ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എം.എസ്. ധോണിയെ വിമര്‍ശിച്ച് ക്രിക്കറ്റ് ആരാധകര്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎല്‍ മത്സരത്തില്‍ അമ്പയര്‍ പോള്‍ റീഫലിനെ ഭീഷണിപ്പെടുത്തി വൈഡ് ബോള്‍ വളിക്കുന്നതില് നിന്ന് പിന്തിരിപ്പിച്ചതിനാണ് ആരാധകര്‍ ധോണിക്കെതിരെ തിരിഞ്ഞത്.
ഹൈദരാബാദ് ഇന്നിങ്സിലെ 19-ാം ഓവറിലാണ് സംഭവം. ഹൈദരാബാദിന്റെ റഷീദ് ഖാന് ക്രീസില്‍ നില്ക്കവേ ചെന്നൈയുടെ ഷാര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ പന്ത് ഓഫ് സൈഡിന് വെളിയിലൂടെ പറന്നു. വൈഡ് വിളിക്കാനായി അമ്പയര്‍ പോള്‍ റീഫല്‍ കൈകള്‍ വിടര്ത്തിതുടങ്ങിയതാണ്. എന്നാല്‍ ധോണി പ്രതിഷേധിച്ചതോടെ റീഫല്‍ തീരുമാനം മാറ്റുകയായിരുന്നു. ഡഗ്ഔട്ടിലിരുന്ന സണ്‍റൈസേഴ്സ് ക്യാപറ്റന് ഡേവിഡ് വാര്‍ണര്‍ അമ്പയറുടെ തീരുമാനത്തില്‍ നിരാശനായി.
പോള്‍ റീഫല്‍ വൈഡ് വിളിക്കാന്‍ ഒരുങ്ങിയതാണ്. അപ്പോഴാണ് ക്ഷോഭിക്കുന്ന ധോണിയെ കണ്ടത്. ഉടനെ തീരുമാനം മാറ്റിയെന്ന് കമന്റേറ്ററും മുന്‍ വിന്‍ഡീസ് താരവുമായ ഇയാന്‍ ബിഷപ്പ് പറഞ്ഞു.
മത്സരത്തില്‍ സണ്‍റൈസേഴ്സ് 20 റണ്‍സിന് തോറ്റു. 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്സിന് 20 ഓവറില്‍ എട്ട് വിക്കറ്റിന് 147 റണ്‍സേ നേടാനായുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: