ന്യൂദല്‍ഹി: ദല്‍ഹിയിലെ ജനജീവിതം സ്തംഭിപ്പിച്ചു കൊണ്ട് ഷഹീന്‍ബാഗില്‍ നടത്തിയ സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. റോഡുകളും പൊതുസ്ഥലങ്ങളും കൈയേറി പൗരന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടുള്ള അനിശ്ചിതകാല സമരങ്ങള്‍ പാടില്ലെന്നും കോടതി വിധിച്ചു.
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞു കൊണ്ടുള്ള അനിശ്ചിതകാല സമരങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ പോലീസും സര്‍ക്കാരും സ്വീകരിക്കണം. ഇതിനായി കോടതി ഉത്തരവുകള്‍ക്ക് കാത്തിരിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് സഞ്ജയ് കിഷന് കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെയാണ് വിധി.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ പൊതു നിരത്ത് കൈയേറി നടത്തിയ സമരങ്ങള്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. ഇത്തരം സമരങ്ങള്‍ക്കെതിരെ യാതൊരു കാലതാമസവും കൂടാതെ നടപടി എടുക്കണം.
ജനാധിപത്യത്തില്‍ പ്രതിഷേധ സമരങ്ങള്‍ അനിവാര്യമാണെന്ന് നിരീക്ഷിച്ച കോടതി, എന്നാല്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കൊളോണിയല്‍ ഭരണകൂടത്തിനെതിരായി നടന്നതിന് സമാനമായ സമരങ്ങള്‍ക്ക് ഇന്ന് പ്രസക്തിയില്ല. സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കുള്ള അവകാശം എല്ലാ പൗരന്മാര്ക്കും ഭരണഘടന നല്‍കുന്നുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.
ഷഹീന്‍ബാഗിലെ സമരവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങള്‍ വഴി സമൂഹത്തില്‍ ധ്രുവീകരണം സംഭവിച്ചു. വെറുമൊരു പ്രതിഷേധമായി ആരംഭിച്ച ഷഹീന്‍ബാഗിലെ സമരം സാമൂഹ്യ മാധ്യമങ്ങള്‍ വഴി വലുതായതോടെ പൗരന്റെ സഞ്ചാര സ്വാതന്ത്ര്യം അനിശ്ചിത കാലത്തേക്ക് തടസ്സപ്പെടുന്ന അവസ്ഥയുണ്ടായി.
സമാന്തര സംവാദ വേദിയായി ഉയര്‍ന്നു വന്ന സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും ക്രിയാത്മകമായ ഫലം ലഭിക്കുന്നില്ല. അനിശ്ചിത കാലത്തേക്ക് ഷഹീന് ബാഗില്‍ സമരം നടത്തിയിട്ടും സമരക്കാര്‍ക്ക് ഒരു ഫലവും നേടാനായില്ല. കൊവിഡ് പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിക്കേണ്ടി വന്നതായും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: