ഒ.വി.വിജയനെ അനുസ്മരിക്കുമ്പോള്‍ മഹാകവി അക്കിത്തത്തിന്റെ മനസ്സ് ഓര്‍ത്തെടുക്കുന്നത് ‘ഗുരുസാഗരം’എന്ന നോവലിലെ ഈ വരികളാണ്.
”നിന്റെ പുസ്തകശേഖരം എന്തുചെയ്തു?”
”ആര്‍ക്കൊക്കെയോ കൊടുത്തു ബാലാ. പുസ്തകങ്ങള്‍ ഇത്രേം വലിയ ഭാരമാണെന്ന് ഇതുവരെ തോന്നീര്ന്നില്ലാ. അര്ത്ഥല്ല്യാത്ത അറിവിന്റെ ഭാരം.”
”വിവരങ്ങളുടെ ഭാരം”
”നേരാ. ഏതായാലും കൊടുത്തുതീര്ത്തല്ലോ, ശ്രാദ്ധം കഴിച്ച സമാധാനമായി. ഒരു പുസ്തകം മാത്രം സൂക്ഷിച്ചിട്ടുണ്ട്.”
”ഏതാ അത്?”
”ഭാഗവതം”
അവസാന നിമിഷംവരെ വ്യക്തിയെ സഹായിക്കാന്‍ കഴിവുള്ള പുസ്തകം ഒന്നുമാത്രമേ ഉള്ളൂ എന്നും, ആ പുസ്തകം ശ്രീമദ് ഭാഗവതം ആണെന്നും അക്കിത്തം എന്നേ തിരിച്ചറിഞ്ഞിരുന്നു. വേദവ്യാസനിലൂടെയായിരുന്നു ഇത്. ‘മഹാഭാരതം’ എഴുതിപൂര്‍ത്തിയാക്കിയതിനുശേഷവും ‘ഭാഗവതം’ എഴുതുന്നതുവരെ വ്യാസമനസ്സ് അശാന്തമായിരുന്നു. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എഴുതിയ കവിയും ഭാഗവത വിവര്‍ത്തനം എന്ന മഹാസപര്യ പൂര്‍ത്തിയാക്കിയാണ് കാവ്യനിര്‍വൃതി നേടിയത്.
ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളുടെ തുടക്കംമുതല്‍ കവിയായി അംഗീകാരംനേടിയ അക്കിത്തത്തിന്റേതായി കവിതകള്‍, നാടകങ്ങള്‍, ചെറുകഥകള്‍ എന്നിങ്ങനെ 42 ലേറെ കൃതികളുണ്ട്. ഉപനയനം, സമാവര്‍ത്തനം എന്നിവ ആത്മകഥാപരമായ രചനകളാണ്.
”ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവെ, ഉദിക്കയാണെന്നാത്മാവില്‍ ആയിരം സൗരമണ്ഡലം. ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായ് ചെലവഴിക്കവെ, ഹൃദയത്തിലുലാവുന്നു നിത്യനിര്‍മല പൗര്‍ണമി” എന്ന വരികളില്‍ അക്കിത്തത്തിന്റെ സാമൂഹ്യദര്ശനമുണ്ട്.
യോഗക്ഷേമസഭയിലൂടെ സാമൂഹ്യമാറ്റത്തിന്റെ പാതയിലേക്കുവന്ന അക്കിത്തത്തിന് അന്നും പില്ക്കാലത്തും വേദസൂക്തങ്ങള്‍ സാന്ത്വനമായി. വി.ടി. ഭട്ടതിരിപ്പാട് വഴികാട്ടിയായി. കേളപ്പജി, നാലപ്പാടന്, ഇടശ്ശേരി, കുട്ടികൃഷ്ണ മാരാര്‍ തുടങ്ങിയവരുടെ സ്വാധീനത്തിന്റെ പിന്‍ബലം വേറെയും. 1947 ലെ പാലിയം സത്യഗ്രഹത്തില്‍ പങ്കാളിയായി. യോഗക്ഷേമസഭയുടെ വേദിയില്‍ ഒന്നിച്ച് അണിനിരന്നെങ്കിലും വേദങ്ങളെ തള്ളിപ്പറഞ്ഞ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മാര്‍ഗത്തില്‍ അക്കിത്തം വിശ്വസിച്ചില്ല. മാര്‍ക്സിസത്തെക്കാള്‍ മഹാത്മാഗാന്ധിയിലും അഹിംസയിലും മഹര്‍ഷി അരവിന്ദന്റെ ദര്‍ശനത്തിലുമാണ് ക്രാന്തദര്‍ശിയായ കവി ജീവിതം അന്വേഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: