ന്യൂദല്‍ഹി : കാര്‍ഷകരുടെ മനസ് സര്‍ക്കാര്‍ നടപ്പിലാക്കിയ ചരിത്രപരമായ നിയമ പരിഷ്കാരത്തിന് ഒപ്പമാണ്. രാജ്യത്തെ കൊള്ളയടിച്ച ദല്ലാളുമാരുടെ പിന്മുറക്കാരാണ് കാര്‍ഷിക നിയമം നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാരിനെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഷിക ബില്ലിനെ പ്രതിപക്ഷം ആയുധമാക്കാന്‍ ശ്രമിക്കുന്നതിനെ തുടര്‍ന്നാണ് മോദി ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. സ്വമിത്വ കാര്‍ഡുകളുടെ ഓണ്‍ലൈന്‍ വിതരണോത്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കൊള്ളയടിച്ച ദല്ലാളുമാരുടെ പിന്മുറക്കാരാണ് കാര്‍ഷിക നിയമം നടപ്പാക്കുന്നതിന് എതിര്‍പ്പുമായി രംഗത്ത് എത്തിയിട്ടുള്ളത്. കര്‍ഷകരുടെ മനസ് സര്‍ക്കാരിന്റെ ബില്ലിനൊപ്പമാണ്. അവര്‍ അത് ബോധ്യപ്പെടുത്തിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇതില്‍ നിന്നും ഒരു കാരണവശ്ശാലും കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
ആറ് പതിറ്റാണ്ടുകൊണ്ട് ഗ്രാമങ്ങള്‍ക്കും ഗ്രാമീണര്‍ക്കുമായി സര്‍ക്കാരുകള്‍ ചെയ്ത കാര്യങ്ങളേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കൊണ്ട് ചെയ്യാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. കര്‍ഷകരെയും ഗ്രാമീണരെയും പാവപ്പെട്ടവരെയും സ്വയം പര്യാപ്തരാക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ദല്ലാളുമാരും ഇടനിലക്കാരുമില്ലാതെ കര്‍ഷകര്‍ക്ക് നേരിട്ട് വരുമാനം ലഭ്യമാക്കുക എന്നതാണ് തന്റെ സര്‍ക്കാരിന്റെ നയം. ഇത് സ്വാഭാവികമായും കര്‍ഷകരെ ഊറ്റി വളര്‍ന്ന ദല്ലാളുമാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. അതുകൊണ്ട് അവരും അവരുടെ അനുയായികളും ഇതിനെ എതിര്‍ക്കും. അത്തരം എതിര്‍പ്പുകളെ സര്‍ക്കാര്‍ വകവെക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കര്‍ഷകര്‍ക്ക് അവരുടെ ഉത്പ്പന്നങ്ങള്‍ നേരിട്ട് തന്നെ വിപണി ഉറപ്പാക്കുന്നതിനും പണ ലഭ്യതയും ഉറപ്പ് വരുത്തുന്നതാണ് കാര്‍ഷിക ബില്‍. പ്രതിപക്ഷത്തിന് പാവങ്ങളെക്കുറിച്ചോ ഗ്രാമീണരെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ ചിന്തയില്ല. നല്ല കാര്യങ്ങളെയെല്ലാം അവര്‍ കണ്ണടച്ച് എതിര്‍ക്കുകയാണ്. രാജ്യത്തിന്റെ വികസനത്തെ തടയാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം രാജ്യത്തെ കൊള്ളയടിച്ചവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം പ്രതിപക്ഷം മറക്കരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: