നാദാപുരം: വാണിമേല്‍ പഞ്ചായത്തിലെ പ്രകൃതി ഭംഗി തുളുമ്പുന്ന വിലങ്ങാട് പാനോത്ത് നിന്നും വയനാട് ജില്ലയിലേക്കുള്ള നിര്‍ദ്ദിഷ്ട ചുരമില്ലാത്ത റോഡിന് കാത്തിരിപ്പിന്റെ നാല്പത്തി രണ്ട് വര്‍ഷം. 1977 ലാണ് റോഡിന്റെ സാധ്യതകള്‍ പഠിക്കാനും തുടര്‍നടപടി സ്വീകരിക്കാനുമായി ഗവണ്മെന്റ് ഫണ്ട് അനുവദിച്ചത്. അന്നുമുതലാണ് റോഡിനായി കാത്തിരിപ്പ് തുടങ്ങിയത്.
വിലങ്ങാട് പാനോത്തുനിന്ന് തുടങ്ങി വയനാട് ജില്ലയിലെ തോണ്ടര്‍നാട് പഞ്ചായത്തിലെ കുങ്കിച്ചിറവഴി കുഞ്ഞോത്ത് എത്തിച്ചേരുന്ന വീര പഴശ്ശിരാജ റോഡിന്റെ നീളം 6.940 കിലോമീറ്റര്‍ മാത്രമാണ്. ഇതില്‍ 2.600 കിലോ മീറ്റര്‍ 1969 ല്‍ സര്‍ക്കാര്‍ തേക്ക് പ്ലാന്റേഷനായി മാറ്റിയിരുന്നു. 2.281 കിലോമീറ്റര്‍ നീളത്തില്‍ ആറ് മീറ്റര്‍ വീതിയില്‍ റോഡ് ഇപ്പോള്‍ നിലവിലുണ്ട്. ശേഷിക്കുന്ന രണ്ട് കിലോമീറ്റര്‍ മാത്രമാണ് പുതിയ റോഡ് വെട്ടേണ്ടത്.
കോഴിക്കോട് ജില്ലയിലെ കണ്ടിവാതുക്കല്‍, ചിറ്റാരി, മാടാഞ്ചേരി, പറക്കാട്, പന്നിയേറി, കുറ്റല്ലൂര്‍, ഉരുട്ടി, അടുപ്പില്‍, വായാട് മട്ടില്ലം കോളനി, വയനാട് ജില്ലയില്‍ ഉള്‍പ്പെട്ട ചാപ്പ കോളനി, കുഞ്ഞോകോളനി, ചിറക്കല്‍ കോളനി, ആലാറ്റില്‍ കോളനിയടക്കം പതിനാല് ആദിവാസികോളനികള്‍ ഈ റോഡുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. റോഡിന്റെ ഇരുഭാഗങ്ങളും പ്രകൃതിരമണീയമാണ്.
റോഡിന് വേണ്ടി നാട്ടുകാര്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചെങ്കിലും നാദാപുരത്തുനിന്ന് മത്സരിച്ച് ജയിച്ച് വനം വകുപ്പ് മന്ത്രിയായ വിനോയ് വിശ്വം വാഗ്ദാനങ്ങള്‍ നല്കിയതല്ലാതെ ഈ പാതയ്ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. എംപി ആയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനും ജയിച്ചതിന് ശേഷം റോഡിനെ അവഗണിച്ചു. വിലങ്ങാട് വഴി റോഡ് നിര്‍മ്മിച്ചാല്‍ കോഴിക്കോട് നിന്നും തലശ്ശേരിയില്‍ നിന്നും വയനാട്ടിലേക്ക് എത്താന്‍ ഏറ്റവും എളുപ്പമാര്‍ഗ്ഗം ഇതായിരിക്കും. എന്നാല്‍ ചില ബിസിനസ് ലോബികളുടെ ഇടപെടലാണ് റോഡ് നിര്‍മ്മാണത്തിന് തടസമെന്ന് ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: