കോട്ടയം: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പരമ്പരാഗത ശൈലിയില്‍ ബൊമ്മക്കൊലു ഒരുക്കി ക്രൈസ്തവ കുടുംബം. കോട്ടയം എംസി റോഡിന് സമീപം എസ്എച്ച് മൗണ്ട് മുല്ലശ്ശേരി ജോസ് സ്റ്റീഫന്റെ വീട്ടിലാണ് മനോഹരമായി ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്നത്. വീടിന്റെ ഒരു വലിയ മുറി നിറയെ ഹിന്ദുദേവീദേവന്മാരുടെ ചിത്രങ്ങളും ശില്പങ്ങളുമാണ്. നിത്യവും തേച്ചുമിനുക്കിയ നിലവിളക്കും പൂജാപാത്രങ്ങളും അതിന് മനോഹാരിത കൂട്ടുന്നു.
ഇന്ത്യയിലെ വ്യത്യസ്തമായ ആചാര പദ്ധതിയില്‍പ്പെട്ട അനേകം പ്രത്യേകതകളുള്ള ശില്പങ്ങളും ചിത്രങ്ങളും ഈ മുറിയില്‍ സൂക്ഷിക്കുന്നു. എല്ലാ ദിവസവും അത് വൃത്തിയാക്കി പൊടിപിടിക്കാതെ സംരക്ഷിക്കുന്നു. എല്ലാ ദിവസവും വൈകിട്ട് പൂജയും ധൂമാര്‍ച്ചനയും ചെയ്യുന്നു. ഇതൊക്കെ ചെയ്യുന്നതും സംരക്ഷിക്കുന്നതും ജോസ് സ്റ്റീഫന്റെ ഇളയമകനായ ടെറന്‍സ് ജോസാണ്. ചെന്നൈ കലാക്ഷേത്രത്തില്‍ നിന്നും ഭരതനാട്ട്യം പിജി കഴിഞ്ഞ ടെറന്‍സ് ജോസ് തബലയും മൃദംഗവും വായിക്കും. മാത്രമല്ല മനോഹരമായി ഭജന ആലപിക്കും. ഭരതനാട്ട്യത്തോടൊപ്പം കര്‍ണ്ണാടക സംഗീതവും അഭ്യസിച്ചിട്ടുണ്ട്.
അപൂര്‍വ്വമായ ശില്പങ്ങളും ചിത്രങ്ങളും വിഗ്രഹങ്ങളും പവിത്രത നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ വേണ്ടിമാത്രമാണ് ഒരു മുറി നിര്‍മ്മിച്ചത്. മാതാവിന്റെ പ്രതിമയും ശില്പങ്ങള്‍ക്കൊപ്പം സൂക്ഷിക്കുന്നു. ഇന്ത്യയുടെ ആത്മാവ് അറിയാനുള്ള യാത്രക്കിടയിലാണ് വിവിധ സ്ഥലത്തുനിന്നുമാണ് ഇതൊക്കെ വാങ്ങിയും കിട്ടിയതും. ചിലര്‍ സൗജന്യമായി തരും. അല്ലെങ്കില്‍ പണം കൊടുത്തു വാങ്ങും. അഞ്ച് ലക്ഷം രൂപയെങ്കിലും ഈ ശില്പങ്ങള്‍ക്ക് ചെലവായിട്ടുണ്ട്. നൃത്ത അദ്ധ്യാപകനായ ടെറന്‍സ് കൊറോണ വന്നതിന് ശേഷം ചെന്നൈയില്‍ നിന്നും വീട്ടിലെത്തി. ഇപ്പോള്‍ ഓണ്‍ലൈനില്‍ പഠിപ്പിക്കുന്നു. വളരെ ചെറുപ്പം മുതല്‍ ഹൈന്ദവ ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും അടുപ്പം തോന്നി. നൃത്തത്തോട് കടുത്ത ആരാധനയായിരുന്നു.
നവരാത്രി ആഘോഷം എല്ലാ മഹാമാരിയില്‍ നിന്നുള്ള മോചനത്തിന്റെ സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറയുന്നു. തമിഴ്‌നാട്ടില്‍ നവരാത്രി ആഘോഷത്തിന് പ്രസാദമായി നല്‍കുന്നത് കടലയാണ്. കടലയില്‍ കൂടുതലും പ്രോട്ടീനാണ്. നമ്മുടെ സംസ്‌കൃതി ചെറിയ കാര്യത്തില്‍ പോലും അര്‍ത്ഥവത്തായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുപ്പത്തി രണ്ട് കാരനായ ടെറന്‍സ് അവിവാഹിതനാണ്. ജോസ് സ്റ്റീഫന് മുന്ന് മക്കളാണ്. മൂത്തയാള്‍ സ്റ്റീഫന്‍ ജോസ് അമേരിക്കയിലാണ്. രണ്ടാമത്തെ മകള്‍ ടീന ജോസ് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ കോളേജിലെ അദ്ധ്യാപികയാണ്. മാത്രമല്ല ടീന ഇംഗ്ലീഷ് നോവല്‍ എഴുതുന്നു. മറൈന്‍ എഞ്ചിനീയറായിരുന്ന ജോസ്സ്റ്റീഫന്‍ വര്‍ഷങ്ങളോളം ഗുജറാത്തില്‍ ജോലിയിലായിരുന്നു. ഭാര്യ മറിയാമ്മ ജോസ് എംഎസി കഴിഞ്ഞതാണ്. പരന്ന വായനയാണ് മറിയാമ്മയുടെ പ്രത്യേകത. അചഞ്ചലമായ ക്രൈസ്തവ വിശ്വാസത്തോടൊപ്പം ഭാരത സംസ്‌കൃതിയും നെഞ്ചിലേറ്റുകയാണ് ഈ കുടുംബം. ആഴത്തിലുള്ള അറിവാണ് ഈ കുടുംബത്തെ വ്യത്യസ്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: