കൊച്ചി: എറണാകുളം ജില്ലയിലെ കൊറോണ സെന്ററായ എറണാകുളം ജില്ല മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കുള്ള ചികിത്സയില്‍ വന്‍ പിഴവ്. ഐസിയുവില്‍ അടക്കമുള്ള രോഗികള്‍ക്ക് ചികിത്സ നല്കുന്നതില് നേഴ്സുമാരുടേയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടേയും ഭാഗത്തു നിന്നും വന്‍ വീഴ്ചയുണ്ടായിട്ടുണ്ട്. കേന്ദ്ര സംഘം എറണാകുളം മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി നേഴ്സിങ് ഓഫീസര്‍ ജലജാ ദേവി മറ്റ് ജീവനക്കാര്‍ക്കായി അയച്ച വോയിസ് സന്ദേശത്തിലാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നത്.
ഇതില്‍ അടുത്തിടെ എറണാകുളം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ടി.കെ. ഹാരിസ് എന്ന രോഗി മരിച്ചത് ഓക്സിന് മാസ്ക് വെച്ചതില്‍ നേഴ്സിനുണ്ടായ പാകപ്പിഴ മൂലമാണെന്ന് വ്യക്തമാക്കുന്നുണ്ട്. സംഭവം ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് മനസിലായിട്ടും നേഴ്സുമാരെ സംരക്ഷിക്കുന്നതിന് വേണ്ടി മനപ്പൂര്‍വ്വം യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവിടാതെ മറച്ചുവെക്കുകയായിരുന്നുവെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ പല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജൂലൈ 20നാണ് പള്ളുരുത്തി സ്വദേശിയായ ടി.കെ. ഹാരിസ് കൊറോണ ബാധിച്ച് മരിക്കുന്നത്. ഇയാളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടാവുകയും വാര്‍ഡിലേക്ക് മാറ്റാനിരിക്കേയാണ് ഇയാള്‍ മരണപ്പെടുന്നത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ സംശയം ഉന്നയിച്ചെങ്കിലും ഡോക്ടര്‍മാര്‍ ഇടപെട്ട് മരണം ചികിത്സാ പിഴവ്കാരണമല്ലെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു.
ഐസിയു വെന്റിലേറ്ററില്‍ കഴിയുന്ന പല രോഗികള്‍ക്കും നേഴ്സുമാരുടേയും മറ്റും അനാസ്ഥകൊണ്ട് മരിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഉത്തരവാദികളായവര്‍ക്കെതിരെ അധികൃതര്‍ ഒരു നടപടിയും എടുക്കാന്‍ തയ്യാറായിട്ടില്ലെന്നും ഇവര്‍ പറയുന്നുണ്ട്.
കേരളത്തിലെ കൊറോണ പ്രതിരോധങ്ങള്‍ വിലയിരുത്തുന്നതിനായാണ് കേന്ദ്ര സംഘം എറണാകുളം മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനത്തിനെത്തുന്നത്. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ കേന്ദ്ര സംഘത്തിന്റെ കണ്ണില്‍ പൊടിയിടുന്നതിനായി മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടയുള്ളവ പരിശോധിച്ച് അടിയന്തിര നടപടികള്‍ കൈക്കൊള്ളാനും, ഐസിയു, വാര്‍ഡ് എന്നിവിടങ്ങള്‍ വൃത്തിയാക്കി ഓക്സിജന്‍ മാസ്ക് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ കൃത്യമായാണോ നല്‍കിയതെന്ന് പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്.
കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ആശുപത്രിയില്‍ അടിയന്തിരമായി കൈക്കൊള്ളേണ്ട നടപടികള്‍ സംബന്ധിച്ച് ആര്‍എംഒ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങളാണ് ഇവര്‍ വോയിസ് മെസേജിലൂടെ നല്‍കിയിരിക്കുന്നത്. കേന്ദ്ര സംഘം സന്ദര്‍ശനത്തിനായി എത്തുമ്പോഴാണ് രോഗികള്‍ക്കുള്ള ഓക്സിജന്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് നോക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നത്. കൊറോണ വൈറസ് രോഗികളുടെ എണ്ണം ജില്ലയില്‍ പ്രതിദിനം വര്‍ധിച്ചു വരുമ്പോഴാണ് ജില്ലാ മെഡിക്കല്‍ കോളേജിന്റെ ഭാഗത്തുള്ള പിഴവുകള്‍ മറനീക്കി പുറത്തുവരുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് പല രോഗികളുടേയും മരണകാരണം ചികിത്സാ പിഴവ് കാരണമാണെന്ന് പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: