ഒട്ടും വളവില്ലാത്ത മനുഷ്യനായിരുന്നു വിശ്വംഭരന് മാഷ്. അത്തരക്കാരുടെ വംശം അന്യംനിന്ന പശ്ചാത്തലത്തില്‍ മാഷിനെപ്പോലുള്ളവരുടെ ജന്മങ്ങള് ആരെയാണ് വിസ്മയപ്പെടുത്താത്തത്. അങ്ങനെ ഒരിക്കലും അവസാനിക്കാത്ത അദ്ഭുതവുമായാണ് മാഷുമായി ഞാന്‍ പരിചയപ്പെടുന്നത്. കുറച്ചുകാലത്തേക്കായി അത് പരിമിതപ്പെടുമെന്ന് അപ്പോള്‍ അറിഞ്ഞിരുന്നില്ല.
ആകസ്മികമായ പരിചയപ്പെടല്‍ പോലെയായിരുന്നു, അദ്ദേഹത്തിന്റെ വേര്‍പാട്. ആ ദുഃഖ വിവരം അറിഞ്ഞപ്പോഴുണ്ടായ സങ്കടവും അവിശ്വാസവും ഇപ്പോഴും എന്നില്‍ നിറഞ്ഞുനില്ക്കുന്നു. ‘ഒരിക്കലും ഇനി മാഷിനെ കാണാനാവില്ല’യെന്നത് യാഥാര്‍ത്ഥ്യമാണെന്നറിഞ്ഞുകൊണ്ട്, അങ്ങനെയല്ല അതെന്ന് വിശ്വസിക്കാനാണ് എനിക്കാഗ്രഹം. അങ്ങനെ വളരെക്കുറച്ചു പേരേയുള്ളൂ. മരണത്തെ തോല്‍പ്പിക്കുന്ന ജീവിതങ്ങള്‍.
മഹാരാജാസിലെ അദ്ധ്യാപന വൃത്തി അവസാനിച്ച ശേഷമാണെന്നു തോന്നുന്നു, സ്വതന്ത്രമായി ശ്വസിക്കാന്‍ അദ്ദേഹം തുടങ്ങുന്നത്. അതിന്റെ വാചാലമായ പ്രഖ്യാപനമായിരുന്നു, ‘സമകാലിക മലയാള’ത്തില്‍ പ്രസിദ്ധീകരിച്ച മഹാഭാരതത്തെ ഉപജീവിച്ച് അദ്ദേഹം എഴുതിയ ഗ്രന്ഥം.
ഒരേ ഒരു കൃതികൊണ്ട് വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനായി മാറുകയെന്നത്, അസുലഭമായ ഭാഗ്യമാണ്. അതിനാവശ്യം രചനയിലെ മൗലികതയാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. വേദ പുരാണേതിഹാസങ്ങളില്‍ മുങ്ങി ആഴ്ന്ന്, കടഞ്ഞെടുത്ത വായനാനുഭവത്തെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കിയതായിരുന്നു വിശ്വംഭരന് മാഷിന്റെ വ്യക്തിത്വത്തിലെ സവിശേഷത. താന്‍ രചിച്ച ആ ഗ്രന്ഥത്തെ സംബന്ധിച്ച് അദ്ദേഹത്തിന് യാതൊരവകാശവാദവും ഉണ്ടായിരുന്നില്ലായെന്നത് എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. ജീവിത നാടകത്തിലെ ആ കഥാപാത്രം മാത്രമാണ് താനെന്ന് അദ്ദേഹം വിശ്വസിച്ചു. ആ കഥാപാത്രത്തെ താന്‍ സ്വയം തിരഞ്ഞെടുത്തതല്ല. ജന്മനാ തന്നെ ഒരു കഥാപാത്രമായി വേഷം കെട്ടി ജീവിതം അവസാനിപ്പിക്കാനായി നിയോഗിക്കപ്പെട്ടത് അനുസരിക്കുകയാണ് താന്‍ ചെയ്യുന്നതെന്ന് അദ്ദേഹം കരുതി. അപ്പോള്‍ ഒരു കാര്യത്തില്‍ അദ്ദേഹം ശ്രദ്ധ ചെലുത്തി. തനിക്കായി ആരോ തിരഞ്ഞെടുത്ത കഥാപാത്രമായി വേഷമിടുമ്പോള്‍, ആ കഥാപാത്രത്തിന്റെ സ്വത്വവുമായി താദാത്മ്യത്തിലാവാനും, നൂറു ശതമാനം സത്യസന്ധത അതിനോട് പുലര്‍ത്താനും അദ്ദേഹം വിട്ടുവീഴ്ച കാണിച്ചില്ല. മറ്റുള്ളവരില്‍നിന്ന് മാഷിനെ വ്യത്യസ്തനാക്കുന്നതാണിത്. അസദൃശമാണീ ആര്‍ജ്ജവത്വം. സ്വര്‍ഗ്ഗത്തില്‍ നിന്നു അഗ്നിയെ കൊണ്ടുവരാന്‍ കഴിഞ്ഞ നചികേതസ്സിനെപ്പോലെ.
ഒരേ ഒരു കൃതികൊണ്ട് വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനായി മാറുകയെന്നത്, അസുലഭമായ ഭാഗ്യമാണ്. അതിനാവശ്യം രചനയിലെ മൗലികതയാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്
പുസ്തക രചന ആകസ്മികമായി സംഭവിച്ചതല്ല, മാഷിന്. ചിരകാലത്തെ തയാറെടുപ്പുകളും വായനയിലൂടെ സ്ഫുടം ചെയ്തെടുത്ത അഭിപ്രായങ്ങളും നിരീക്ഷണങ്ങളും അദ്ദേഹത്തിന്റെ രചനാ സമ്പ്രദായത്തിലെ ഊടും പാവുമായി. അങ്ങനെ നെയ്തെടുത്ത കഥകള്‍ നിറഞ്ഞ രത്നകംബളങ്ങള്‍ കണ്ട്, അക്ഷരാര്‍ത്ഥത്തില്‍ കേരളം അമ്പരന്നു. സ്വന്തം പൂന്തോട്ടത്തിലെ നിത്യകല്യാണിയെ കണ്ടെത്താന്‍ എന്തുകൊണ്ട് ഇത്രയും കാലം അദ്ദേഹം കാത്തിരുന്നുവെന്ന ചോദ്യമായിരുന്നു അപ്പോള്‍ ഉയര്‍ന്നുവന്നത്.
ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവന്നതിനു പിന്നാലെ, അമൃതാ ചാനലിലെ ദൈനംദിന പരിപാടിയായി, ആ കൃതിയെ ഉപജീവിച്ചുകൊണ്ടുള്ള പ്രഭാഷണ പരമ്പര സ്ഥാനംപിടിച്ചു. തന്റേതായ രീതിയില്‍ നല്ലതിനെ കണ്ടെത്താനും മാറോട് ചേര്‍ത്തണയ്ക്കാനുമുള്ള അമ്മയുടെ വൈഭവമായിരുന്നു ആ പരിപാടിക്കു കാരണമായത്. പെട്ടെന്നായിരുന്നു ആ പരിപാടി ജനപ്രിയമായത്. അതോടെ വിശ്വംഭരന് മാഷ് ‘സ്റ്റാര്‍’ ആയി മാറി. എന്നാല്‍ അതൊന്നും അദ്ദേഹത്തെ ഒട്ടുമേ സ്പര്‍ശിച്ചില്ല. താന്‍ ആര്‍ജ്ജിച്ച അറിവ്, കൗതുകവും താല്പര്യവുമുള്ളവര്ക്ക് പകര്‍ന്നു കൊടുക്കാന്‍ കിട്ടിയ ഒരവസരമായി മാത്രമേ അതിനെ അദ്ദേഹം കണ്ടിരുന്നുള്ളൂ.
അച്ചടി പൂര്‍ത്തിയായതോടെ അതിന്റെ പ്രസാധന ചുമതല ഡിസി ബുക്സിനായിരുന്നു. ആദ്യ പതിപ്പിന്റെ ആദ്യ പ്രതിയും പ്രതിഫലമായ അന്‍പതിനായിരം രൂപയും ചെക്കും ഏറ്റുവാങ്ങിയ മാഷ് ആദ്യം ചെയ്തത്, സമകാലിക മലയാളം ഓഫീസിലെത്തി സന്തോഷകരമായ ആ വിവരം അറിയിക്കുകയായിരുന്നു. ആദ്യപ്രതിയും ചെക്കും എന്നെ ഏല്‍പ്പിച്ചിട്ട്- ‘നിങ്ങള്‍ക്കുള്ളതാണിത്’ എന്ന് സ്നേഹത്തോടെ പറഞ്ഞ മാഷിനെ ഞാനെങ്ങനെ മറക്കും? ആ ഹൃദയവിശാലതയുടെയും നൈര്‍മല്യത്തിന്റെയും പാദത്തില്‍ത്തൊട്ടു നമസ്കരിക്കാന്‍ മാത്രമേ എനിക്കു കഴിയുമായിരുന്നുള്ളൂ.
മാഷ് കഥാവശേഷനായില്ലെന്നു വിശ്വസിക്കാന്‍ എനിക്കു മറ്റൊരു കാരണംകൂടിയുണ്ട്. അദ്ദേഹത്തിന്റെ പിതാവ് രചിച്ച ഗീതാവ്യാഖ്യാനത്തിന്റെ ഒരു പ്രതി അദ്ദേഹം എനിക്കു നല്‍കിയിരുന്നു. തന്റെ പുസ്തക ശേഖരത്തിലെ ഈ അമൂല്യനിധി എനിക്ക് നല്കാന് അദ്ദേഹം കാണിച്ച മഹാമനസ്കത മറ്റാരില്‍നിന്നും എനിക്കനുഭവിക്കാനായിട്ടില്ല. കവര്‍ പിഞ്ഞിപ്പോയ ആ കൃതി ഞാനിപ്പോഴും സൂക്ഷിക്കുന്നു. മറ്റാര്‍ക്കും നല്കാന് കഴിയാത്ത ഓര്‍മ്മയുടെ നിധി പുസ്തകമായി.
എസ്. ജയചന്ദ്രന് നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: