മൂന്നാര്‍: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ഒറ്റപ്പെട്ട ഇടമലക്കുടിയിലേക്കുള്ള വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. റോഡും വൈദ്യുതി ബന്ധവും തകര്‍ന്നതോടെ ഒറ്റപ്പെട്ട ഇടമലക്കുടിയിലേക്ക് വൈദ്യുതിയെത്തുന്നത് ഏഴുപത് ദിവസത്തിന് ശേഷം. സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തിലേക്കുള്ള ഗതാഗതം താല്‍ക്കാലികമായി കഴിഞ്ഞ ദിവസം പുനസ്ഥാപിച്ചിരുന്നു. ആഗസ്റ്റ് ആറിനുണ്ടായ രാജമല പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്നാണ് മേഖല ഒറ്റപ്പെട്ടത്. അപകടത്തില്‍ റോഡ് ഒലിച്ചുപോവുകയും നിരവധിയിടങ്ങളില്‍ ഭൂഗര്‍ഭ വൈദ്യുതി കേബിളിന് തകരാറുണ്ടാകുകയും ചെയ്തു. സ്ഥലത്ത് ദിവസങ്ങള്‍ നീണ്ടു നിന്ന മഴയിലും ഉരുള്‍പൊട്ടലിലും വ്യാപക നാശമാണ് റോഡിനുണ്ടായത്. പിന്നാലെ അടുത്തിടെയാണ് താല്‍ക്കാലികമായി വാഹനങ്ങള്‍ പോകുന്ന തരത്തില്‍ റോഡ് പുനസ്ഥാപിച്ചത്.
പെട്ടിമുടിയില്‍ നിന്ന് 9 കിലോ മീറ്റര്‍ ദൂരെയാണ് ആദ്യത്തെ കുടിയായ ഇഡ്ഡലിപ്പാറ കുടിയുള്ളത്. ഇവിടെ നിന്ന് രണ്ട് കിലോ മീറ്റര്‍ അകലെയാണ് പഞ്ചായത്ത് ഓഫീസ് ഉള്‍പ്പെടെയുള്ള സൊസൈറ്റിക്കുടിയുള്ളത്. ഇവിടെ നിന്ന് വീണ്ടും കിലോ മീറ്ററുകള്‍ യാത്രചെയ്താലാണ് അവസാന കുടിയിലെത്താനാവുക. നിലവില്‍ ഇടമലക്കുടിയിലെ പാതിയോളം കുടികളില്‍ വൈദ്യുതിയെത്തിക്കാന്‍ കഴിഞ്ഞതായി കെഎസ്ഇബി തൊടുപുഴ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മനോജ് ഡി. ജന്മഭൂമിയോട് പറഞ്ഞു. അവശേഷിക്കുന്നയിടങ്ങളില് രണ്ട് ദിവസത്തിനുള്ളില്‍ വൈദ്യുതി എത്തിക്കുമെന്നും അദ്ദേഹം.
ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഇവിടുത്തെ അറ്റകുറ്റപ്പണികള്‍. ആദ്യം വാഹനങ്ങള്‍ എത്താത്തിനാല്‍ മുറിഞ്ഞുപോയ കേബിളുകള്‍ക്ക് പകരം പുതിയവ ചുമന്നാണ് സ്ഥലത്തെത്തിച്ചത്. കനത്ത മഴയും മഞ്ഞും ജോലികള്‍ക്ക് വെല്ലുവിളിയായി, ഉച്ചവരെ മാത്രമാണ് ഇവിടെ ജോലി ചെയ്യാനായതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം പണികള്‍ പൂര്‍ത്തിയാക്കി ചാര്‍ജ് ചെയ്തെങ്കിലും തകരാറുകള്‍ കാണിച്ചു. ഇതോടെ എറണാകുളത്ത് നിന്നുള്ള ആധുനിക മെഷീന് എത്തിച്ച് കേബിള്‍ തകരാര്‍ കണ്ടെത്തി ഈ കേബിളുകളും മാറ്റി ഇന്നലെ വൈകിട്ടോടെയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.
റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നു
പെട്ടിമുടിയില്‍ നിന്ന് ഇടമലക്കുടിലേക്കുള്ള റോഡ് നിര്‍മ്മാണം പുരോഗമിക്കുകയാണെന്ന് ദേവികുളം സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണന് പറഞ്ഞു. അവശ്യവസ്തുക്കള്‍ എത്തിക്കാനായി വാഹനങ്ങള്‍ നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്. കനത്ത മഴയില്‍ പലയിടത്തും മണ്ണിടിഞ്ഞ് കൊക്ക പോലെ രൂപപ്പെട്ടിരുന്നു. നിരവധി സ്ഥലങ്ങളില്‍ വന്‍ മരങ്ങളടക്കം കടപുഴകി വീണിരുന്നു. ഏറെ പണിപ്പെട്ടാണ് ഇവയെല്ലാം വനംവകുപ്പിന്റെ നേതൃത്വത്തില്‍ മാറ്റിയത്.
മൂന്ന് ഘട്ടങ്ങളായാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ റോഡു നിര്‍മ്മാണം നടക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി എട്ടു സ്ഥലങ്ങളില്‍ കല്ലുകെട്ടുന്ന ജോലി പുരോഗമിക്കുകയാണ്. ഇഡ്ഡലിപ്പാറക്കുടി വരെയുള്ള റോഡിന്റെ കോണ്‍ക്രീറ്റിംഗാണ് രണ്ടാം ഘട്ടം. മൂന്നാം ഘട്ടമായി ഇഡ്ഡലിപ്പാറക്കുടി മുതല്‍ സൊസൈറ്റിക്കുടിവരെയുള്ള റോഡിന്റെ നിര്‍മാണവുമാണ് നടക്കുന്നത്. ഇതിനായി മൂന്ന് മാസത്തോളം എടുക്കുമെന്നും സബ് കളക്ടര്‍ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ റോഡ് പൂര്‍ണമായും ഗതാഗതത്തിനായി തുറന്ന് നല്‍കാനാകുമെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശനും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: