തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്തെ അധിക വൈദ്യുതി ബില്‍ ഡിസംബറിനു മുമ്പ് ഒന്നിച്ചടയ്‌ക്കണമെന്ന് കെഎസ്ഇബി. കൊറോണക്കൊപ്പം കെഎസ്ഇബി ഭീഷണിയും നേരിടേണ്ട അവസ്ഥയിലായി ഉപഭോക്താക്കള്‍. ഡിസംബറിനുമുമ്പ് മുഴുവന്‍ തുകയും ഒരുമിച്ച് അടയ്‌ക്കണമെന്നും അല്ലാത്തപക്ഷം നടപടിയുണ്ടാകുമെന്നുമാണ് കെഎസ്ഇബിയുടെ ഫോണ്‍ ഭീഷണി.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വൈദ്യുതി ബില്‍ ഒന്നിച്ച് അടയ്‌ക്കുന്നതിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് തവണകളായി അടയ്‌ക്കാന്‍ അവസരം നല്‍കിയത്. ഇതാണ് ഇപ്പോള്‍ ഒന്നിച്ച് അടയ്‌ക്കാന്‍ നിര്‍ദ്ദേശിച്ചത്. ലോക്ഡൗണ്‍ കാരണം റീഡിങ് എടുക്കാന്‍ കഴിയാതിരുന്നതിനാല്‍ നാലു മാസത്തെ ബില്‍ ഒന്നിച്ചാണ് നല്‍കിയത്. നാലു മാസത്തെ റീഡിങ് ഒന്നിച്ച് വന്നതോടെ താരിഫിലും വ്യത്യാസം വന്നു. വന്‍ തുക ബില്ലില്‍ രേഖപ്പെടുത്തി. ബില്‍ത്തുക കണ്ട് ഞെട്ടിയ ഉപഭോക്താക്കള്‍ ശക്തമായ പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് ഒന്നിച്ചു തുക അടയ്‌ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് തവണയായി അടയ്‌ക്കാന്‍ നിര്‍ദ്ദേശിച്ചത്. ബില്‍ അടയ്‌ക്കാത്തതിന്റെ പേരില്‍ വൈദ്യുതി വിച്ഛേദിക്കില്ലെന്നും അറിയിച്ചു.
ഇപ്പോള്‍ കൊറോണ വൈറസ് ലോക്ഡൗണ്‍ സമയത്തെക്കാള്‍ പതിന്മടങ്ങ് വ്യാപനത്തിലാണ്. ലോക്ഡൗണ്‍ സമയത്തെ കുടിശിക ഡിസംബറിനു മുമ്പ് അടയ്‌ക്കണമെന്നും അല്ലാത്തപക്ഷം നടപടികള്‍ ഉണ്ടാകുമെന്നുമാണ് കെഎസ്ഇബി ഉപഭോക്താക്കളെ ഫോണിലൂടെ അറിയിക്കുന്നത്. പലരും വന്‍തുക അടയ്‌ക്കേണ്ട അവസ്ഥയിലാണ്. കൊറോണയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. പകുതി ശമ്പളം മാത്രം ലഭിക്കുന്നവരുമുണ്ട്. അത്തരക്കാര്‍ക്കെല്ലാം ഇരുട്ടടിയായി കെഎസ്ഇബിയുടെ നടപടി.
എന്നാല്‍, ലോക്ഡൗണ്‍ കാലത്തെ ബില്ലുകള്‍ 98 ശതമാനത്തിലധികവും അടച്ചുതീര്‍ന്നെന്നും ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ വൈദ്യുതി വിച്ഛേദിക്കാന്‍ തീരുമാനിച്ചവ മാത്രമാണ് നടപടിയിലേക്ക് നീങ്ങുന്നതെന്നുമാണ് കെഎസ്ഇബിയുടെ വാദം. ഉയര്‍ന്ന ബില്‍ത്തുക വന്നവര്‍ക്കെല്ലാം ഇളവുകള്‍ നല്‍കി.
ഘട്ടംഘട്ടമായി അടച്ചവരുമുണ്ട്. അഥവാ നടപടിയിലേക്ക് നീങ്ങുന്നെങ്കില്‍ തന്നെ സോഷ്യല്‍ മീഡിയ വഴിയും നേരിട്ട് നോട്ടീസ് നല്‍കിയും ഉപഭോക്താക്കളെ അറിയിച്ചും അവര്‍ക്ക് പണമടയ്‌ക്കാനുള്ള അവസരം നല്‍കിയതിനും ശേഷം മാത്രമാകൂയെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്.
















