തിരുവനന്തപുരം: മന്ത്രിസഭയിലെ മറ്റ് അംഗങ്ങളെ നോക്കുകുത്തികളാക്കി മുഖ്യമന്ത്രിയിലേക്ക് അധികാരം കേന്ദ്രീകരിക്കാനുള്ള പിണറായി വിജയന്റെ നീക്കത്തിന് പിന്നില്‍ സിപിഎമ്മിലെ ഉള്‍പ്പോരും. മുഖ്യമന്ത്രിക്ക് താത്പര്യമുള്ള പല പദ്ധതികള്‍ക്കും ഇടപാടുകള്‍ക്കും ധനവകുപ്പില്‍ നിന്ന് എതിര്‍പ്പും കാലതാമസവും നേരിട്ടതോടെയാണ് ഭരണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ കേന്ദ്രീകരിക്കാന്‍ ശ്രമംതുടങ്ങിയത്. ധനമന്ത്രി തോമസ് ഐസക് സിപിഎമ്മിലെ പിണറായി പക്ഷത്തോട് അനുഭാവം പുലര്‍ത്തുന്ന നേതാവല്ല. അതിനാല്‍ തന്നെ, ഫയലുകള്‍ കൃത്യമല്ലാത്ത ഇടപാടുകളില്‍ കണ്ണടച്ചുള്ള നീക്കം മന്ത്രി അനുവദിച്ചതുമില്ല. ഇതു പലപ്പോഴും പിണറായിക്ക് താത്പര്യമുള്ള ഇടപാടുകള്‍ക്ക് തടസമായി. ധനവകുപ്പ് മാത്രമല്ല, സിപിഐ ഭരിക്കുന്ന റവന്യൂ വകുപ്പില്‍ നിന്നു കൂടി തടസം നേരിട്ടതോടെയാണ് ഏകാധിപതിയാകാനുള്ള പിണറായിയുടെ നീക്കം ആരംഭിച്ചത്. അതിനു ചുക്കാന്‍ പിടിച്ചത് ആകട്ടെ മുഖ്യമന്ത്രിയുടെ വിശ്വസ്തനും സ്വര്‍ണക്കടത്തു കേസില്‍ ഉള്‍പ്പെട്ട് സസ്പെന്‍ഷനിലായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ശിവശങ്കറും.
മുഖ്യമന്ത്രിയിലേക്ക് കൂടുതല്‍ അധികാരം കേന്ദ്രീകരിക്കാനുളള റൂള്‍സ് ഓഫ് ബിസിനസ് ചട്ട ഭേദഗതി തയ്യാറാക്കിയത് എം. ശിവശങ്കര്‍ ഉള്‍പ്പെട്ട ഉന്നതതല സമിതിയായിരുന്നു. ശിവശങ്കര്‍ ഉള്‍പ്പടെ ഭരണം നിയന്ത്രിക്കുന്ന പല മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും താത്പര്യമുളള പല പദ്ധതികള്‍ക്കും അനുമതി ലഭിക്കാന്‍ മന്ത്രിമാരില്‍നിന്ന് തടസം നേരിട്ടിരുന്നു. ധനം, നിയമം,റവന്യു വകുപ്പുകളുടെ അധികാരംകൂടി കവരുന്ന നിര്‍ദേശങ്ങളുണ്ടായിട്ടും ആ വകുപ്പുകളുടെ സെക്രട്ടറിമാര്‍ ബന്ധപ്പെട്ട മന്ത്രിമാരെ അവ അറിയിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വാധികാരമുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇവരെ അതീവ സമ്മര്ദത്തിലായിക്കിയിരുന്നു.
2018ലാണ് ഇതുസംബന്ധിച്ച സമിതിയെ നിയോഗിച്ചത്. അന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ചീഫ് സെക്രട്ടറി, നിയമം, ധനം, പൊതുഭരണ വകുപ്പ് സെക്രട്ടറിമാര്‍ എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങള്‍.
മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം ലഭിക്കുംവിധം ഭരണസമ്പ്രദായത്തിന്റെ അടിസ്ഥാന സ്വഭാവത്തിനുതന്നെ മാറ്റം വരുത്താനായിരുന്നു പിണറായിയുടെ ശ്രമം. നിലവില്‍ മന്ത്രിസഭായോഗം തീരുമാനിക്കുന്ന പല കാര്യങ്ങളിലും പുതിയ നിയമം വരുന്നതോടെ മുഖ്യമന്ത്രിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാം. മന്ത്രിമാരില്‍ക്കൂടിയല്ലാതെ വകുപ്പ് സെക്രട്ടറിമാര്‍ക്ക് നേരിട്ട് നിര്‍ദേശം നല്‍കാം. നിര്‍ദേശങ്ങളടങ്ങുന്ന പൊതുഭരണവകുപ്പിന്റെ കരട് റിപ്പോര്‍ട്ട് മന്ത്രിസഭാ ഉപസമിതിയുടെ പരിഗണിക്കുന്നുണ്ട്.
മന്ത്രിസഭായോഗ തീരുമാനം പുനഃപരിശോധിക്കുന്നതിന് വകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവര്‍ മുഖേന മുഖ്യമന്ത്രിക്ക് ഫയല്‍ നല്‍കണമെന്നാണ് പുതിയ നിര്‍ദേശം. ക്രമസമാധാനപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും സെക്രട്ടറി തലത്തിലാണ് തീരുമാനം. കോടതി ഉത്തരവ് നടപ്പാക്കുന്നതിനുള്ള അധികാരവും സെക്രട്ടറിക്കാണ്. വിദഗ്ധരെ നിയമിക്കുന്ന എക്സ് ഒഫിഷ്യോ സെക്രട്ടറി തസ്തികയും സെക്രട്ടറിമാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.
നിലവിലെ വ്യവസ്ഥപ്രകാരം ഒരു വകുപ്പിന്റെ ചുമതല ആ വകുപ്പിന്റെ മന്ത്രിക്കാണ്. മന്ത്രിക്കൊപ്പം പ്രാഥമിക ചുമതലയിലേക്ക് വകുപ്പ് സെക്രട്ടറിയെക്കൂടി ഉള്‍പ്പെടുത്താനാണ് പുതിയ ശുപാര്‍ശ. സെക്രട്ടറിക്ക് ഇങ്ങനെ ലഭിക്കുന്ന അധികാരത്തിലൂടെ വേണമെങ്കില്‍ ബന്ധപ്പെട്ട മന്ത്രിയറിയാതെയും ഫയല്‍ തീര്‍പ്പാക്കാന്‍ കഴിയും. വകുപ്പ് മന്ത്രി മുഖേനയാണ് നിലവില്‍ ഫയലുകള്‍ മുഖ്യമന്ത്രി വിളിച്ചുവരുത്തുക. പുതിയ ശുപാര്‍ശയില്‍ മുഖ്യമന്ത്രിക്ക് സ്വന്തം ഇഷ്ടപ്രകാരം ഏതു വകുപ്പിലെയും ഫയലും വിളിച്ചുവരുത്തി തീരുമാനമെടുക്കാം. വകുപ്പ് മന്ത്രിയുടെ അഭിപ്രായം അറിയുകയോ, കൂടിയാലോചിക്കുകയോ വേണമെന്നില്ല.
നിലവിലുള്ള രണ്ട് വിഭാഗങ്ങള്‍ക്കുപുറമേ മൂന്നാം ഷെഡ്യൂള്‍കൂടി നിലവില്‍വരും. മൂന്നാം ഷെഡ്യൂള്‍ മുഖ്യമന്ത്രിയുടെ ഉത്തരവനുസരിച്ച് ചീഫ് സെക്രട്ടറിക്ക് അപ്പപ്പോള്‍ ഭേദഗതി ചെയ്യാം. നിലവില്‍ ഗവര്‍ണറുടെ അംഗീകാരത്തോടെയാണ് ഷെഡ്യൂളിലും മാറ്റം വരുത്തുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന കാര്യങ്ങളില്‍ തീരുമാനം വകുപ്പ് സെക്രട്ടറിക്ക് എടുക്കാം, മന്ത്രിയറിയണമെന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: