന് കോവിഡ് നെഗറ്റീവായെന്ന് നഴ്സ് വിളിച്ചു പറഞ്ഞതനുസരിച്ച് കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയപ്പോഴാണ് നൗഷാദ് പിതാവിന്റെ സ്ഥാനത്ത് ശാസ്താംകോട്ട സ്വദേശിയായ സുലൈമാനെ കണ്ട് ഞെട്ടിയത്. അതേപേരും പ്രായവുമുള്ള ഇരുവരെയും തമ്മില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് മാറിപ്പോയതായിരുന്നു.
നാലു മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ വെന്റിലേറ്റര്‍ ഒഴിവില്ലാതിരുന്നതിനാല്‍ പിതാവിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജിലേക്ക് മാറ്റിയെന്നും 13ന് മരണപ്പെട്ടെന്നും നൗഷാദ് അറിഞ്ഞു. അവസാനം തിരുവനന്തപുരത്തെത്തി നൗഷാദും ബന്ധുക്കളും സുലൈമാന്‍കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങി.
എസ്എന്‍ കോളേജിലെ കേന്ദ്രത്തില്‍ നിന്ന് ജനറല്‍ ആശുപത്രിയിലേക്ക് സുലൈമാനെ മാറ്റുന്ന സമയം മകന് നൗഷാദിനെ മൊബൈലില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്ന നണ്ട്യായമാണ് ആരോഗ്യവകുപ്പ് നിരത്തുന്നത്. തീരെ അവശനായ സുലൈമാനെ അവിടെ നിന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നത്രെ. അവിടെ ഐസിയു ഒഴിവില്ലാതിരുന്നതിനാല്‍ തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. മേല്‍വിലാസത്തില്‍ പിശകുണ്ടായിരുന്നതിനാല്‍ ബന്ധപ്പെടാനും കഴിഞ്ഞില്ലെന്ന് വാദിച്ച് കൈകഴുകുകയാണ് ആരോഗ്യവകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: