(തുടര്‍ച്ച)
ക്ഷതമേറ്റാല്‍ കൈകാലുകളുടെ ഞരമ്പുകള്‍ കോച്ചി മടങ്ങി നിവര്‍ത്താനാവാതെയും നിവര്‍ന്നിരിക്കുന്നവ മടക്കാനാവാതെയും വരാറുണ്ട്. ഈ സാഹചര്യത്തില്‍ താഴെ പറയുന്ന കഷായം വച്ചു കുടിക്കുകയും അതോടൊപ്പം പരാമര്‍ശിക്കുന്ന തൈലം കാച്ചി ഉഴിയുകയും ചെയ്താല്‍ മടങ്ങിയവ നിവരുകയും മടക്കാനാവാത്ത ശരീരഭാഗങ്ങള്‍ മടക്കാനുമാകും.
കഷായത്തിന്:
മയില്‍പീലിത്തണ്ട്, കാട്ടു ചെറുതുളസി, വള്ളി ഉഴിഞ്ഞ വേര്, അരുത വേര്, ചിറ്റമൃത്, കുറുന്തോട്ടി വേര്, മുരിങ്ങത്തൊലി, ദേവതാരം, വെളുത്ത കുന്നിയുടെ വേര്, വേലിപരുത്തി വേര്, മുത്തങ്ങ ഇവ ഓരോന്നും പത്തു ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയായി വറ്റിച്ച്, നൂറു മില്ലി വീതമെടുത്ത് ഇന്തുപ്പും കാല്‍സ്പൂണ്‍ നെയ്യും ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിക്കുക.
തൈലത്തിന്:
കറ്റാര്‍വാഴ, മുരിങ്ങയില, നെല്ലിയില, മുരിങ്ങത്തൊലി, ചങ്ങലം പരണ്ട, അത്തിയില, ഇത്തിയില, പേരാലില, അരയാലില, കറുകപ്പുല്ല്, മുക്കാപ്പീര്യം (മുശുമുശുക്കി), ഉങ്ങിന്റെ തൊലി, എരുക്കിന്റെ ഇല,. കള്ളിപ്പാലയില എന്നിവയുടെ നീര് മുന്നൂറു മില്ലി വീതം എടുക്കുക. (300 മില്ലി ചാറു കിട്ടാന്‍ ഓരോ കൂട്ടവും ഒരു കിലോ വീതമെടുത്ത് വെള്ളം തളിച്ച് ചതയ്‌ക്കണം.) എള്ളെണ്ണ, നെയ്യ്, ആവണക്കെണ്ണ, വേപ്പെണ്ണ, കടുകെണ്ണ, ഇലിപ്പയെണ്ണ, പുങ്ക് എണ്ണ, ഇവ ഓരോന്നും 250 മില്ലി വീതവും ആവശ്യമാണ്.
കല്‍ക്കം കാച്ചുന്നതിന് കോലരക്ക്, ചെന്നിനായകം, കാത്ത്, ഇന്തുപ്പ്, ചെഞ്ചെല്ല്യം, ഗുല്‍ഗുലു, താര്‍താവില്‍ (നത്തച്ചൂരി) അരി, തൊണ്ടോടു കൂടിയ ഉഴുന്ന്, വെളുത്തുള്ളി, പച്ച മഞ്ഞള്‍, കായം, തവിട്ടു വേമ്പാട ഇവ ഓരോന്നും 30 ഗ്രാം വീതം അരച്ചെടുക്കുക. ഇവയെല്ലാം ഒന്നിച്ചു ചേര്‍ത്ത് അതായത് ഇടിച്ചു പിഴിഞ്ഞ നീരുകളും എണ്ണകളും കല്‍ക്കത്തിന് അരച്ചെടുത്തതും ഒരുമിച്ച് ചേര്‍ത്ത് മെഴുകപാകത്തില്‍ കാച്ചി അരിച്ചു തേയ്‌ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: