കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുഖ്യപ്രതി സ്വപ്ന സുരേഷ് നല്കിയ മൊഴി ‘ജന്മഭൂമി’ പുറത്തു വിട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത് നുണകളെന്ന് തെളിയുന്നു. സ്വപ്നയെ അറിയില്ല, സ്പേസ് പാര്‍ക്കില്‍ സ്വപ്നയെ നിയമിച്ചത് അറിയില്ല തുടങ്ങി മുഖ്യമന്ത്രി ഇതുവരെ പറഞ്ഞതെല്ലാം പൊളിഞ്ഞു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രി വഴിയാണെന്നാണ് സ്വപ്നയുടെ മൊഴി. മുഖ്യമന്ത്രിയുടെ വീട്ടിലെ സ്വകാര്യ കൂടിക്കാഴ്ചകളാണ് എല്ലാ ആസൂത്രണങ്ങളുടേയും കേന്ദ്രമെന്നും വന്നതോടെ ചോദ്യങ്ങള്‍ക്ക് ഇനി മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും.
ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്ത മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് എന്തു മറുപടി പറയും എന്നതാണ് ഇനി പ്രധാനം. സ്വപ്നയുടെ മൊഴി പുറത്തു വന്നതോടെ സിപിഎമ്മും പ്രതിരോധത്തിലായി. ഇന്നലെ വാര്‍ത്താ ചാനലുകള്‍ ഈ വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ക്ഷണിച്ചിട്ടും പങ്കെടുക്കാതെ സിപിഎം നേതാക്കള്‍ ഒഴിഞ്ഞുമാറി.
സംശയദൂരീകരണത്തിന് ഏത് ഏജന്‍സിയും ഓഫീസിലേക്ക് വരട്ടെ എന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം. സ്വര്‍ണക്കടത്ത് കസ്റ്റംസ് കണ്ടെത്തിയപ്പോള്‍ അന്വേഷിക്കാന്‍ ഏത് ഏജന്‍സിയും വരട്ടെ എന്ന് സ്വാഗതം ചെയ്ത് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയ അനുഭവം മുന്‍നിര്‍ത്തിയാണിത്. ഭരണമുന്നണിയിലേയും സിപിഎമ്മിലേയും നേതാക്കള്‍ ഈ ചോദ്യം പങ്കുവയ്ക്കുന്നു.
കേസില്‍ പ്രതിയായ സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലില്‍ നല്കിയ മൊഴിയില്‍ യുഎഇ കോണ്‍സല്‍ ജനറലുമായി ഔദ്യോഗിക വസതിയില്‍ മുഖ്യമന്ത്രി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചകളെക്കുറിച്ച് പറയുന്നുണ്ട്. ‘ജന്മഭൂമി’യാണ് ഈ മൊഴി ആദ്യം പുറത്തു വിട്ടത്. മുഖ്യമന്ത്രി ആവര്‍ത്തിച്ച് നിഷേധിക്കുന്നെങ്കിലും എന്നെ മുഖ്യമന്ത്രിക്ക് 2017 മുതല്‍ അറിയാമായിരുന്നുവെന്ന് സ്വപ്ന വിശദീകരിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് നല്കിയ മൊഴിയിലും സ്വപ്നയെ മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രീയമായി എതിരാളികള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ സ്വപ്നയുടെയും മറ്റും വിശദീകരണങ്ങള്‍ വിനിയോഗിക്കുകയാണ്. അന്വേഷണത്തിന് ഏജന്‍സികളെ സ്വാഗതം ചെയ്ത് കത്തെഴുതിയ മുഖ്യമന്ത്രി, സ്വന്തം വിശദീകരണം കേള്‍ക്കാന്‍ അന്വേഷണ ഏജന്‍സികളെ തന്റെ ഓഫീസിലേക്ക് ക്ഷണിക്കാന്‍ തയാറാകുമോ എന്നാണ് പലരും ചോദിക്കുന്നത്. അത്തരമൊരു വിശദീകരണം രാഷ്ട്രീയ പ്രതിരോധത്തില്‍നിന്ന് സര്‍ക്കാരിനേയും പാര്‍ട്ടിയേയും മുന്നണിയേയും രക്ഷിക്കുമെന്നാണ് പലരുടെയും വിശ്വാസവും അഭിപ്രായവും.
നാല് കാര്യങ്ങളില്‍ മുഖ്യമന്ത്രി വിശദീകരണം അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കേണ്ടതുണ്ട്. ഒന്ന്: സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്ക് എന്നു മുതലറിയാം.
രണ്ട്: യുഎഇ കോണ്‍സുലേറ്റുമായുള്ള ഇടപാടുകളില്‍ മുഖ്യമന്ത്രിയും ഓഫീസും പ്രോട്ടോകോളുകള്‍ പൂര്‍ണായും പാലിച്ചോ.
മൂന്ന്: യുഎഇ കോണ്സുലേറ്റു വഴി, ലൈഫ് മിഷന് ലഭിച്ച സഹായമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണോ.
നാല്: കുടുംബമൊത്തുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വിദേശ യാത്രയില്‍ സ്വപ്ന സുരേഷ് അംഗമായത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: