കൊച്ചി: ബാല്യ കാലത്ത് അര്‍ത്ഥം അറിയാതെയാണ് റേഡിയോവിലൂടെ സംസ്കൃതം കേട്ടിരുന്നതെന്നും സംസ്കൃത സിനിമയുമായി ബന്ധപ്പെട്ടപ്പോഴാണ് ആ ഭാഷയുടെ യഥാര്‍ത്ഥ മഹത്വം തിരിച്ചറിഞ്ഞതെന്നും നടന് ജയറാം. സംസ്കൃത ഭാരതിയുടെ കേരള ഘടകമായ വിശ്വ സംസ്കൃത പ്രതിഷ്ഠാനം സംഘടിപ്പിച്ച നൂറ്റിയെട്ട് സംസ്കൃത സംഭാഷണ ക്ലാസ്സുകളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്കൃത ഭാഷയുടെ ഉന്നമനത്തിനുവേണ്ടി തന്റേതായ പങ്ക് വഹിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ‘നമോ’ എന്ന സംസ്കൃത ചലച്ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ അനുഭവം ജയറാം പങ്കുവച്ചു.
സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളില്‍നിന്നും പുറത്തുനിന്നുമായി നാലായിരത്തോളം മലയാളികള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി സൗജന്യമായി സംസ്കൃത പരിശീലനം നേടി. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മേഖലകളില്‍ വിശ്വ സംസ്കൃത പ്രതിഷ്ഠാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം കൈവന്ന മാറ്റങ്ങളെക്കുറിച്ച് സംസ്ഥാന അധ്യക്ഷന്‍ ഡോ.പി.കെ. മാധവന് ചടങ്ങില്‍ പരാമര്‍ശിച്ചു. സമാപന പരിപാടിയില്‍ സംസ്കൃത ഭാരതിയുടെ അഖില ഭാരത ശിക്ഷണ പ്രമുഖനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ ഡോ. എച്ച്.ആര്. വിശ്വാസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്കൃത ഭാഷയുടെ വളര്‍ച്ചയ്ക്ക് കേരളം നല്കിയ വിലപ്പെട്ട സംഭാവനകള്‍ അദ്ദേഹം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: