തിരുവനന്തപുരം: കേരളത്തില്‍ എത്തിയ കണ്ടെയ്‌നര്‍ കറന്‍സി മാറിയെടുക്കാന്‍ ശബരിമലയേയും ഉപയോഗിച്ചു. എത്തിയ പണത്തിന്റെ നല്ല ശതമാനം സഹകരണ സംഘങ്ങളില്‍ കൂടി വെളുപ്പിച്ചെടുത്തതിനു പുറമെയാണ് ശബരിമലയില്‍ ഭക്തര്‍ നല്‍കിയ പണത്തിലും കൃത്രിമം കാണിച്ചു വ്യാജ നോട്ടുകള്‍ വെളുപ്പിച്ചത്. ശബരിമലയില്‍ നിന്ന് ബാങ്കിലേക്ക് കൊണ്ടുപോകുന്ന നോട്ടുകള്‍ മാറ്റി പകരം വ്യാജ നോട്ടുകള്‍ വെച്ചാണ് തട്ടിപ്പ് നടത്തിയത്. ശബരിമലയില്‍ നിന്നുള്ള നോട്ടുകള്‍ എന്ന നിലയിലെ വിശ്വാസ്യത ഉപയോഗിച്ച് പരിശോധന ഒഴിവാക്കുകയായിരുന്നു.
സ്വര്‍ണക്കടത്തു കേസിലെ പ്രതികളില്‍ ചിലരാണ് കണ്ടെയ്‌നര്‍ കറന്‍സിയുടെ പിന്നിലെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പാക്കിസ്ഥാനില്‍ അച്ചടിച്ച നോട്ട് ദുബായ്‌യില്‍ നിന്നാണ് എത്തിച്ചത്. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് രണ്ട് കണ്ടെയ്‌നര്‍ വ്യാജ കറന്‍സി കൊച്ചി തുറമുഖത്ത് എത്തിയത്. അത് അപ്രത്യക്ഷമായെന്നാണ് അന്നത്തെ ഇന്റലിജന്‍സ് എഡിജിപി ജേക്കബ് പുന്നൂസ്, സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട്. രാജ്യ സുരക്ഷയ്‌ക്ക് തന്നെ ഭീഷണിയാകുന്ന ഈ സംഭവത്തെപ്പറ്റി വിവരം കിട്ടിയിട്ടും നടപടി ഉണ്ടായില്ല.
ഇന്ത്യയെ തകര്‍ക്കാനുള്ള പാക്കിസ്ഥാന്‍ സര്‍ക്കാരിന്റേയും അവരുടെ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ് ഐയുടേയും അധോലോക ഭീകരവാദ സംഘടനകളുടെയും ഒരുമിച്ചുള്ള പ്രയത്‌നമായിരുന്നു കണ്ടെയ്‌നര്‍ കറന്‍സി. സ്വര്‍ണക്കടത്തിനെ അതുമായി ബന്ധപ്പെടുത്തി കേസ് ശക്തമാക്കാനാണ് നീക്കം.
സഹകരണ ബാങ്കിലൂടെയാണ് വ്യാജ കറന്‍സിയില്‍ ഭൂരിഭാഗവും മാറിയെടുത്തത്. ചില ദേവസ്വം ജീവനക്കാരുടേയും ബാങ്ക് ഉദ്യോഗസ്ഥരുടേയും അറിവോടെയായിരുന്നു ശബരിമല കേന്ദ്രീകരിച്ചുള്ള ഇടപാട്. ആയിരം കോടിയോളം രൂപ ഒരോ സീസണിലും മാറ്റിയെടുത്തു. നടവരവു മാത്രം 200 കോടിയിലധികമാണ്. അല്ലാതെ മൂവായിരത്തിലധികം കോടിയുടെ നോട്ട് ഇടപാട് ശബരിമലയില്‍ നടക്കുന്നുണ്ട്.
വ്യാജ നോട്ടുകള്‍ക്ക് പകരം ലഭിച്ച ശബരിമലയില്‍ നിന്നുള്ള യഥാര്‍ത്ഥ നോട്ടുകള്‍ കള്ളപ്പണമായി റിയല്‍ എസ്‌റ്റേറ്റ് മേഖലയിലാണ് ഇറക്കിയത്. ‘കണ്ടെയ്‌നര്‍ വ്യാജ നോട്ട്’ കള്ളപ്പണമായി നല്‍കുന്നത് പിടിക്കപ്പെടാന്‍ സാധ്യത കൂടുതലുള്ളതിനാലായിരുന്നു ഇത്.
ഇതുമായി ബന്ധപ്പെട്ട് ശബരിമലയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കൊല്ലത്തെ ഒരു വ്യവസായി സംശയത്തിന്റെ നിഴലിലാണ്. കെ എം മാണിക്ക് ബാര്‍ കോഴ നല്‍കിയതുമായി ബന്ധപ്പെട്ടും ഇയാളുടെ പേരും ഉയര്‍ന്നു വന്നിരുന്നു. ബാറുമായി ഒരു ബന്ധവുമില്ലാത്തയാള്‍ എന്തിന് ഇടനില നിന്ന് കോടികള്‍ കൈമാറി എന്നത് ദുരൂഹമാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയെങ്കിലും കാര്യമായ തെളിവൊന്നും അന്ന് ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: