തിരുവനന്തപുരം : പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം. തന്റെ ഉത്തരവാദിത്തം ഒന്നുകൂടി കൂട്ടുന്നതാണ് ഈ പുരസ്‌കാരം. 2019ല്‍ ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ തനിക്ക് ചെയ്യാന്‍ പറ്റി. ജനങ്ങള്‍ അത് കണ്ടുവെന്നതിലും സന്തോഷമുണ്ട്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരും അത് അംഗീകരിക്കുന്നുവെന്നും നടന്‍ സുരാജ് വെഞ്ഞാറമൂട് അറിയിച്ചു. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച ഒരുപാട് വേഷങ്ങള്‍ തന്നെ തേടി എത്തുന്നുണ്ട്. അവാര്‍ഡ് ലഭിച്ചത് ഉത്തരവാദിത്തം കൂട്ടുകയാണ്. പുതിയ സിനിമകള്‍ ജനങ്ങളിലേക്ക് എത്താന്‍ ജനജീവിതം സാധാരണ രീതിയില്‍ ആകണം. അത് വേഗം ഉണ്ടാകട്ടെ ജനങ്ങള്‍ വീണ്ടും തിയേറ്ററുകളിലേക്ക് എത്തട്ടെയെന്നും സുരാജ് വെഞ്ഞെറമൂട് കൂട്ടിച്ചേര്‍ത്തു.
പൃഥ്വിരാജ് നായകനായ ജനഗണമന എന്ന സിനിമയുടെ ലേക്കേഷനില്‍ വെച്ചാണ് സുരാജ് തനിക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതായി അറിഞ്ഞത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ സിനിമകളിലെ പ്രകടനത്തിനാണ് സുരാജ് വെഞ്ഞാറമൂടിനെ മികച്ച നടനായി തെരഞ്ഞെടുത്തത്.
മികച്ച നടി കനി കുസൃതി(ബിരിയാണി). മികച്ച സംവിധായകന്‍: ലിജോ ജോസ് പെല്ലിശേരി (ജെല്ലിക്കെട്ട്). ഫഹദ് ഫാസില്‍ മികച്ച സ്വഭാവന നടന്‍ (കുമ്പളങ്ങി നൈറ്റ്‌സ്), സ്വഭാവ നടി സ്വാസിക വിജയ്(വാസന്തി). റഹ്‌മാന്‍ സഹോദരങ്ങള്‍ സംവിധാനം ചെയ്ത വാസന്തി മികച്ച ചിത്രം. രണ്ടാമത്തെ ചിത്രം മനോജ് കാനയുടെ കെഞ്ചിര എന്നിങ്ങനെയാണ് പുരസ്‌കാര പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: