മൂന്നാര്‍: രാജമല പെട്ടിമുടി ദുരന്തത്തില്‍പെട്ട 8 കുടുംബങ്ങള്‍ക്ക് 5 സെന്റ് വീതം ഭൂമിയുടെ പട്ടയം നല്‍കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ട ആറു മാസം പ്രായമുള്ള കുഞ്ഞ് അടക്കം ആകെ 16 പേര്‍ മാത്രമുള്ള എട്ടു കുടുംബങ്ങള്‍ക്കാണ് മൂന്നാറിന് സമീപത്തെ കെഡിഎച്ച് വില്ലേജിലെ കുറ്റിയാര്‍വാലിയില്‍ സ്ഥലം അനുവദിക്കുന്നത്.
മുമ്പ് നടത്തിയ ചര്‍ച്ചയില്‍ ഇവര്‍ക്ക് വീട് പണിയുന്നതിനായി ഒരു കോടി രൂപ കണ്ണന്‍ദേവന്‍ കമ്പനി അനുവദിച്ചിരുന്നു. സ്ഥലം നല്‍കാനാകില്ലെന്ന് കമ്പനി അറിയിച്ചതോടെയാണ് കലക്ടര്‍ ഇടപെട്ട് ഭൂമി നല്‍കാന്‍ നടപടി ആരംഭിച്ചത്.
സര്‍വ്വേ നമ്പര്‍ 1264ല്‍ പെട്ട 50 സെന്റ് ഭൂമി പെട്ടിമുടി ദുരന്തത്തില്‍ അകപ്പെട്ടവരുടെ പുനരധിവാസത്തിന് ഉപയോഗിക്കുന്നതിനും പ്രസ്തുത ഭൂമി നടപടി ക്രമങ്ങള്‍ പാലിച്ച് മേല്‍പ്പറഞ്ഞവര്‍ക്ക് 1964ലെ കേരള ഭൂപതിവ് ചട്ട പ്രകാരം പതിച്ചു നല്‍കുന്നതിന് ഇടുക്കി ജില്ലാ കളക്ടര്‍ക്ക് അനുമതി നല്‍കിയുമാ ണ് ഉത്തരവിറക്കിയിരിക്കുന്നത്. തുടര്‍ നടപടി സ്വീകരിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഉടന്‍ തന്നെ ഭൂമി നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ ജന്മഭൂമിയോട് പറഞ്ഞു. ജില്ലയുടെ മന്ത്രിയായ എം.എം. മണി കൊറോണ രോഗബാധിതനായി നിലവില്‍ ചികിത്സയിലാണ്. ഇദ്ദേഹം തിരിച്ചെത്തുന്ന മുറയ്‌ക്ക് പട്ടയം നല്‍കുന്ന ചടങ്ങും വീടിന്റെ കല്ലിടല്‍ കര്‍മ്മവും ഒരുമിച്ച് നിര്‍വഹിക്കാനാണ് തീരുമാനമെന്നും കളക്ടര്‍ പറഞ്ഞു. എത്രയും വേഗം വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കുടുംബങ്ങള്‍ക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഗസ്റ്റ് ആറിന് രാത്രിയിലുണ്ടായ പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 70 പേരാണ് മരിച്ചത്. ഇതില്‍ നാലുപേരുടെ മൃതദേഹം ഇനിയും കണ്ടെത്താനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: