ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ വിമത ശബ്ദമുയര്‍ത്തിയ ഇരുപത്തിമൂന്നു മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ പ്രത്യേക ഗ്രൂപ്പായി നീങ്ങാന്‍ നീക്കം. ജി23 എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നേതാക്കള്‍ ഇനി മുതല്‍ രാഷ്ട്രീയ വിഷയങ്ങളില്‍ പ്രത്യേകമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും പ്രസ്താവനകള്‍ ഇറക്കാനുമാണ് തീരുമാനം.
പ്രശ്നങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് പുറമെയാവും ജി23 നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങളും പ്രസ്താവനകളുമെന്നതാണ് ശ്രദ്ധേയം. വിമതര്‍ പാര്‍ട്ടിയില്‍ പ്രത്യേക പ്ലാറ്റ്ഫോം ഒരുക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ നീക്കത്തെ വിലയിരുത്തുന്നത്. രാഹുലിന്റെ ഒപ്പം നില്‍ക്കുന്നവരേക്കാള്‍ കൂടുതല്‍ രാഷ്ട്രീയ കൃത്യതയോടെയും മറ്റും നിലപാടുകള്‍ സ്വീകരിക്കുന്നത് തങ്ങളാണെന്ന് പൊതുസമൂഹം തിരിച്ചറിയുമെന്നാണ് ഈ നേതാക്കളുടെ നിലപാട്. രാജ്യത്തു നിരവധി പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. അവയിലെല്ലാം കോണ്‍ഗ്രസ് നിശബ്ദമാണ്. ഇതിന് മാറ്റംവരണം, ജി23 നേതാക്കളില്‍ ഒരാള്‍ അഭിപ്രായപ്പെട്ടു.
കാര്‍ഷിക വിഷയങ്ങളില്‍ രാഹുല്‍ സ്വീകരിച്ച നിലപാടിനെ ജി23 നേതാക്കളില്‍ ഒരാള്‍ പ്രശംസിച്ചു. എന്നാല്‍, കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ 15 മിനിറ്റിനുള്ളില്‍ ചൈനയെ പരാജയപ്പെടുത്തുമെന്ന രാഹുലിന്റെ പ്രസ്താവനയെ പരിഹസിച്ചു. ഇത്തരം പരിഹാസ്യമായ വാക്കുകള്‍ രാഹുല്‍ ഒഴിവാക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ നിരന്തരം നടത്തുന്ന വ്യക്തിപരമായ പരാമര്‍ശങ്ങളും ഒഴിവാക്കപ്പെടണം, ജി23 നേതാവ് പറഞ്ഞു.
പ്രത്യേക സമ്മര്‍ദ്ദ ഗ്രൂപ്പ് ശക്തമാവുന്നതില്‍ ഹൈക്കമാന്‍ഡ് അതൃപ്തരാണ്. രാഹുലിനെതിരെ ഇത്രയേറെ മുതിര്‍ന്ന നേതാക്കള്‍ ഒരുമിച്ചു നില്‍ക്കുന്നത് സോണിയയെ അസ്വസ്ഥമാക്കുന്നു. ഭാവിയില്‍ രാഹുലിന് വെല്ലുവിളിയായി മാറുമോയെന്ന ഭയത്താല്‍ ഗ്രൂപ്പിലെ നേതാക്കളെ ഭിന്നിപ്പിക്കാനാണ് ശ്രമം. ഇതിനായി എഐസിസി നേതാക്കളെത്തന്നെ സോണിയ നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: