തിരുവനന്തപുരം: ദല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി പിണറായി സര്‍ക്കാര്‍ നിയമിച്ച എ.സമ്പത്ത് അഞ്ചുമാസത്തിനിടെ വീട്ടിലിരുന്നു കൈപ്പറ്റിയത് 3.28 ലക്ഷം രൂപ. ദല്‍ഹി പ്രത്യേക അലവന്‍സ് കൂടി ചേരുന്നതാണ് ഈ തുക. 3.23,480 രൂപയാണ് അഞ്ച് മാസത്തിനിടെ ശമ്പളമായി കൈപ്പറ്റിയതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. സമ്പത്തിനെതിരെ നടപടിയാവശ്യപ്പെട്ട് അഡ്വക്കറ്റ് കോശി ജേക്കബ് നല്കിയ പരാതി ഗവര്‍ണര്‍ സര്‍ക്കാരിന് കൈമാറിയിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതിന് സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല.
കൊവിഡ് ലോക്ഡൗണ്‍ മുതല്‍ പ്രത്യേക പ്രതിനിധി എ. സമ്പത്ത് വീട്ടിലാണ്. ലോക്ഡൗണിനെ തുടര്‍ന്ന് ദല്‍ഹിയുള്‍പ്പെടെ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മലയാളികള്‍ നാട്ടിലെത്താനാകെ കുഴങ്ങിയപ്പോള്‍ സഹായപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക പ്രതിനിധിയില്ലാത്തതു ചര്‍ച്ചയായിരുന്നു. ഏപ്രില്‍ മുതല്‍ ഏത്രദിവസം ദല്‍ഹിയില്‍ ജോലിക്ക് ഹാജരായിരുന്നു, അവധിയില്‍ പ്രവേശിച്ചിട്ടുണ്ടോ എന്നിവ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് കേരള ഹൗസിന്റെ മറുപടി.
ലോക്ഡൗണിന്റെ ഭാഗമായി വിമാന, റെയില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെ നാട്ടില്‍ കുടുങ്ങിപ്പോയതാണെന്നായിരുന്ന് അന്ന് നല്കിയ വിശദീകരണം. എന്നാല്‍ ആഭ്യന്തര വിമാന സര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും ഭാഗികമായി പുന:സ്ഥാപിക്കപ്പെട്ടിട്ട് മാസങ്ങളായിട്ടും സമ്പത്തിന്റെ വീട്ടിലെ സുഖവാസം തുടരുകയാണ്. ദല്‍ഹിയില്‍ പോകാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ടായിട്ടും പ്രത്യേക പ്രതിനിധി വീട്ടിലിരുന്നു ശമ്പളം വാങ്ങുന്നുവെന്നാണ് വിവരാവകാശ രേഖകള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: