കൊല്ലം: തങ്കശ്ശേരി ഫിഷിങ് ഹാര്‍ബറും അനുബന്ധ ലേലഹാളുകളും താത്കാലികമായി തുറന്നു. കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഇത് സംബന്ധിച്ച് ഉത്തരവ് നല്കി. തങ്കശ്ശേരി ഫിഷിംഗ് ഹാര്‍ബര്‍ ഇന്നലെ വൈകിട്ട് 4 മുതല്‍ ഈ മാസം 18 ഉച്ചയ്ക്ക് 12 വരെ ഒരാഴ്ചക്കാലത്തേക്ക് താത്കാലികമായി തുറക്കാനുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളത്. തങ്കശ്ശേരി ഫിഷിംഗ് ഹാര്‍ബറും ജോനകപ്പുറം, പോര്‍ട്ട് കൊല്ലം, മുതാക്കര, തങ്കശ്ശേരി, വാടി എന്നീ അനുബന്ധ ലേലഹാളുകള്‍ക്കും താത്കാലികമായി തുറന്നു പ്രവര്‍ത്തിക്കാം.
തങ്കശ്ശേരി ഫിഷിംഗ് ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെടുന്ന എല്ലാ മത്സ്യബന്ധനയാനങ്ങളും മത്സ്യത്തൊഴിലാളികളും കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരു മത്സ്യബന്ധന ബോട്ടുകളെയും മത്സ്യത്തൊഴിലാളികളെയും കടലില്‍ പോകാന്‍ അനുവദിക്കുകയില്ല. ഇതിന്റെ പൂര്‍ണചുമതല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ്.
അഞ്ച് ലേല ഹാളുകളും ഒരേപോലെ പ്രവര്‍ത്തിപ്പിച്ചു ലേലം പൂര്‍ണമായും ഒഴിവാക്കി ശാരീരിക അകലം ഉറപ്പുവരുത്തണം. ഒറ്റ, ഇരട്ട അക്ക നമ്പര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായും പാലിച്ചുവേണം മത്സ്യബന്ധനവും വിപണനവും നടത്താന്‍. ഫിഷിങ് ഹാര്‍ബറിലെയും അനുബന്ധ ലേല ഹാളുകളിലെയും കോവിഡ് പ്രോട്ടോകോള്‍ പാലനം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്‍സിഡന്‍സ് കമാന്‍ഡര്‍ കൂടിയായ കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: