റാന്നി: കാടുമൂടിയ റോഡിൽ എതിരെ വരുന്ന വാഹനത്തെ കാണാത്തതിനെ തുടർന്ന് റാന്നി ഒഴുവൻപാറ – വടശ്ശേരിക്കര റോഡിൽ അപകടം പതിവാകുന്നു. ജണ്ടായിക്കൽ ജങ്ഷനും കരിമ്പിനാകുഴി പള്ളിക്ക് സമീപത്തുമാണ് അപകടം കൂടുതൽ.ഇന്നലെ ഉച്ചയ്‌ക്ക് കാർ നടുറോഡിൽ മറിഞ്ഞു.എതിരെ വരുന്ന വാഹനം ശ്രദ്ധയിൽപ്പെടാത്തതിനെ തുടർന്നാണ് കാർ മറിഞ്ഞത്. ഡ്രൈവർ സഡൻ ബ്രേക്ക് ചെയ്ത് വെട്ടിച്ചപ്പോൾ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.അപകടത്തിൽ ആർക്കും പരിക്കില്ല.
ഒഴുവൻപാറ – വടശ്ശേരിക്കര റോഡ് മൂന്ന് വർഷങ്ങൾക്കു മുൻപാണ് നവീകരിച്ചത്.റോഡിന്റെ വശങ്ങളിൽ റബർ തോട്ടമായതിനാൽ മഴയത്ത് ഇലകളിൽ നിന്നു വീഴുന്ന വെള്ളം കാരണം റോഡ് അധികം നാൾ കഴിയും മുമ്പേ ടാറിങ് ഇളകി കുണ്ടും കുഴിയുമായി.കൂടാതെ ജണ്ടായിക്കൽ പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റിലേക്ക് ദിനം പ്രതി നൂറ് കണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ വരുന്നതു കാരണം റോഡ് എളുപ്പത്തിൽ പൊളിയാൻ കാരണമായെന്ന് നാട്ടുകാർ പറയുന്നു.
മുമ്പ റോഡ് നവീകരിച്ചപ്പോൾ വളവിന് അപകട മുന്നറിയിപ്പുകൾ ഇല്ലാത്തത് കാരണം പുറത്തു നിന്നു വരുന്ന വാഹനയാത്രക്കാർക്ക് റോഡിന്റെ അവസ്ഥ അറിയാത്തതും അപകടങ്ങൾക്ക് കാരണമാകുന്നു. ഒഴുവൻപാറ – വടശ്ശേരിക്കര റോഡിൽ ജണ്ടായിക്കൽ ജങ്ഷൻ മുതൽ കരിമ്പനാകുഴി പള്ളിപ്പടി വരെ അര കിലോമീറ്ററിൽ അധികം റോഡിന്റെ ഒരു വശം വളരെ ആഴമുള്ള കുഴിയാണ്. വളവു കൂടി ഉള്ളതിനാൽ അശ്രദ്ധമായി ഡ്രൈവ് ചെയ്ത് വരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിൽ കൂടുതലും.വടശ്ശേരിക്കരയേയും, റാന്നിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡിൽ ദിവസേന നൂറ് കണക്കിന് വാഹനങ്ങളാണ് ഓടുന്നത്.ഇത്രയും പ്രാധാന്യമുള്ള റോഡ് വശങ്ങളിലെ കാട് തെളിച്ച് റീടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: