കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂലിന്റെ കൊലപാതക രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ബിജെപി നടത്തിയ പ്രതിഷേധ റാലിക്കിടെ സിഖുകാരന് പോലീസിന്റെ മൃഗീയ മര്‍ദ്ദനം. ബിജെപി നേതാവിന്റെ അംഗരക്ഷകനായ ബല്‍വീന്ദര്‍ സിങ്ങിനാണ് മര്‍ദ്ദനമേറ്റത്. ഇതിനിടെ, ബല്‍വീന്ദറിന്റെ തലപ്പാവ് അഴിഞ്ഞുവീണു. ഇതിനിടെയിലും പോലീസ് മര്‍ദ്ദനം തുടര്‍ന്നു. നിലത്തിട്ട് ചവിട്ടി. അഴിഞ്ഞ തലപ്പാവ് തിരിച്ചുകെട്ടാന്‍ സമ്മതിക്കാതെ സ്റ്റേഷനിലെത്തിച്ചു. അഴിഞ്ഞ തലപ്പാവുമായി ബല്‍വീന്ദറിനെ മര്‍ദ്ദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാണ്.
ക്രിക്കറ്റ് താരം ഹര്ഭജന് സിങ് ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ടാഗ് ചെയ്തു സംഭവത്തില്‍ പ്രതിഷേധം അറിയിച്ചു. ‘ഈ സംഭവങ്ങളിലേക്ക് നോക്കൂ. നടക്കാന്‍ പാടില്ലാത്തതാണിത്’ ഹര്ഭജന് ട്വീറ്റ് ചെയ്തു. ഇതിനു പിന്നാലെ ബിജെപി മമതക്കെതിരെ രംഗത്തെത്തി. ബല്‍വീന്ദറിന്റെ കൈയില്‍ തോക്കുണ്ടായിരുന്നെന്നും തുടര്‍ന്നാണ് പിടിവലിയുണ്ടായതെന്നുമാണ് പോലീസിന്റെ വാദം. എന്നാല്‍, താന്‍ മുതിര്‍ന്ന ബിജെപി നേതാവിന്റെ അംഗരക്ഷകനാണെന്നും തുടര്‍ന്നാണ് തോക്കുകൊണ്ടുവന്നതെന്നും ബല്‍വീന്ദര്‍ പറഞ്ഞു. തലപ്പാവ് അഴിഞ്ഞപ്പോള്‍ തിരിച്ചു കെട്ടാന്‍ സമ്മതിച്ചില്ലെന്നും ബല്‍വീന്ദര്‍ പറഞ്ഞു. തങ്ങളുടെ വിശ്വാസത്തെ ഹനിക്കുന്ന നിലപാടാണ് മമതയുടെ പോലീസ് നടത്തുന്നതെന്ന് സിഖ് നേതാക്കളും വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: