തൃശൂര്‍ : ഒരിടവേളക്ക് ശേഷം സിപിഎം ജില്ലയില്‍ വീണ്ടും കൊലക്കത്തി രാഷ്ട്രീയം പരീക്ഷിക്കുകയാണ്. അഴിമതിയിലും നാണക്കേടിലും മുങ്ങിയ പാര്‍ട്ടിക്ക് ജനങ്ങളുടേയും അണികളുടേയും ശ്രദ്ധ തിരിക്കണം. വരാനിരിക്കുന്ന തദ്ദേശ -നിയമസഭ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടാണ് ഈ നീക്കം.
അഴിമതിയും തട്ടിപ്പും മൂലമുണ്ടായ നാണക്കേട് മൂടിവെക്കാന്‍ സംഘര്‍ഷരാഷ്ട്രീയം ഉപയോഗപ്പെടുത്തുക എന്ന തന്ത്രമാണ് സിപിഎം പയറ്റുന്നത്. നേരത്തെ ഇ.പി.ജയരാജന് പാര്‍ട്ടി ജില്ലാസെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന കാലത്ത് സിപിഎം ജില്ലയില്‍ കൊലപാതക രാഷ്ട്രീയംഅഴിച്ചുവിട്ടിരുന്നു. ഗുണ്ടകളേയും ക്രിമിനലുകളേയും കയറൂരി വിട്ടു. ഇപ്പോള്‍ ജയരാജന്റെ വലംകൈയും ജില്ലയിലെ വിശ്വസ്തനുമായ എ.സി.മൊയ്തീനാണ് അക്രമികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വിസില്‍ മുഴങ്ങുന്നതിന് മുന്‍പ് ജില്ലയില്‍ സംഘര്‍ഷം വ്യാപിപ്പിക്കാനാണ് നീക്കം. ഗുരുതരമായ ചേരിപ്പോരാണ് ജില്ലയില്‍ മിക്കയിടത്തും സിപിഎം നേരിടുന്നത്. ഇതില്‍ നിന്ന് അണികളുടെ ശ്രദ്ധ തിരിക്കാനാണ് അക്രമവും കൊലപാതകവും. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് അഴിമതിക്ക് മറുപടി പറയാന്‍ കഴിയാതെ കുഴയുന്ന പ്രാദേശിക നേതാക്കള്‍ക്ക് കവലകള്‍ തോറും പ്രസംഗിക്കാന്‍ വിഷയവുമാവും.
പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് പട്ടാപ്പകല്‍ മുറ്റിച്ചൂരില്‍ യുവാവിനെ വെട്ടിക്കൊന്നത് എന്ന് വ്യക്തമായിട്ടുണ്ട്. പോലീസ് സ്റ്റേഷനില്‍ നിന്ന് മടങ്ങും വഴിയാണ് ആക്രമണമുണ്ടായത്. നിധിന് കാറില്‍ മടങ്ങുന്ന വിവരം വഴിയില്‍ കാത്തുന്നിന്ന അക്രമി സംഘത്തിന് കൃത്യമായി ലഭിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനില്‍ നിന്ന് തന്നെയാണോ അക്രമിസംഘത്തിന് അപ്പപ്പോള്‍ വിവരങ്ങള്‍ ലഭിച്ചിരുന്നത് എന്ന സംശയവുമുണ്ട്.സിപിഎം അനുഭാവിമാരായ പോലീസുകാരുടെ പങ്കും സംശയിക്കുന്നുണ്ട്. പാര്‍ട്ടി നേതൃത്വം പറയാതെ പോലീസുകാര്‍ സഹായിക്കില്ല. സംശയമുള്ള പോലീസുകാരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന ആവശ്യവുമുയര്‍ന്നിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുന്‍പ് തന്നെ നിധിനെ വകവരുത്താന്‍ സിപിഎം ഒരുക്കം തുടങ്ങിയെന്ന് വേണം കരുതാന്‍. ആറ് മാസം മുന്‍പ് നടന്ന ആദര്‍ശ് വധക്കേസില്‍ നിധിനെ പ്രതിയാക്കിയത് ഇതിന്റെ ഭാഗമായിരുന്നുവെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ നിധിന് ആ പ്രദേശത്തുണ്ടായിരുന്നില്ല. എന്നിട്ടും ആ കേസില്‍ മുഖ്യ പ്രതിയാക്കി. കേസന്വേഷിച്ച പോലീസുകാരും സിപിഎം താത്പര്യത്തിന് വഴങ്ങി.
അന്തിക്കാട് നടന്നത് ഒറ്റപ്പെട്ട സംഭവമായി ആരുംകാണുന്നില്ല. ജില്ലയില്‍ പലേടത്തും അക്രമ രാഷ്ട്രീയത്തിന് കോപ്പുകൂട്ടി സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ സജീവമാവുകയാണ്. എതിരാളികളെ കിട്ടാതെ വരുമ്പോള്‍ പരസ്പരം കൊന്നും അവര്‍ കലി തീര്‍ക്കുന്നു.
കുന്നംകുളം ചിറ്റിലങ്ങാട് സംഭവിച്ചത് അതാണ്. പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപ് കുത്തേറ്റ് മരിച്ച സംഭവത്തിലെ മുഖ്യ പ്രതി പിടിയിലായ തറയില്‍ നന്ദന് പതിറ്റാണ്ടുകളായി പ്രദേശത്ത് സിപിഎമ്മിന് വേണ്ടി ആയുധമെടുക്കുന്നയാളാണ്. പിടിയിലായ ആറു പേരില്‍ നാല് പേരും സജീവ സിപിഎം പ്രവര്‍ത്തകരാണ്.
ആ സംഭവത്തെ ബിജെപി – സിപിഎം സംഘര്‍ഷമാക്കിമാറ്റാനാണ് എ.സി.മൊയ്തീനും സിപിഎമ്മും ശ്രമിച്ചത്. കുന്നംകുളം മേഖലയില്‍ സംഘര്‍ഷാവസ്ഥക്ക് വഴിമരുന്നിടുകയായിരുന്നു എ.സി.മൊയ്തീന്. ആര്.എസ്.എസിനും ബിജെപിക്കും എതിരെയുള്ള പ്രസ്താവന ഈ ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ മൊയ്തീന്റെ ചതിക്കുഴിയില്‍ വീഴാതെ ബഹുഭരിപക്ഷം സിപിഎം അണികളും രക്ഷപ്പെട്ടു. ചിറ്റിലങ്ങാട് പ്രദേശത്ത് ബിജെപിയുടെ കൊടികളും പാര്‍ട്ടി ഓഫീസും തകര്‍ക്കപ്പെട്ടുവെങ്കിലും സത്യം തിരിച്ചറിഞ്ഞതോടെ ഏറിയപങ്ക് സിപിഎം പ്രവര്‍ത്തകരും പിന്‍വാങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: