കുന്നത്തൂര്‍: ശാസ്താംകോട്ട സബ് ട്രഷറിക്കായി പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ ഓട് പാകുന്നത് അശാസ്ത്രീയമാണെന്ന് ആരോപണം. മൂന്നുവര്‍ഷം മുമ്പാണ് തകര്‍ച്ചയിലായ ട്രഷറി കെട്ടിടം പൊളിച്ച് പുതിയത് നിര്‍മിക്കാന്‍ ആരംഭിച്ചത്. നിര്‍മാണം അവസാന ഘട്ടത്തിലാണ്.
കെട്ടിടത്തിന്റെ രണ്ടാം നിലയുടെ മേല്‍ക്കൂരയിലാണ് ഓട് പാകുന്ന ജോലി നടന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ ശാസ്താംകോട്ട ടൗണില്‍ ഓട് പാകിയ ഒരു കെട്ടിടവും ഇല്ല എന്നതാണ് വാസ്തവം.
ഓട് പാകിയാല്‍ അതെല്ലാം ഇവിടുത്തെ വാനരക്കൂട്ടം തകര്‍ക്കും എന്നതിനാലാണ് ഓട് പാകാത്തതിന് കാരണം. ഉദാഹരണങ്ങളും നിരവധിയാണ്. ക്ഷേത്രത്തിന് അടുത്ത് തന്നെയുള്ള ഗവ. ഹൈസ്കൂള്‍, താലൂക്ക് ആശുപത്രി, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവടങ്ങളിലെല്ലാം ഒരു കാലത്ത് ഓട് മേഞ്ഞ കെട്ടിടങ്ങളായിരുന്നു. കുരങ്ങന്മാര് കൂട്ടമായെത്തി ഓടുകള്‍ നശിപ്പിക്കുന്നത് പതിവായിരുന്നു. ഓടുകള്‍ മാറ്റിയിട്ട് ജനം വലഞ്ഞു.
ക്ഷേത്രത്തിന് പുറത്തെ ചന്തകുരങ്ങുകള്‍ എന്ന വിഭാഗക്കാരായിരുന്നു പ്രശ്നക്കാര്‍. ഓടുകള്‍ മാറ്റി കെട്ടിടങ്ങള്‍ക്ക് മുകളില്‍ ഷീറ്റുകള്‍ പാകിയെങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് മാറിയില്ല. ആശുപത്രിയുടെയും സ്കൂളിന്റെയും കെട്ടിടങ്ങള്‍ പൊളിച്ച് കോണ്‍ക്രീറ്റ് ബില്‍ഡിംഗുകള്‍ നിര്‍മിക്കേണ്ടി വന്നു. ഈ സാഹചര്യം നിലനില്ക്കുമ്പോള് ക്ഷേത്രത്തിന് സമീപത്ത് തന്നെയുള്ള ട്രഷറി കെട്ടിടത്തില്‍ ഓട് മേയുന്നതിലെ അശാസ്ത്രീയതയാണ് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഓടുപാകുന്നത് മാറ്റി ബദല്‍ മാര്‍ഗം സ്വീകരിച്ചില്ലെങ്കില്‍ ട്രഷറി പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ ഇവിടെയെത്തുന്ന വൃദ്ധരുടെ ഉള്‍പ്പെടെ തലയില്‍ ഏത് നിമിഷവും ഓട് വീഴുന്നത് പ്രതീക്ഷിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: