തിരുവനന്തപുരം: ആറു മാസത്തെ അടച്ചിടലിനൊടുവില്‍ ഹില്‍സ്റ്റേഷനുകളും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളും കായലോര ടൂറിസം കേന്ദ്രങ്ങളും കൊറോണ പ്രോട്ടോക്കോള്‍ പാലിച്ച് തുറക്കുന്നതിന് അനുമതി. ഇതിനള്ള ഉത്തരവ് പുറത്തിറങ്ങി. എന്നാല്‍, ബീച്ചുകള്‍ നവംബര്‍ ഒന്നു മുതലാകും തുറക്കുക.
സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികള്‍ക്ക് ഉപാധികളോടെ പ്രവേശനം അനുവദിക്കും. ഹൗസ് ബോട്ടുകള്‍ക്കും മറ്റ് ടൂറിസ്റ്റ് ബോട്ടുകള്‍ക്കും സര്‍വീസ് നടത്താം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അണ്‍ലോക്ക് നാല് ഉത്തരവില്‍ നിരോധിത കാറ്റഗറിയില്‍ ടൂറിസം ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് കര്‍ശനമായി മുന്‍കരുതലുകള്‍ പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നത്. ഹോട്ടല്‍ ബുക്കിങ്ങും, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റെടുക്കുന്നതും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാകണം. ആയുര്‍വേദ കേന്ദ്രങ്ങളിലും കൊറോണ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
രോഗലക്ഷണങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ടൂറിസ്റ്റുകള്‍ യാത്ര ചെയ്യാന്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാസ്ക് നിര്‍ബന്ധമായും ധരിക്കണം. സാനിറ്റൈസര്‍ ഉപയോഗിക്കുകയും, രണ്ട് മീറ്റര്‍ സാമൂഹികഅകലം മറ്റുള്ളവരില്‍ നിന്നു പാലിക്കുകയും വേണം. വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശനവേളയില്‍ കൊവിഡ് രോഗബാധ ലക്ഷണങ്ങളുണ്ടായാല്‍ ദിശയില്‍ ബന്ധപ്പെട്ട് ആരോഗ്യപ്രവര്‍ത്തകരുടെ സേവനം തേടണം. രോഗലക്ഷണങ്ങളുള്ളവര്‍ ഐസോലേഷനില്‍ പോകണമെന്നും നിര്‍ദ്ദേശം.
ഇതര സംസ്ഥാന ടൂറിസ്റ്റുകള്‍ക്ക് രജിസ്ട്രേഷന്
സംസ്ഥാനത്തിന് പുറത്തു നിന്നെത്തുന്ന സഞ്ചാരികള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കും ഒരാഴ്ച്ച വരെയുള്ള ഹ്രസ്വസന്ദര്‍ശനത്തിന് ക്വാറന്റൈന് നിര്‍ബന്ധമില്ല. ഏഴ് ദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കില്‍, ടൂറിസ്റ്റുകള്‍ സ്വന്തം ചെലവില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകണം. ഏഴ് ദിവസത്തില്‍ കൂടുതല്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുകയോ, കേരളത്തില്‍ എത്തിയാല്‍ ഉടന്‍ കൊവിഡ് പരിശോധന നടത്തുകയോ ചെയ്യണം. അതല്ലെങ്കില്‍ ആ സഞ്ചാരികള്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ പോകേണ്ടിവരും.
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പാലിക്കേണ്ടത്
ശരീരോഷ്മാവ് പരിശോധിക്കണം.കൈകള്‍ സോപ്പിട്ട് കഴുകണം. ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ച മറ്റ് മുന്കരുതലുകളുമുണ്ടാകണം.
നടപ്പാതകളും, കൈവരികളും, ഇരിപ്പിടങ്ങളുമെല്ലാം സാനിറ്റൈസര്‍ സ്പ്രേ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവരുടെ പേരും വിശദവിവരങ്ങളും രേഖപ്പെടുത്തണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ചുമതല ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും, ഡിടിപിസി സെക്രട്ടറിമാര്‍ക്കുമായിരിക്കും. നിശ്ചിത ഇടവേളകളില്‍ ടൂറിസം കേന്ദ്രങ്ങള്‍ ശുചീകരിക്കണം, അണുവിമുക്തമാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: